നെടുങ്കണ്ടം: ദ്രോണാചാര്യ കെ.പി. തോമസിൻ്റെ പേരിലുള്ള പച്ചടിയിലെ ജില്ലാ ഇൻഡോർ സ്റ്റേഡിയം ചൊവ്വാഴ്‌ച മന്ത്രി വി. അബ്ദുൽ റഹ്‌മാൻ നാടിന് സമർപ്പിക്കും. 10.30-ന് നടക്കുന്ന ചടങ്ങിൽ എം.എം. മണി എം.എൽ.എ. അധ്യക്ഷനാകും.
40 കോടി രൂപ മുതൽമുടക്കിലാണ് ഇൻഡോർ സ്റ്റേഡിയം ഒരുക്കിയത്. 2022 ഓഗസ്റ്റിൽ പൂർത്തിയാകേണ്ടതായിരുന്നു പദ്ധതി. പല കാരണങ്ങൾകൊണ്ട് പദ്ധതി നീണ്ടുപോയി. ഇക്കാര്യം മാതൃഭൂമി പലപ്രാവശ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ മേപ്പിൾ വുഡ് ഫ്ളോറിങ് ഒഴികെയുള്ള 90 ശതമാനം പണിയും പൂർത്തിയായിട്ടുണ്ട്.
എം.എം. മണി മന്ത്രിയായിരിക്കുന്ന കാലത്ത് അന്നത്തെ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് സ്റ്റേഡിയം അനുവദിച്ചത്. 2019-ൽ സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചു. പച്ചടി കുരിശുപാറയിലെ അഞ്ച് ഏക്കർ ഭൂമിയാണ് ജില്ല മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിനായി തിരഞ്ഞെടുത്തത്. വിവാദങ്ങൾക്കും രാഷ്ട്രീയപോർവിളിക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിലാണ് പച്ചടിയിൽ സ്ഥലം കണ്ടെത്തിയത്. നെടുങ്കണ്ടം പഞ്ചായത്തിന് കീഴിലുള്ള നെടുങ്കണ്ടം-അങ്കമാലി സംസ്ഥാനപാതയ്ക്ക് സമീപമുള്ളതും വൈദ്യുതി സൗകര്യവും ജലലഭ്യതയും നിരപ്പുള്ളതുമായ സ്ഥലമായതിനാൽ കുരിശുപാറയിൽ സ്ഥലം തിരഞ്ഞെടുത്തത്. ഭാവിയിൽ കൂടുതൽ സ്ഥലം ആവശ്യമായിവന്നാൽ സമീപത്ത് സ്ഥലം ലഭിക്കാനുള്ളതും കാരണമായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല.
രണ്ടാംഘട്ടത്തിൽ കൂടുതൽ സൗകര്യം
: കായിക വിദ്യാർഥികൾക്ക് താമസിച്ച് പരിശീലനം നടത്തുന്നതിനും സമീപ പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നടത്തുന്നതിനും സംവിധാനം സ്റ്റേഡിയത്തിൽ ഒരുക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ സംസ്ഥാനതല മത്സരങ്ങൾ നടത്താനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. ശീതീകരിച്ച കോർട്ടുകൾ, ആധുനികസൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലായിരുന്നു നിർമാണം. വോളീബോൾ, ബാസ്കറ്റ്ബോൾ, ബാഡ്‌മിൻ്റൺ കോർട്ട്, സെവൻസ് ഫുട്‌ബോൾ കോർട്ട്, കരാട്ടെ എന്നിവയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി. ശീതീകരിച്ച ഇൻഡോർ കോർട്ടുകൾ, പരിശീലനകേന്ദ്രം, ജിം കോംപ്ലക്‌സ്, ഓഫീസ് മുറികൾ, ശൗചാലയം, 4000 കാണികളെ ഉൾക്കൊള്ളുന്ന ഗാലറി എന്നിവയും വിഭാവനം ചെയ്‌തിട്ടുണ്ട്. നൂറിലേറെ ചെറുവാഹനങ്ങൾക്ക് അണ്ടർഗ്രൗണ്ടിൽ നിർത്തിയിടാൻ സാധിക്കും. വലിയ വാഹനങ്ങൾക്ക് പുറത്ത് പാർക്കിങ് സൗകര്യമൊരുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








