കല്പറ്റ: വ്രതശുദ്ധിയുടെ റംസാൻ നാളുകളിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പഴവിപണികൾ സജീവമായിത്തുടങ്ങി. നോമ്പുതുറ വിഭവങ്ങളിൽ പ്രധാനസ്ഥാനമുള്ള പഴവർഗങ്ങൾ വാങ്ങാൻ വൈകുന്നേരങ്ങളിൽ വിപണികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
കഠിനമായ വേനൽച്ചൂട് കണക്കിലെടുത്ത്, പകൽമുഴുവൻ നീണ്ടുനിൽക്കുന്ന വ്രതാനുഷ്‌ഠാനത്തിനുശേഷം ദാഹമകറ്റാൻ സഹായിക്കുന്ന ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാർ ഏറെയുള്ളത്. ഇത്തവണ ചൂടുകൂടുതലായതിനാൽ പഴവിപണികൾ നേരത്തേ സജ്ജമായിരുന്നു.
നാടൻപഴങ്ങൾക്കൊപ്പം വിദേശപഴങ്ങൾക്കും പ്രിയമേറുകയാണെങ്കിലും വിപണിയിലെ താരം തണ്ണിമത്തൻതന്നെയാണ്. സാധാരണ തണ്ണിമത്തനുപുറമേ കിരൺ, ജെന്നത്ത് തുടങ്ങിയ പ്രത്യേക ഇനങ്ങൾക്കും ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 30 രൂപ മുതൽ 45 രൂപവരെയാണ് നിലവിലെ വില.
വഴിയോരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തൻ വണ്ടികൾ നഗരക്കാഴ്ചയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ചൂടുകൂടിയതോടെ തണ്ണിമത്തൻ ജ്യൂസിനും ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഇതിനുപുറമേ പൈനാപ്പിൾ, പേരയ്ക്ക, വാഴപ്പഴം, ഡ്രാഗൺ ഫ്രൂട്ട്, കിവി, വിദേശയിനം മുന്തിരികൾ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. ഇറക്കുമതിചെയ്യുന്ന റെഡ് ഗ്ലോബ്, പേഴ്സിമൺ, പ്ലം എന്നിവ ഇഫ്‌താർ മേശകളിലെ പ്രധാന ആകർഷണമാണ്. മുന്തിരിവിലയിൽ കഴിഞ്ഞയാഴ്‌ചയെ അപേക്ഷിച്ച് 10 മുതൽ 20 രൂപ വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. റംസാൻ വിപണിയിൽ മാമ്പഴക്കാലമാണ്. വ്യത്യസ്‌ത ഇനം മാമ്പഴങ്ങളാണ് വ്യാപാരികൾ ഇറക്കിയിരിക്കുന്നത്. സിന്ദൂർ, ബെങ്കനപ്പള്ളി, നീലാൻ എന്നീ ഇനങ്ങൾ സീസണിൻ്റെ തുടക്കത്തിൽത്തന്നെ വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. നാടൻ മാമ്പഴങ്ങൾ വിപണിയിൽ സജീവമായി തുടങ്ങുന്നതേയുള്ളൂവെങ്കിലും അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മാങ്ങകൾക്ക് ഇപ്പോൾ നല്ല മാർക്കറ്റാണ്. വ്രതാനുഷ്‌ഠാനത്തിൻ്റെ ഈ 30 ദിനങ്ങൾ ചെറുകിട വൻകിട പഴക്കച്ചവടക്കാർക്ക് പ്രതീക്ഷയുടെ നാളുകളാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








