വടകര: മൂരാടുപാലം അനുബന്ധ റോഡിലെ വിള്ളലിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡ് കുഴിച്ച് പുനർനിർമാണം ആരംഭിച്ചു. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ട് വർഷം തികയുന്നതിനിടയിലാണ് ഇത്തരമൊരു നടപടി. കോഴിക്കോട് ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുന്ന മൂന്നുവരി പാതയിലെ ഒരു ഭാഗമാണ് ഏകദേശം 15 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ ആഴത്തിലും കുഴിച്ച് മണ്ണുനീക്കം ചെയ്യുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് ഇപ്പോൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
2024 മാർച്ചിൽ പാലം തുറന്നുകൊടുത്തതിന് പിന്നാലെ വന്ന ആദ്യ മഴയിൽത്തന്നെ റോഡിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും മണ്ണ് താഴുകയും ചെയ്തിരുന്നു. തുടർന്ന് പലതവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും 2025 മേയ് മാസത്തിൽ റോഡും നടപ്പാതയും ഉൾപ്പെടെ വീണ്ടും തകരുകയായിരുന്നു. ഏറെക്കാലമായി പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിട്ടിരുന്ന ഈ ഭാഗത്ത് വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ മണ്ണ് പൂർണ്ണമായും നീക്കം ചെയ്ത് ശാസ്ത്രീയമായി ഉറപ്പിക്കാനുള്ള നടപടികൾ തുടങ്ങിയത്. നിലവിൽ കുഴിയെടുത്ത ഭാഗത്ത് പുതിയ മണ്ണ് നിറച്ച് റോൾ ചെയ്ത് ഉറപ്പിച്ച ശേഷം ജി.എസ്.ബി ഇട്ട് ടാർ ചെയ്യാനാണ് പദ്ധതി.
പാലത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിൽ അനുബന്ധ റോഡിന്റെ കാര്യത്തിൽ മതിയായ ശ്രദ്ധ നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്. ഇരുവശത്തും കോൺക്രീറ്റ് ഭിത്തി നിർമിച്ച് മണ്ണ് നിറച്ചപ്പോൾ അത് വേണ്ടവിധം അമർത്തി ഉറപ്പിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമായതെന്ന് പറയപ്പെടുന്നു. എൻ.എച്ച്.എ.ഐയുടെ നിർദേശപ്രകാരം ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ് ഇപ്പോൾ പുനർനിർമാണ പ്രവൃത്തികൾ നടത്തുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







