കല്പറ്റ: അപകടാവസ്ഥ ഉയർത്തുന്ന പഴയ കെട്ടിടങ്ങൾ എല്ലാ നഗരങ്ങളിലും ഭീഷണിയാണ്. കോഴിക്കോടുണ്ടായ അപകടം ഓർമ്മപ്പെടുത്തലാണ്. വയനാട്ടിൽ അപകടസാധ്യതകളുയർത്തുന്ന കെട്ടിടങ്ങളില്ലെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. ജില്ലയിലുള്ളതിൽ കൂടുതലും ലോ റൈസ് കെട്ടിടങ്ങളാണ്. ഹൈറൈസ് കെട്ടിടങ്ങളാണ് അപകടഭീഷണി കൂടുതൽ ഉയർത്തുകയെന്നും അധികൃതർ പറഞ്ഞു.
നമ്മുടെ പരിസരത്തും പഴക്കമേറെയുള്ള കെട്ടിടങ്ങൾ തലയുയർത്തിനിൽക്കുന്നുണ്ട്. 2024 ഓഗസ്റ്റിലാണ് കനത്തമഴയെത്തുടർന്ന് കല്പറ്റ നഗരമധ്യത്തിൽ ആനപ്പാലം ജങ്ഷന് സമീപം പഴക്കംചെന്ന കെട്ടിടം ദേശീയപാതയിലേക്ക് തകർന്നുവീണത്. കല്പറ്റ പോലീസ് സ്റ്റേഷനുസമീപത്തെ പഴയ ജനറൽ ആശുപത്രി പ്രവർത്തനം കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലമാണ് പുതിയ കെട്ടിടം നിർമിച്ച് കല്പറ്റ കൈനാട്ടിയിലേക്ക് മാറ്റിയത്. ഇത് നടന്നത് 2019-ലാണ്. പഴയ ജനറൽ ആശുപത്രിസമുച്ചയത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ ഇപ്പോഴുമുണ്ട്. ഇന്റഗ്രേറ്റഡ് ഡിസീസ് സർവയലൻസ് പ്രോഗ്രാം, അർബൻ ഹെൽത്ത് സെന്റർ, വാക്‌സിൻ സ്റ്റോർ എന്നിവയുടെ പ്രവർത്തനം ഇപ്പോഴും ഇവിടെയാണ്. ക്ഷമതയുള്ള കെട്ടിടഭാഗങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മുൻപ് സഖി വൺസ്റ്റോപ്പ് സെൻ്റർ ഉൾപ്പെടെ ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന് ബലമില്ലെന്ന കാരണത്താൽ ഇവയുടെ പ്രവർത്തനം പിന്നീട് മാറ്റുകയായിരുന്നു.
കല്പറ്റ സിവിൽ സ്റ്റേഷനിലെ ഇലക്‌ഷൻ ഓഫീസ് പ്രവർത്തനവും പഴയ കെട്ടിടത്തിലാണ്. 1997-ലാണ് കെട്ടിടം നിർമിച്ചത്. മുൻഭാഗത്തെ ഷീറ്റുകൾ പൊട്ടിയനിലയിലാണ്. ജനലുകളും വാതിലുകളും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. തിരഞ്ഞെടുപ്പുകാലത്ത് 20 പേരോളം ജോലിചെയ്യുന്ന കെട്ടിടമാണ് ഇത്.
2018 മുതൽ വൈത്തിരി പോലീസ് സ്റ്റേഷന് ശാപമോക്ഷം കിട്ടാതെ കിടക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടത്തിലാണ് 2018 വരെ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചത്.
2018-ൽ കെട്ടിടം ഉരുൾപൊട്ടലിൽ തകർന്നു. 2019-ൽ പുതിയ സ്റ്റേഷൻ നിർമാണംതുടങ്ങിയെങ്കിലും കോവിഡ് മൂലം പ്രവർത്തനം മന്ദഗതിയിലായി. 2025-ൽ വൈത്തിരി പോലീസ് സ്റ്റേഷൻ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറിയിരുന്നു.
മാനന്തവാടി നഗരത്തിലെ മിക്ക കെട്ടിടങ്ങളും കാലപ്പഴക്കംചെന്നവയാണ്. കാണുമ്പോൾ പുതിയതുപോലെ തോന്നിക്കുമെങ്കിലും അറ്റകുറ്റപ്പണികളുടെ ബലത്തിലാണ് ഇവ നിലനിൽക്കുന്നത്.
ദുരന്തം ആവർത്തിക്കരുത് -ആം ആദ്‌മി പാർട്ടി
മാനന്തവാടി കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നുവീണ് ആളുകൾ മരിക്കാൻ ഇടയായ സംഭവം അങ്ങേയറ്റം സങ്കടകരമാണെന്ന് ആം ആദ്‌മി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. അധികൃതരുടെ അനാസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്, മാനന്തവാടി ടൗണിലും പഴകിദ്രവിച്ച കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണം. പ്രസിഡൻ്റ് മനോജ് കുമാർ, അജി കൊളോണിയ, മനു മത്തായി, പി.എ. ജെയിംസ്, ഇ.ജെ. ബേബി, മുജീബ് റഹ്മാൻ, ബേബി മാത്യു ടി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








