കുംഭസൂര്യൻ ജ്വലിപ്പിച്ചു, ഒരുമയുടെ ‘കേരളാ സ്‌റ്റോറി’

കുംഭസൂര്യൻ ജ്വലിപ്പിച്ചു, ഒരുമയുടെ ‘കേരളാ സ്‌റ്റോറി’
കുംഭസൂര്യൻ ജ്വലിപ്പിച്ചു, ഒരുമയുടെ ‘കേരളാ സ്‌റ്റോറി’
Share  
2026 Mar 04, 08:51 AM

പൊങ്കാല അടുപ്പുകൾ നിറഞ്ഞ് പള്ളിമുറ്റങ്ങൾ


തിരുവനന്തപുരം: പെൺമുഖങ്ങളിലെ വിയർപ്പുതുള്ളികളെ വൈഡൂര്യമാക്കി തിളക്കി, കുംഭസൂര്യനും അതിരില്ലാ സൗഹാർദവും ചേർന്ന്... നഗരം മുഴുവൻ ആത്മീയതയുടെ ഒരൊറ്റ അമ്പലപ്പറമ്പായി മാറിയ പകലിൽ യഥാർഥ 'കേരളാ സ്റ്റോറി' പ്രസാദം വിളമ്പി. കവാടങ്ങൾ തുറന്നിട്ട് പള്ളിമുറ്റങ്ങൾ ഭക്തരെ വരവേറ്റപ്പോൾ ആറ്റുകാൽ പൊങ്കാല ഒരുമയുടെ 'തോറ്റംപാടി' ഖ്യാതി കൂട്ടി.


പൊങ്കാലയിടാനെത്തുന്നവരുടെ സൗകര്യത്തിനായി പാളയം സെയ്ന്റ് ജോസഫ് കത്തീഡ്രലും സി.എസ്.ഐ. ക്രൈസ്റ്റ് പള്ളിയും ആരാധനാ സമയങ്ങളിൽ മാറ്റം വരുത്തിയപ്പോൾ പാളയം ജുമാമസ്‌ജിദ് ഭക്തർക്ക് വിശ്രമിക്കാൻ ഇടമൊരുക്കി. പൊങ്കാലത്തലേന്നുതന്നെ നഗരത്തിലെത്തിയ ഭക്തരെ പള്ളിക്കമ്മിറ്റികൾ വരവേറ്റു. സെയ്‌ൻ്റ് ജോസഫ് കത്തീഡ്രൽ മുറ്റത്ത് ഒരുദിവസം മുൻപേ അടുപ്പുകളും മൺകലങ്ങളും ധ്യാനത്തിലെന്നപോലെ നിരന്നിരുന്നു. ചൊവ്വാഴ്‌ച പൊങ്കാല അടുപ്പുകൾ എരിഞ്ഞുതുടങ്ങിയപ്പോൾ പള്ളിക്കമ്മിറ്റി കുടിവെള്ളവും ലഘുഭക്ഷണവുമായി പങ്കുചേർന്നു.. രണ്ടായിരത്തിലധികം ലിറ്റർ സംഭാരമാണ് കത്തീഡ്രലിലും പരിസരത്തുമായി ഭക്തർക്ക് നൽകിയത്.


ചുറ്റും പൊങ്കാല അടുപ്പുകൾ ജ്വലിച്ചുനിന്ന പാളയം ജുമാമസ്‌ജിദ്, കവാടങ്ങൾ മലർക്കേ തുറന്നിട്ട് ഭക്തർക്ക് വിശ്രമിക്കാൻ ഇടമൊരുക്കി. നോമ്പ് ദിനത്തിലും പാളയം ജമാഅത്ത് കമ്മിറ്റിയംഗങ്ങൾ സജീവമായിരുന്നു ഇവിടെ കമ്മ്യൂണിറ്റി ഹാളിലും പരിസരത്തുമാണ് പൊങ്കാലയിടാനെത്തിയവർക്ക് സൗകര്യങ്ങളൊരുക്കിയത്. കൂടാതെ പള്ളിവളപ്പിലൊരുക്കിയ പ്രത്യേക പന്തലിൽ കാർപ്പെറ്റ് വിരിച്ച് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും മേശകളും കസേരകളും നിറച്ചു. കുംഭച്ചൂടിൽ ആശ്വാസമേകാൻ ഫാനുകളും സ്ഥാപിച്ചിരുന്നു.


"ആറ്റുകാൽ ഭക്തർ നഗരത്തിൻ്റെ അതിഥികളാണ്. അവർക്ക് സൗകര്യമൊരുക്കേണ്ടത് നമ്മുടെ കടമയാണ്. ലോകത്തെ ഭീതിയിലാക്കിയ പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ച് സമാധാനം പിറക്കട്ടേയെന്നാണ് പ്രാർഥന"-പാളയം ഇമാം വി.പി.സുഹൈബ് മൗലവി പറഞ്ഞു. പള്ളിമുറ്റത്തുണ്ടായിരുന്ന ഭക്തരും ഇമാമുമായി ഇതേ പ്രാർഥന പങ്കുവെച്ചു. "കേരളത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കാൻ പലയിടത്തും ശ്രമം നടക്കുന്നു. എന്നാൽ കേരളം അങ്ങനെയല്ല. കേരളം എന്നും ഒരുമയുടെ നാടാണ്. അടുപ്പിലെ പൊങ്കാലയ്ക്കെ‌ാപ്പം അദ്ദേഹത്തിന്റെ വാക്കുകളിൽ കേരളം എന്ന ഒറ്റ വികാരം തിളച്ചു.


"അവരവരുടെ വിശ്വാസങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ ഒരു പൊതു ആധ്യാത്മിക തേജസ്സിൽ പങ്കുചേരുന്ന മഹോത്സവമാണിത്"- സെയ്ൻ്റ് ജോസഫ് വികാരി മോൺ. ഇ. വിൽഫ്രെഡ് പറഞ്ഞു. "ഉത്തുംഗങ്ങളായ ആരാധനാലയങ്ങൾക്കകത്തല്ല പൊങ്കാലയർപ്പിക്കുന്നത് എന്നതാണ് ഈ ഉത്സവത്തിൻ്റെ പ്രത്യേകത. മനുഷ്യർ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയോരങ്ങളിൽ പൊങ്കാല അർപ്പിക്കുമ്പോൾ അത് മനുഷ്യന്റെ തേജസ്സിനെ ഉന്നതിയിലേക്കുയർത്തുകയാണ്. ഒത്തുചേരലിന്റെ ഉത്സവമാണിത്"- വികാരി പറഞ്ഞു. തലസ്ഥാനത്തെ ഹൈന്ദവ, മുസ്ലിം, ക്രൈസ്‌തവ പ്രസ്ഥാനങ്ങൾ ഒന്നിച്ച് പലയിടങ്ങളിലായി ഭക്തർക്ക് കുടിവെള്ളവും ഭക്ഷണവും മെഡിക്കൽ സഹായവും ഒരുക്കിയിരുന്നു.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles