അംഗീകാരനിറവിൽ കാസർകോട്
കാസർകോട്: സംസ്ഥാന വനിതാ കമ്മിഷൻ 2024-25 വർഷത്തെ മികച്ച ജില്ലാ ജാഗ്രതാസമിതിക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് ജാഗ്രതാസമിതിക്ക്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളും ഇടപെടലുകളുമാണ് ഈ നേട്ടത്തിന് അർഹമാക്കിയത്. തുടർച്ചയായ മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തിന് ഇതേ പുരസ്കാരം ലഭിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുകൾ ഉണ്ടാകുമ്പോഴും അവർക്കെതിരെ പ്രശ്‌നങ്ങൾ ഉയരുമ്പോഴും ഇടപെടുന്നതിനായി തദ്ദേശ സ്ഥാപനതലങ്ങളിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ സമിതി.
സംസ്ഥാന വനിതാ കമ്മിഷൻ്റെ മേൽനോട്ടത്തിലാണ് സമിതി പ്രവർത്തിക്കുന്നത്. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ചെയർപേഴ്‌സനും ജില്ലാ വനിത-ശിശു വികസന ഓഫീസർ കെ. ഹഫ്‌സത്ത് കൺവീനറുമായുള്ള 12 അംഗ സമിതിയാണ് ജില്ലാതലത്തിൽ പ്രവർത്തിക്കുന്നത്.
2021-ൽ സംസ്ഥാന വനിത കമ്മിഷൻ ചെയർപേഴ്‌സൺ പി. സതീദേവിയാണ് ജില്ലാ ജാഗ്രതാസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞവർഷം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് 241 കേസുകളാണ് സമിതിക്ക് മുമ്പാകെ എത്തിയത്. ഇതിൽ 175 പരാതികളും പരിഹരിച്ചു. പരിഹരിക്കപ്പെടാത്തവയിൽ 12 പരാതികൾ വനിതാ കമ്മിഷനിലേക്കും 20 പരാതികൾ ഡി.എൽ.എസ്.എ.യിലേക്കും 23 എണ്ണം ഗ്രാമപ്പഞ്ചായത്തുകളിലേക്കും കൈമാറി.
പരാതി പരിഹാരത്തിനപ്പുറം 954 പേർക്ക് സൗജന്യ കൗൺസലിങ്ങും 100 പേർക്ക് നിയമസഹായവും 42 പേർക്ക് പോലീസ് സഹായവും 11 പേർക്ക് താമസസൗകര്യവും ലഭ്യമാക്കി. ജില്ലാ പഞ്ചായത്തിൽ എത്തുന്ന പരാതികൾ പരിഹരിക്കുന്നതിനും കൗൺസലിങ് നൽകുന്നതിനും മുഴുവൻ സമയ കൗൺസലറെയും ആവശ്യമാകുന്ന പക്ഷം ലീഗൽ കൗൺസലിങ് നൽകുന്നതിന് വക്കീലിനെയും ജില്ലാ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. 10,67,470 രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.
ജില്ലാ പഞ്ചായത്ത് ഓഫീസിൽ ജാഗ്രതാസമിതിയുടെ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ജാഗ്രതാസമിതി ഓഫീസ് പ്രവർത്തിക്കുന്നത്. ഫോൺ: 04994 257791, 256722.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








