കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണ സമരം ആരംഭിച്ചു. കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ.) നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ഡോക്ടർമാർ ഒ.പി. പരിശോധനകളിൽ നിന്ന് വിട്ടുനിന്നു. ഇതോടൊപ്പം തന്നെ മെഡിക്കൽ വിദ്യാർഥികളുടെ അധ്യയനവും പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്. മാസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾക്കും ചട്ടപ്പടി സമരങ്ങൾക്കും ശേഷമാണ് ഡോക്ടർമാർ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
തിങ്കളാഴ്ച പ്രധാന ചികിത്സാ വിഭാഗങ്ങളുടെ ഒ.പി. ഉള്ള ദിവസമായതിനാൽ ആശുപത്രിയിൽ രോഗികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചെസ്റ്റ് ആശുപത്രിയിലുമായി നാലായിരത്തിലധികം രോഗികൾ എത്തിയെങ്കിലും സീനിയർ ഡോക്ടർമാരുടെ അസാന്നിധ്യം ചികിത്സയെ കാര്യമായി ബാധിച്ചു. പി.ജി. ഡോക്ടർമാരും സീനിയർ റെസിഡന്റുമാരുമാണ് രോഗികളെ പരിശോധിച്ചത്. വിദഗ്ധ ചികിത്സ തേടിയെത്തിയ പലരും ഡോക്ടർമാരെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു.
സമരത്തിന്റെ ഭാഗമായി ജൂബിലി ഗേറ്റിൽ നിന്ന് പ്രിൻസിപ്പൽ ഓഫീസിലേക്ക് ഡോക്ടർമാരും വിദ്യാർഥികളും ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി. സർക്കാരിന്റെ നിസ്സംഗതയും വാഗ്ദാനലംഘനവുമാണ് തങ്ങളെ ഇത്തരമൊരു സമരത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ സംഘടന ഖേദം പ്രകടിപ്പിച്ചു. ഡോ. അബ്ദുൾ ബാസിത്, ഡോ. ടോം വിത്സൺ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








