ഭിന്നശേഷികുട്ടികൾക്ക് മടിക്കൈയിൽ നിർമിക്കുന്ന പുനരധിവാസ പഠന-ഗവേഷണ കേന്ദ്രം
കാഞ്ഞങ്ങാട്: ഭിന്നശേഷികുട്ടികൾക്കായി മടിക്കൈ അടുക്കത്തുപറമ്പിൽ ലോകനിലവാരത്തിൽ നിർമിക്കുന്ന പുനരധിവാസ പഠന-ഗവേഷണ കേന്ദ്രത്തിന്റെ പണി പുരോഗമിക്കുന്നു. ആദ്യഘട്ട പ്രവൃത്തി മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി ജൂണിൽ ഉദ്ഘാടനം ചെയ്യുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഗോപിനാഥ് മുതുകാട് പറഞ്ഞു.
പൂർണമായും നിർമാണം പൂർത്തിയാകുക 2029-ലാകും. ആകെ ചെലവ് പ്രതീക്ഷിക്കുന്നത് 120 കോടി രൂപയാണ്. ആദ്യഘട്ട നിർമാണത്തിന് മാത്രം 36 കോടി രൂപയാകും. മുതുകാട് എക്സിക്യൂട്ടീവ് ഡയറക്‌ടറായ തിരുവനന്തപുരം ഡിഫറന്റ് ആർട് സെൻ്ററാണ് ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്' എന്ന പേരിൽ ബൃഹത്തായ സംരംഭമൊരുക്കുന്നത്. ഊരാളുങ്കാൽ സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
അടുക്കത്തുപറമ്പിൽ 22 ഏക്കറിലാണ് സമുച്ചയമൊരുങ്ങുന്നത്. സമുച്ചയത്തിൽ കലാപരിശീലന ഭാഗത്തോട് ചേർന്നുള്ളിടത്ത് ബേക്കൽ കോട്ടയുടെ രൂപമാതൃകയിലുള്ള നിർമിതിയുമുണ്ട്. ഏർലി ഇന്റർവെൻഷൻ സെന്റർ, തെറാപ്പി യൂണിറ്റുകൾ, കലാപരിശീലന സമുച്ചയം, ഓഫീസ് സംവിധാനങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമാകുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഒൻപതംഗ ഡയറക്‌ടർ ബോർഡുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാകും മടിക്കൈയിയിലെ സമുച്ചയം. വിദേശരാഷ്ട്രങ്ങളിലടക്കമുള്ള സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ടും പൊതുജനങ്ങളിൽനിന്നു ലഭിക്കുന്ന സംഭാവനയുമാണ് ഇത്രയും വലിയ പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള പ്രതീക്ഷയെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാർക്ക് ആശ്രയമാകുന്നതരത്തിലാണ് സെന്റർ നിർമിക്കുന്നത്. പൂർണസജ്ജമായാൽ പ്രതിവർഷം ആയിരം ഭിന്നശേഷിക്കാർക്ക് വിവിധമേഖലയിൽ പരിശീലനം നൽകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
ലക്ഷ്യം ഭിന്നശേഷിക്കാരുടെ കഴിവിനെ വികസിപ്പിച്ച് ഉപയോഗപ്പെടുത്തൽ
റോബോട്ടുകൾ നിയന്ത്രിക്കുന്ന ജപ്പാനിലെ ഹോട്ടലിൽ പോയ അനുഭവം പറഞ്ഞാണ് ഗോപിനാഥ് മുതുകാട് തന്റെ സ്വപ്നപദ്ധതിയുടെ വ്യാപ്‌തിയിലേക്ക് കടന്നത്. ആ റോബോട്ടുകളെ ചലിപ്പിക്കുന്നത് പല സ്ഥലങ്ങളിലുള്ള കിടപ്പുരോഗികളാണെന്ന് മനസ്സിലായപ്പോഴാണ് തനിക്ക് വലിയ അതിശയമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ ഭിന്നശേഷിക്കാരെ അകത്തളത്തിലേക്ക് തള്ളുന്നു. ഓരോ ഭിന്നശേഷിക്കാരനും ഓരോ കഴിവുണ്ട്. അത് മനസ്സിലാക്കി വികസിപ്പിച്ചെടുക്കലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് സെൻ്റിൻ്റെ ലക്ഷ്യം. ആ ഒരു വലിയ സ്വപ്നത്തിലേക്ക് തനിക്കൊപ്പം മുഴുവനാളുകളുമുണ്ടാകണമെന്ന അഭ്യർഥനയാണുള്ളതെന്നും മുതുകാട് പറഞ്ഞു.
(കടപ്പാട്: മാതൃഭൂമി)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








