കോഴിക്കോട്: സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ സ്മരണ പുതുക്കി കോഴിക്കോട് ടൗൺഹാളിൽ 'രവീന്ദ്രജാലം സീസൺ 3' സംഗീത പരിപാടിയും 'ആർക്കും പാടാം' ഗാനാലാപന സദസും സംഘടിപ്പിച്ചു. വരദം മീഡിയയുടെ നേതൃത്വത്തിൽ നടന്ന ഒരു ദിവസം നീണ്ടുനിന്ന പരിപാടിയിൽ നൂറോളം പേരാണ് സംഗീത മത്സരങ്ങളിൽ പങ്കെടുത്തത്. വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ ഉണ്ണി വരദം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിവിധ പ്രായക്കാർക്കായി നടത്തിയ മത്സരത്തിൽ അഭിരാമി ശ്രീകൃഷ്ണപുരം (10-17 വയസ് വിഭാഗം), പ്രസീല സനൽകുമാർ (18-29 വയസ് വിഭാഗം), രോഹിണി വാര്യർ (30 വയസിന് മുകളിൽ) എന്നിവർ ഒന്നാം സ്ഥാനങ്ങൾ നേടി. ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ ഭവ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രൻ ഓൺലൈനിലൂടെ അനുസ്മരണ സന്ദേശം കൈമാറി. വിസ്മയയുടെ നേതൃത്വത്തിലുള്ള കലാർപ്പണ ടീം അവതരിപ്പിച്ച നൃത്തശില്പവും, ജിഷ ഉമേഷും കുഞ്ഞികൃഷ്ണൻ കമ്പല്ലൂരും നയിച്ച രവീന്ദ്ര സംഗീത നിശയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
വിമർശനങ്ങളെ ഭയപ്പെടാതെ ആർക്കും പാടാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 13 വർഷം മുൻപ് മലമ്പുഴയിൽ തുടക്കം കുറിച്ചതാണ് 'ആർക്കും പാടാം' കൂട്ടായ്മ. കഴിവുണ്ടായിട്ടും അവസരങ്ങൾ ലഭിക്കാത്തവർക്കായി സംഘടിപ്പിക്കുന്ന ഈ സംഗീതയാത്ര ഇപ്പോൾ കേരളത്തിലുടനീളം വ്യാപിച്ചിരിക്കുകയാണ്. കേവലം സംഗീത പരിപാടികൾക്ക് പുറമെ സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന പ്രവർത്തനങ്ങളും സംഗീത സാന്ത്വന പരിചരണവും ഈ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
ചടങ്ങിൽ നടൻ ഹരീഷ് കുമാർ, സുധ കാവങ്ങാട്ട്, രശ്മി കാര്യാൽ, ജയേഷ് മുതുകുറുശ്ശി, സച്ചി ടി.എം., ഷാമിനി, മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









