മുക്കം കളൻതോട് എം.ഇ.എസ്. കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിനിടെ എസ്.എഫ്.ഐ. - യു.ഡി.എസ്.എഫ്. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥിക്ക് കുത്തേറ്റു. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശിയതോടെ നാല് പോലീസുകാർക്കും ഒരു വിദ്യാർഥിക്കും കൂടി പരിക്കേറ്റു. കലോത്സവ വൊളന്റിയറും കുറ്റിക്കാട്ടൂർ സ്വദേശിയുമായ റഹീസിനാണ് (20) നെഞ്ചിന് താഴെ കുത്തേറ്റത്. ഇയാളെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് റഹീസിന് കുത്തേറ്റതെന്ന് പോലീസ് വ്യക്തമാക്കി. ലാത്തിച്ചാർജിനിടെ മലയമ്മ സ്വദേശി മുഹമ്മദ് ഫാസിലിനും പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. യു.ഡി.എസ്.എഫ്. യൂണിയൻ നേതൃത്വം നൽകുന്ന കലോത്സവത്തിനിടെ, പ്രകടനമായെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ സംഘാടകസമിതി ഓഫീസ് കൈയേറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് യു.ഡി.എസ്.എഫ്. ആരോപിച്ചു. മറ്റു കോളേജുകളിൽ നിന്ന് കൂടുതൽ പ്രവർത്തകർ എത്തിയതോടെ സ്ഥിതിഗതികൾ വഷളാവുകയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ സംഘർഷം രൂക്ഷമായതോടെ പോലീസ് ഇടപെട്ടു. പോലീസുകാർക്ക് കണ്ണിനും തോളിലുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിതിഗതികൾ നിയന്ത്രിക്കാനായി കുന്ദമംഗലം ഇൻസ്പെക്ടർ എസ്. കിരണിന്റെ നേതൃത്വത്തിൽ അൻപതോളം പോലീസുകാർ ക്യാമ്പസിനുള്ളിൽ തമ്പടിച്ചിട്ടുണ്ട്. കലോത്സവ വേദിയിൽ ഇപ്പോഴും സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ പോലീസ് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








