തിരുവനന്തപുരം : ഭക്തലക്ഷങ്ങൾ മനംനിറഞ്ഞ പ്രാർഥനയോടെ കാത്തിരുന്ന ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് മംഗളകരമായ തുടക്കം. തിങ്കളാഴ്ച വൈകീട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ക്ഷേത്രത്തിനു മുന്നിലെ പാട്ടുപുരയിൽ കണ്ണകീചരിതത്തിൻ്റെ തോറ്റംപാട്ട് ആരംഭിച്ചു. കൊടുങ്ങല്ലൂർ ഭഗവതിയെ തോറ്റംപാട്ടിലൂടെ ആവാഹിച്ചു കൊണ്ടുവന്ന് 10 ദിവസത്തേക്കു കുടിയിരുത്തുന്നതായാണ് സങ്കൽപ്പം.
പഞ്ചലോഹത്തിൽ നിർമിച്ച കാപ്പാണ് ദേവിയെ അണിയിക്കുന്നത്. വ്രതനിഷ്‌ഠയോടെ തയ്യാറാക്കുന്ന മൂന്നു കാപ്പും പുറുത്തിനാരും ജപത്തോടെ ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ഒരു കാപ്പ് ദേവിയുടെ ഉടവാളിലും മറ്റൊരു കാപ്പ് മേൽശാന്തി അനീഷ് നമ്പൂതിരിയുടെ കൈയിലും കെട്ടിയതോടെ ഉത്സവത്തിനു തുടക്കമായി.
കാപ്പുകെട്ടുന്നതോടെ ഉത്സവം കഴിയുന്നതു വരെ മേൽശാന്തി പുറപ്പെടാശാന്തിയായി തുടരും. മാർച്ച് 3-ന് പൊങ്കാല കഴിഞ്ഞ് ഭഗവതിയെ മണക്കാട് ശാസ്‌താക്ഷേത്രത്തിലേക്കു പുറത്തെഴുന്നള്ളിക്കുമ്പോൾ മേൽശാന്തി ഘോഷയാത്രയിൽ അനുഗമിക്കും. പിറ്റേന്ന് രാത്രി 9.45-ന് കാപ്പഴിക്കൽച്ചടങ്ങ് നടക്കും. തുടർന്നു നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. തമിഴിലെ സംഘകാലകൃതിയായ 'ചിലപ്പതികാര'ത്തിലെ കണ്ണകീചരിതമാണ് തോറ്റം പാട്ടിലൂടെ അവതരിപ്പിക്കുന്നത്. ആദ്യ ദിവസം ദേവിയെ പാടികുടിയിരുത്തുന്ന ഭാഗമാണ് പാടിയത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പടങ്ങുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഓരോ ദിവസവും പാട്ടുകാർ അവതരിപ്പിക്കുന്നത്.ചൊവ്വാഴ്ച കോവലനും കണ്ണകിയും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങൾ പാട്ടിലൂടെ അവതരിപ്പിക്കും.
ഉത്സവം ആരംഭിച്ച തിങ്കളാഴ്‌ചയും തലേന്നും ക്ഷേത്രത്തിൽ ദർശനത്തിന് നല്ല ഭക്തജനത്തിരക്കായിരുന്നു. ദീപാരാധന തൊഴുത ഭക്തർ അന്നദാനത്തിലും പങ്കെടുത്തു. രാത്രി വിവിധ സ്ഥലങ്ങളിൽനിന്നുള്ള വിളക്കുകെട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. വരുംദിവസങ്ങളിൽ കൂടുതൽ വിളക്കുകെട്ടുകൾ ക്ഷേത്രത്തിലേക്കെത്തും. തലസ്ഥാനത്തെ വിവിധ കവലകളിൽ ആറ്റുകാൽ ഭഗവതിയുടെ അലങ്കരിച്ച ചിത്രങ്ങൾ വെച്ച് പൂജകൾ ആരംഭിച്ചു. ഉത്സവം കഴിയുന്നതു വരെ നഗരം ഭക്തിയുടെ ആഘോഷ അരങ്ങായി മാറും. എല്ലായിടത്തും പൊങ്കാലയ്ക്കുള്ള മൺകലങ്ങളുടെ നീണ്ടനിര ദൃശ്യമാണ്. പൊങ്കാലവസ്തുക്കളുടെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








