കൊച്ചി : "കെ.എൽ. സെവൻ സി.ജെ. 7649" നമ്പർ ആംബുലൻസ് യാത്ര തുടങ്ങുമ്പോൾ അവർ ഗാർഡ് ഓഫ് ഓണറുമായി കൈകൾ നെറ്റിയോട് ചേർത്ത് വെച്ചു. ആ നേരത്ത് കേരളം മുഴുവൻ നനഞ്ഞ മിഴികളോടെ ആ കുഞ്ഞ് മാലാഖയ്ക്ക് ഹൃദയംകൊണ്ട് സല്യൂട്ട് നൽകി. അവയവദാനത്തിൽ പുതുപരിത്രമേകി ആലിൻ ഷെറിൻ എന്ന കുഞ്ഞ് ഈ ലോകത്തോട് യാത്ര പറയുമ്പോൾ കേരളം നൽകിയ അപൂർവ ആദരവായിരുന്നു ഈ ഗാർഡ് ഓഫ് ഓണർ. കുഞ്ഞിൻ്റെ അവയവങ്ങളുമായി ആംബുലൻസ് പുറപ്പെടുമ്പോൾ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.
വെള്ളിയാഴ്ച സായാഹ്നത്തിൽ അമൃത ആശുപത്രിയുടെ മുന്നിൽ കണ്ട കാഴ്‌ചകളെല്ലാം ആർദ്രമായിരുന്നു.
കുഞ്ഞിന്റെ ശസ്ത്രക്രിയ നടക്കുമ്പോൾ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. പരസ്പരം സംസാരിക്കുമ്പോൾ വാക്കുകൾ ഇടറി. കളിചിരികൾ മാത്രമുണ്ടായിരുന്ന ലോകത്തു നിന്ന് അഞ്ച് പുതിയ ജീവനുകൾക്ക് വെളിച്ചമേകിയ കുഞ്ഞ് ആലിന് യാത്ര പറയാൻ കാത്തു നിന്നവരായിരുന്നു ചുറ്റിലും.
പുറത്തെ ആൾക്കൂട്ടങ്ങളിൽനിന്നും മാറി ആശുപത്രി വരാന്തയ്ക്കുള്ളിൽ അവളുടെ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും ഇരിപ്പുണ്ടായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി മകളുടെ ജീവനും കൈയിൽ പിടിച്ചുള്ള ഓട്ടത്തിലായിരുന്നു ഇരുവരും.
ആ ഓട്ടത്തിന്റെ അവസാനമായിരുന്നു വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 11 മണിയോടെ സംഭവിച്ചത്. ഏക മകളെ മരണം കവർന്നെടുത്തതിൻ്റെ മരവിപ്പും വേദനയും പടരുമ്പോളും മറ്റു കുഞ്ഞുങ്ങളിലൂടെ മകൾ ജീവിക്കണമെന്ന ആഗ്രഹത്തിലായിരുന്നു അവർ.
വെള്ളിയാഴ്ച നാലരയോടെ തുടങ്ങിയ ശസ്ത്രക്രിയ ആറരയോടെയാണ് കഴിഞ്ഞത്. പിന്നീടുള്ള നടപടിക്രമങ്ങൾക്കു ശേഷം ഏഴേകാലോടെ അവയവങ്ങളും വഹിച്ച് ആംബുലൻസ് പുറപ്പെട്ടു. അതിന് ഏറെ മുൻപു തന്നെ സുരക്ഷയൊരുക്കി പോലീസ് വഴികളെല്ലാം ക്ലിയർ ചെയ്ത് തുടങ്ങിയിരുന്നു.
കൊച്ചിയിൽനിന്ന് 3.15 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താൻ ലക്ഷ്യമിട്ടായിരുന്നു ആംബുലൻസ് യാത്ര, ഇടപ്പള്ളിയിൽനിന്ന് വൈറ്റില-തൃപ്പൂണിത്തുറ-കാഞ്ഞിരമറ്റം-തലയോലപ്പറമ്പ്-ഏറ്റുമാനൂർ-കോട്ടയം-ചങ്ങനാശ്ശേരി തിരുവല്ല- ചെങ്ങന്നൂർ -അടൂർ-കൊട്ടാരക്കര-കിളിമാനൂർ വഴി ആയിരുന്നു യാത്ര.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








