കടുവകളുടെ കണക്കെടുപ്പ് രണ്ടാംഘട്ടം
180-ഓളം ജീവനക്കാർക്ക് പരിശീലനം നൽകി
സുൽത്താൻബത്തേരി അഖിലേന്ത്യാതലത്തിൽ നടക്കുന്ന കടുവകളുടെ കണക്കെടുപ്പിൻ്റെ രണ്ടാംഘട്ടത്തിൽ വയനാട് ലാൻഡ് സ്കേപ്പിൽമാത്രം സ്ഥാപിക്കുന്നത് എണ്ണൂറോളം ക്യാമറകൾ. ക്യാമറകളിലെ സാങ്കേതികനടപടികളും സ്ഥാപിക്കുന്ന രീതിയുമടക്കമുള്ളവയിൽ ജീവനക്കാർക്ക് പരിശീലനം നൽകി. ബത്തേരി ആർ.ആർ.ടി.യിൽ നടത്തിയ പരിശീലനത്തിൽ ജില്ലയിലെ വിവിധ ഡിവിഷനുകളിലെ 180 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്.
വയനാട് വന്യജീവിസങ്കേതം (28), നോർത്ത് വയനാട് ഡിവിഷൻ (20), സൗത്ത് വയനാട് ഡിവിഷൻ (18) എന്നിങ്ങനെ 66 ബ്ലോക്കുകളാണ് ജില്ലയിലുള്ളത്. വിവിധ വിസ്തീർണത്തിലുള്ള ബ്ലോക്കുകളെ ഓരോന്നിനെയും നാല് ചതുരശ്ര കിലോമീറ്ററുള്ള ഗ്രിഡുകളാക്കി തിരിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഇങ്ങനെ 380 ഗ്രിഡുകളാണ് വയനാട്ടിലുള്ളത്. മുൻപത്തെ കണക്കെടുപ്പിൽ എഴുനൂറോളം ക്യാമറകൾ ഉപയോഗിച്ചിരുന്നതാണ് ഇത്തവണ എണ്ണൂറോളമാക്കിയത്. ജില്ലയുടെ എല്ലാഭാഗത്തെയും വനഭാഗങ്ങൾ ഉൾപ്പെടുത്തി കണക്കെടുപ്പ് കൃത്യമാക്കുന്നതിനായാണിത്. സത്യമംഗലം, മുതുമല, വയനാട്, ബന്ദിപ്പൂർ, നാഗർഹോള എന്നിവയടങ്ങുന്ന വലിയ മേഖലയെ വെസ്റ്റേൺ ഘട്ട്സ് നീലഗിരി ക്ലസ്റ്റർ എന്നാണ് അറിയപ്പെടുന്നത്.
ക്യാമറകൾ സെറ്റ് ചെയ്യുന്നതിൽ പ്രായോഗിക പരിശീലനമടക്കം നൽകുന്ന പരിപാടി വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഉദ്ഘാടനംചെയ്തു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള കടുവാ കണക്കെടുപ്പ് വന്യജീവിസംരക്ഷണത്തിൽ മാത്രമല്ല മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിലും വലിയ പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. വന്യജീവിസങ്കേതം അസി. കൺസർവേറ്റർ എം. ജോഷിൽ അധ്യക്ഷത വഹിച്ചു. സൗത്ത് വയനാട് ഡിഎഫ്‌ഒ. അജിത് കെ. രാമൻ സംസാരിച്ചു. പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്‌ണു വിജയൻ, വയനാട് വന്യജീവിസങ്കേതം കൺസർവേഷൻ ബയോളജിസ്റ്റ് ഒ. വിഷ്ണു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പറമ്പിക്കുളം ടൈഗർ റിസർവിലെ മോണിറ്ററിങ് സെൽ അംഗങ്ങളും സഹായികളായി.
ഓരോ ഗ്രിഡിലും ഒരു ജോഡി ക്യാമറകൾ സ്ഥാപിച്ച് ഒരുമാസം നിരീക്ഷണം നടത്തും. ഓരോ പത്തുദിവസവും പ്രത്യേകസംഘം ദൃശ്യങ്ങൾ പരിശോധിക്കുകയും സ്ഥലത്തെ ഫീൽഡ് ജീവനക്കാർ ഓരോ അഞ്ചുദിവസത്തിലും ക്യാമറയുടെ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യും. ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ ദേശീയ കടുവസംരക്ഷണ അതോറിറ്റി (എൻടിസിഎ)ക്ക് കൈമാറും.
ഓരോ ലാൻഡ്‌സ്കേപ്പിലെയും ചിത്രങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനവിധേയമാക്കി ദേശീയ അതോറിറ്റിയാണ് കടുവകളുടെ എണ്ണം കണക്കാക്കുക. പുലി, കരടി, ചെന്നായ് (കാട്ടുപട്ടി), തുടങ്ങിയവയുടെ ആകെ എണ്ണംസംബന്ധിച്ചുള്ള കണക്കുകളും അതോറിറ്റി ഇതോടൊപ്പം കണക്കാക്കും. എട്ടുദിന (8 Day) പ്രോട്ടക്കോൾ എന്നറിയപ്പെടുന്ന കണക്കെടുപ്പിന്റെ ആദ്യഘട്ടം ഡിസംബറിൽ നടത്തിയിരുന്നു. ജീവികളെ നേരിട്ട് കണ്ടെത്തിയും കണക്കെടുപ്പിനായി തിരിച്ച ബ്ലോക്കുകൾക്കുള്ളിൽ നടന്ന് ലക്ഷണങ്ങളും മറ്റു തെളിവുകളും അടിസ്ഥാനമാക്കിയാണിത് നടത്തിയത്. എം ടൈപ്സ് ഇക്കോളജിക്കൽ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായാണ് ഇത്തവണ വിവരശേഖരണം നടത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








