തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്ഐ. നാളെ തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ എസ്എഫ്ഐ പൊറോട്ടയും ബീഫും വിളമ്പും. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പരിപാടിയിൽ പങ്കെടുക്കും. പിന്നാലെ എല്ലാ ക്യാമ്പസുകളിലും എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കും.
അതേസമയം, കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നാണ് കേരള സ്റ്റോറി പറഞ്ഞുവെക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണ് ഇതെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. കേരളത്തിന്റെ മതനിരപേക്ഷതയിലും വികസനനേട്ടത്തിലും അസൂയ ഉള്ളവരാണ് സിനിമയ്ക്ക് പിന്നിലെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








