വൈക്കം: ജലഗതാഗതവകുപ്പിന്റെ കീഴിൽ സർവീസ് നടത്തുന്ന സോളാർ ബോട്ടുകൾ എ.സി.യാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. വൈക്കം- തവണക്കടവ് ജലപാതയിൽ ജലഗതാഗതവകുപ്പ് അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെയും വൈക്കം സ്റ്റേഷൻ ഓഫീസ് സൗരോർജവത്കരിക്കുന്നതിന്റെയും ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. വേമ്പനാട്ടുകായലിൽ സർവീസിനിടെ കാണുന്ന കുപ്പിയും മറ്റ് മാലിന്യങ്ങളും ജീവനക്കാർ ശേഖരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഏൽപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. സി.കെ. ആശ എം. എൽ.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.ജി. രാജു, എസ്. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. പുഷ്‌പമണി, വൈക്കം നഗരസഭാംഗങ്ങളായ റെജിമോൾ പ്രദീപ്, ഡി.രഞ്ജിത്ത് കുമാർ, ജലഗതാഗത ഡയറക്‌ടർ ഷാജി വി. നായർ, ട്രാഫിക് സൂപ്രണ്ട് എം. സുജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
യു.ഡി.എഫ്. അംഗങ്ങൾ വിട്ടുനിന്നു
പരിപാടിയിലെ നോട്ടീസിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന് ആരോപിച്ച് യു.ഡി.എഫ്. ഭരിക്കുന്ന വൈക്കം നഗരസഭയിലെ ഭരണസമിതി അംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നു. വ്യാഴാഴ്‌ച നടന്ന മൃഗാശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽനിന്നും ഭരണസമിതി അംഗങ്ങൾ വിട്ടുനിന്നിരുന്നു. അഞ്ചുവർഷം മുമ്പാണ്' 99 ലക്ഷം രൂപ മുടക്കി സർക്കാർ, മൃഗാശുപത്രി പുതുക്കിപ്പണിയാൻ തുടങ്ങിയത്. അഞ്ചുവർഷം കഴിഞ്ഞിട്ടും താഴത്തെ നിലമാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. കൂടാതെ പ്രോട്ടോക്കോൾ പാലിക്കാതെ നഗരസഭാ ചെയർമാന്റെയും കൗൺസിലർമാരുടേയും പേര് നോട്ടീസിൽ പ്രസിദ്ധീകരിച്ച് നഗരസഭയെ അപമാനിച്ചുവെന്ന് ചെയർമാൻ അബ്ദുൾസലാം റാവുത്തർ പറഞ്ഞു.
ആദ്യത്തേതുൾപ്പെടെ ആദിത്യ നാല്
പുതിയ മൂന്ന് സോളാർ ബോട്ടുകൾകൂടി വൈക്കം-തവണക്കടവ് ജലപാതയിൽ സർവീസ് ആരംഭിച്ചതോടെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റേഷനായി വൈക്കം മാറി. 2017-ലാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടായ 'ആദിത്യ' വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പുതിയ നൂന്ന് ആദിത്യ ബോട്ടുകൾകൂടി അനുവദിച്ചത്. കൊച്ചിയിലെ നവാൾട്ട് കമ്പനിയാണ് ജലഗതാഗതവകുപ്പിന് സോളാർ ബോട്ടുകൾ നിർമിച്ചുനൽകിയത്.
സോളാർ ബോട്ടുകൾക്ക് അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഇല്ലാതെ സർവീസ് നടത്താനാകും. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധനച്ചെലവുമില്ല. പരമ്പരാഗത സർവീസിനെ അപേക്ഷിച്ച് കുലുക്കവും അറ്റകുറ്റപ്പണികളും കുറവാണ്.
പുതിയ സോളാർബോട്ടുകളുടെ പ്രത്യേകതകൾ
75 യാത്രക്കാർക്ക് സഞ്ചരിക്കാം. ഫൈബറിലാണ് നിർമാണം.
80 കിലോവാട്ട് ബാറ്ററിയാണ് ബോട്ടിലുള്ളത്.
40 കിലോവാട്ട് മോട്ടോർ.
രണ്ട് മണിക്കൂർ വരെ തുടർച്ചയായി സർവീസ് നടത്താൻ കഴിയും.
സി.സി.ടി.വി., മ്യൂസിക് സിസ്റ്റം.
വൈദ്യുതി ഉപയോഗിച്ച് ബാറ്ററി ചാർജുചെയ്യാനുള്ള സൗകര്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








