താനൂർ : വർഷങ്ങളായുള്ള യാത്രാദുരിതത്തിന് വിരാമമിട്ട് താനൂർ-തെയ്യാല റെയിൽവേ മേൽപ്പാലം തുറന്നു. ഓൺലൈനായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. 'ലെവൽക്രോസ് ഒന്നുമില്ലാത്ത കേരളം' പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കിയെന്നും പത്ത് മേൽപ്പാലങ്ങളുടെ പണി പൂർത്തിയാക്കിയെന്നും നാലെണ്ണം ഉദ്ഘാടനത്തിനു തയ്യാറായെന്നും 30 മേൽപ്പാലങ്ങളുടെ പണി പുരോഗമിക്കുകയാണ്.
പശ്ചാത്തലസൗകര്യ വികസനം എന്താണെന്ന് ജനങ്ങൾ അനുഭവിച്ചറിഞ്ഞ കാലഘട്ടമാണിത്. അഞ്ചുവർഷംകൊണ്ട് 60 ശതമാനം ബി.എം. ആൻഡ് ബി.സി. റോഡുകൾ നിർമിക്കാൻ സാധിച്ചു. മുടങ്ങിപ്പോകുമെന്ന അവസ്ഥവന്ന ദേശീയപാതയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 കിലോമീറ്ററോളം വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർവരെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചു.
തീരദേശ ഹൈവേ, മലയോര ഹൈവേ, തുരങ്കപ്പാത എന്നിവയെല്ലാം മികച്ചരീതിയിൽ മുന്നോട്ടുപോകുന്നു. റോഡ് നവീകരണത്തിനായി കിഫ്‌ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികൾ ഉൾക്കൊള്ളിച്ച് 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങളെന്ന ലക്ഷ്യം 150 പാലംവരെ എത്തിയെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ലെവൽ ക്രോസ് വിമുക്തകേരളം പദ്ധതിയിൽ ആർ.ബി.ഡി.സി.കെ. പൂർത്തിയാക്കുന്ന എട്ടാമത്തെ മേൽപ്പാലമാണ് ഞായറാഴ്‌ച തുറന്നുകൊടുത്തത്. ഓരോ തീവണ്ടിക്കുമായി ഗേറ്റടയ്ക്കുമ്പോൾ നിരവധി യാത്രക്കാരാണ് ഇവിടെ അക്ഷമരായി കുടുങ്ങിക്കിടക്കാറുള്ളത്. ഏറെക്കാലത്തെ മുറവിളികളുടെ ഫലമായാണ് താനൂർ-തെയ്യാല മേൽപ്പാലത്തിന് നടപടികളാവുന്നത്. മേൽപ്പാലം നിർമിക്കാൻ 2016 സെപ്റ്റംബർ 27-ലെ ഉത്തരവുപ്രകാരം മേൽപ്പാല നിർമ്മാണം കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി സർക്കാർ 20 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി. ആർ.ബി.ഡി.സി.കെ.യെ പദ്ധതിരേഖയുണ്ടാക്കാൻ നിയോഗിച്ചു. ആർ.ബി.ഡി.സി.കെ. വിശദമായ സാങ്കേതികപഠനങ്ങൾക്കു ശേഷം തയ്യാറാക്കി സമർപ്പിച്ച പദ്ധതിരേഖ കിഫ്ബി അംഗീകരിച്ച്, തുക അനുവദിച്ചശേഷം റെയിൽവേയിൽനിന്ന് ആവശ്യമായ അനുമതി നേടുകയും കളക്‌ടർ മുഖേന നിർമ്മാണത്തിനാവശ്യമായ ഭൂമി നിയമപരമായി ഏറ്റെടുക്കുകയുംചെയ്‌തു. 22 ഭൂവുടമകളിൽനിന്നായി 4.19 കോടി രൂപ ചെലവിൽ 96.13 സെൻ്റ് (38.9 ആറ്) സ്ഥലം ഏറ്റെടുത്തു. എസ്.പി.എൽ. ഇൻഫ്രാസ്ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാർ നൽകുകയുംചെയ്തു.
2019-ലെ കോവിഡിനുശേഷം നിർമാണമേഖലയിൽ ഉണ്ടായ വൻവിലവർധനവ് നിർമ്മാണത്തിൽ കാലതാമസമുണ്ടാക്കി സ്പാനിന്റെ നിർമ്മാണം റെയിൽവേ നേരിട്ടാണ് നിർവഹിച്ചത്. അതിനുവേണ്ടി 6.93 കോടി രൂപ റെയിൽവേയിൽ കെട്ടിവെച്ചു. റെയിൽവെ ഭാഗം ഒഴിച്ചുള്ള നിർമാണത്തിന് 21.51 കോടി രൂപയാണ് ചെലവ്. പദ്ധതിയുടെ മൊത്തം ചെലവ് 32.83 കോടി രൂപയാണ്. 45 മീറ്റർ നീളത്തിൽ രണ്ട് ലെയിൻ റോഡും ഫുട്പാത്തും ഉൾപ്പെടെ 10.05 മീറ്റർ വീതിയിലുമാണ് ഈ മേൽപ്പാലത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്. മേൽപ്പാലത്തിന്റെ വശത്തുള്ള ഭൂവുടമകൾക്ക് പ്രവേശനം നൽകുന്നതിനായി നാലുമീറ്റർ വീതിയിൽ ഡ്രെയ്നേജോടുകൂടിയ സർവീസ് റോഡും നിർമിച്ചിട്ടുണ്ട്. സെൻട്രലൈസ്ഡ് സോളാർ പാനലുകളും ബാറ്ററികളും ഉപയോഗിച്ചുള്ള ലൈറ്റിങ്ങാണ് പാലത്തിനു നൽകിയിട്ടുള്ളത്. പാലത്തിന്റെ അടിയിലുള്ള ഭാഗവും ഉപയോഗക്ഷമമാക്കി. കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ അധ്യക്ഷനായി. ഉദ്ഘാടനച്ചടങ്ങ് യു.ഡി.എഫും ബി.ജെ.പി.യും ബഹിഷ്കരിച്ചു.
ആർ.ബി.ഡി.സി.കെ. ഡെപ്യൂട്ടി ജനറൽമാനേജർ സി. ദേവേശൻ, ജനറൽ മാനേജർ എം. അൻസാർ, നഗരസഭാ കൗൺസിലർമാരായ ലാമിഹ് റഹ്‌മാൻ, എം. സുചിത്ര, എം.എൻ. ജാസ്മിൻ, ശുഹൈബ്, ആർ.ബി.ഡി.സി.കെ. പ്രോജക്ട‌് മാനേജർ അനിൽകുമാർ, സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി ഇ. ജയൻ, മലബാർ ദേവസ്വം ബോർഡ് ഏരിയാ ചെയർമാൻ ഒ.കെ. ബേബി ശങ്കർ, സമദ് താനാളൂർ, ഹംസു മേപ്പുറത്ത്, ഷംസു ആരിച്ചാൽ തുടങ്ങിയവർ സംസാരിച്ചു 'ലെവൽക്രോസ് ഇല്ലാത്ത കേരളം' പദ്ധതി മുന്നേറ്റംഉണ്ടാക്കി -മന്ത്രി റിയാസ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








