വർക്കല : സംസ്ഥാന സർക്കാരിൻറെ പശ്ചിമതീര കനാൽപദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാംഘട്ടം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചിലക്കൂർ വിനോദസഞ്ചാരപദ്ധതിയുടെയും ഉൾനാടൻ ജലഗതാഗതവകുപ്പ് പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ചിലക്കൂർ ബീച്ച് പാർക്കിൽ നടക്കുന്ന ചടങ്ങിൽ വി.ജോയി എം.എൽ.എ. അധ്യക്ഷനാകും. മന്ത്രി കെ.കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയാകും. ആക്കുളംമുതൽ തൃശ്ശൂരിലെ ചേറ്റുവവരെയുള്ള 280 കിലോമീറ്റർ കനാൽപ്പാതയാണ് തുറക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെയും കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെയും(സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ്(ക്വിൽ) ആണ് പശ്ചിമതീര കനാൽ നവീകരണപദ്ധതി നടപ്പാക്കുന്നത്. പുഴകൾ, കായലുകൾ, കനാലുകൾ എന്നിവയെ ഏകോപിപ്പിച്ച് 11 ജില്ലകളെ ബന്ധിപ്പിച്ച് ആധുനിക ജലപാതയായാണ് വികസിപ്പിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിലാണ് ആക്കുളംമുതൽ ചേറ്റുവവരെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. ജലപാതയിലെ വലിയ കടമ്പയായിരുന്ന 340 മീറ്റർ നീളമുള്ള ചിലക്കൂർ തുരപ്പിൻ്റെ നവീകരണവും പൂർത്തിയാക്കി, ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി ദൃശ്യ-ശ്രവ്യ പ്രദർശനം ഉൾക്കൊള്ളിച്ചുള്ള ഇലക്ട്രിക് ബോട്ടും പുറത്തിറക്കും. കേരള ചരിത്രത്തിന്റെ ത്രീഡി വീഡിയോയും ശ്രീനാരായണഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ആറ് മിനിറ്റ് ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ചിലക്കൂർ തുരപ്പിനുള്ളിൽ ആസ്വദിക്കാനാകും. ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ട്രയൽ പുരോഗമിക്കുന്നു.
ചിലക്കൂരിൽ ബോട്ടുജെട്ടിയും ബീച്ച് പാർക്കും ക്വിൽ നിർമിച്ചിട്ടുണ്ട്. ചിലക്കൂർ ടൂറിസം പദ്ധതി, സോളാർ ബോട്ട് എന്നിവയുടെ നടത്തിപ്പുചുമതല സംബന്ധിച്ച ധാരണാപത്രം ക്വിൽ ഡയറക്‌ടർ എസ്.സുഹാസും കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്‌ടർ ഹർഷിൽ ആർ.മീണയും ഉദ്ഘാടനച്ചടങ്ങിൽ കൈമാറും.
പാർവതിപുത്തനാർ എന്ന ജലപാത
: തിരുവിതാംകൂർ രാജഭരണകാലത്ത് ചരക്കുനീക്കത്തിനും ഗതാഗതത്തിനുമായിട്ടാണ് ജലപാത നിർമിച്ചത്. തിരുവനന്തപുരത്തെ വള്ളക്കടവുമുതൽ വർക്കലക്കുന്നുവരെ പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്കു തോടുകൾവെട്ടി ബന്ധപ്പെടുത്തി 1824-ലാണ് പാർവതീപുത്തനാർ എന്ന ജലപാത നിർമിച്ചത്. തിരുവിതാംകൂറിലെ അന്നത്തെ റീജൻ്റായിരുന്ന ഗൗരി പാർവതിഭായിയുടെ പേരും പുതിയതായി നിർമിച്ചതുകൊണ്ട് പുത്തനാർ എന്നും ചേർത്താണ് പാർവതീപുത്തനാർ എന്നുവിളിച്ചത്. വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലപാതയുടെ നിർമാണം ആരംഭിച്ചത്.
ജലപാതയുടെ തുടർനിർമാണത്തിൽ വർക്കലക്കുന്ന് കടക്കുകയെന്നത് വലിയ കടമ്പയായിരുന്നു. തിരുവനന്തപുരത്തുനിന്നു വള്ളങ്ങളിൽ വർക്കലക്കുന്നുവരെ വരുന്നവർ ശേഷം കാൽനടയായും മറ്റുമാണ് ആലപ്പുഴ ഭാഗത്തേക്കു പോയിരുന്നത്. ഇതു പരിഹരിക്കാനായി തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമയുടെ കാലത്ത് 1876-ൽ ശിവഗിരിയിലും ചിലക്കൂരിലും രണ്ട് തുരങ്കങ്ങൾ നിർമിച്ചു. ഇതാണ് വർക്കല തുരപ്പ് എന്നറിയപ്പെടുന്നത്. 722 മീറ്ററാണ് ശിവഗിരി തുരപ്പിൻ്റെ നീളം. ചിലക്കൂർ തുരപ്പിന്റേത് 340 മീറ്ററും.
വർക്കല തുരപ്പിൻ്റെ നിർമാണശേഷം ജലപാതയിലൂടെയുള്ള ഗതാഗതവും ചരക്കുനീക്കവും സുഗമമായി നടന്നു. പിന്നീട് റോഡ്, തീവണ്ടിമാർഗമുള്ള ഗതാഗതത്തിനു പ്രാധാന്യം വന്നതോടെ ജലപാതയുടെ ഉപയോഗം കുറയുകയും വർക്കല തുരപ്പടക്കമുള്ള ഇടങ്ങൾ യാത്രായോഗ്യമല്ലാതാകുകയും ചെയ്തു. 1960 വരെ തുരപ്പ് ഉപയോഗത്തിലിരുന്നു. പിന്നീട് വെള്ളവും ചെളിയും കാട്ടുചെടികളും നിറഞ്ഞ് ഉപയോഗശൂന്യമായി. 2006-07 കാലത്ത് തുരപ്പ് ശുചീകരിച്ച് ജലനിരപ്പ് ക്രമീകരിച്ച് ചെറിയ വള്ളങ്ങൾക്കു കടന്നുപോകാൻ പാകത്തിൽ താത്കാലികമായി ഒരുക്കി. സർക്കാർതലത്തിൽ കനാൽ നവീകരണ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്ന വേളയായിരുന്നു അത്.
പദ്ധതിയുടെ ആലോചനാവേളയിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ശിവഗിരി തുരപ്പുവഴി ബോട്ടിൽ സഞ്ചരിച്ചു. തുടർന്ന് ഇതു നവീകരിച്ച് ഗതാഗതയോഗ്യമാക്കാമെന്ന ആശയം പർച്ചയിൽ വന്നു. 2018-ൽ സംസ്ഥാന സർക്കാർ പശ്ചിമതീര കനാൽ പദ്ധതി ആരംഭിക്കുകയും തകർന്ന കനാലുകൾ നവീകരിക്കുകയും ചെയ്തു.
2021-22-ൽ കോവളംമുതൽ ബേക്കൽവരെയുള്ള കനാലിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്കു രൂപംനൽകി. പുനർഗേഹം പദ്ധതിപ്രകാരം ഭൂമി ഏറ്റെടുക്കൽ, കനാൽ നവീകരണം, പുനരുദ്ധാരണം എന്നിവയ്ക്കായി കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








