കോഴിക്കോട് നഗരത്തിൽ വയോധികരെ ലക്ഷ്യംവെച്ച് മാല കവർച്ച നടത്തിവന്ന പ്രതിയെ പോലീസ് പിടികൂടി. അരീക്കാട് ഉള്ളിശ്ശേരികുന്ന് സ്വദേശി നിവാസ് അലി (36) ആണ് മെഡിക്കൽ കോളേജ് പോലീസിന്റെയും സിറ്റി ക്രൈം സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിൽ വലയിലായത്. മോഷ്ടിച്ച വാഹനങ്ങളിലെത്തി മാല പൊട്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. ലഹരിമരുന്നിനും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താനാണ് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 22-ന് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ബിന്ദു എന്ന സ്ത്രീയുടെ രണ്ടേകാൽ പവൻ മാല സ്കൂട്ടറിലെത്തിയ പ്രതി കവർന്നിരുന്നു. ഈ കേസിൽ അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, പ്രതി ഉപയോഗിച്ച വാഹനം അശ്വിനി ലാബിന്റെ പാർക്കിങ്ങിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് ജയിൽ മോചിതരായ സമാന കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച പന്നിയങ്കര സ്വദേശിയായ 75 വയസ്സുകാരിയുടെ മാലയും ഇയാൾ കവർന്നിരുന്നു. രണ്ട് കവർച്ചകൾക്കും പിന്നിൽ ഒരാൾ തന്നെയാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ നിവാസ് അലിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നു. പ്രതിയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും പുതിയ ഐഫോണും പോലീസ് കണ്ടെടുത്തു. പന്നിയങ്കര, കസബ സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാൾ വീണ്ടും കവർച്ച നടത്തിയത്. കൂടാതെ നല്ലളം സ്റ്റേഷൻ പരിധിയിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ്, മെഡിക്കൽ കോളേജ് എസിപി കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







