വടകര പൊലീസ് കസ്റ്റഡിയിലിരിക്കെ കല്ലേരി സ്വദേശി സജീവൻ മരിച്ച സംഭവത്തിൽ പൊലീസുകാരുടെ പങ്കു വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എസ്.ഐ എം. നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് വടകര സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് നൽകിയത്. സജീവന് സ്റ്റേഷനിൽ വെച്ച് മർദനമേറ്റതായും തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്റ്റേഷനിലെ മറ്റു പൊലീസുകാർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.
2022 ജൂലൈ 21-ന് രാത്രി വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സജീവനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയെന്നാരോപിച്ച് സ്റ്റേഷനിലെത്തിച്ച സജീവനെ മദ്യപിച്ചെന്ന പേരിൽ മർദിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. സജീവന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് പരിശോധിച്ച ഡോക്ടറും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സ്ഥിരീകരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും മർദനം ഇതിന് ആക്കം കൂട്ടിയെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് നടപടി.
സംഭവത്തിന് പിന്നാലെ എസ്.ഐ ഉൾപ്പെടെയുള്ളവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വടകര സ്റ്റേഷനിലെ 60 പൊലീസുകാരെയും നേരത്തെ സ്ഥലം മാറ്റിയിരുന്നു. നിലവിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രം കേസിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








