താമരശ്ശേരി : കേന്ദ്രസർക്കാരിൻ്റെ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത പൊതുമണിമുടക്ക് ഹർത്താലിൻ്റെ പ്രതീതിസൃഷ്‌ടിച്ചു. മലയോരമേഖലയിൽ പണിമുടക്ക് പൂർണം. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രിവരെ നടന്ന പണിമുടക്കിനെത്തുടർന്ന് മലയോരത്തെ കടകമ്പോളങ്ങളിൽ ഭൂരിഭാഗവും അടഞ്ഞുകിടന്നു. മെഡിക്കൽഷോപ്പുകളും മത്സ്യ-ഇറച്ചി വിപണനകേന്ദ്രങ്ങളും പച്ചക്കറിക്കടകളും, പെട്ടിക്കടകളും ഉൾപ്പെടെ ഏതാനുംകടകൾ മാത്രമാണ് മലയോരത്ത് മിക്കയിടങ്ങളിലും തുറന്ന് പ്രവർത്തിച്ചത്. സ്വകാര്യബസ് ജീവനക്കാരും കെ.എസ്.ആർ.ടി.സി. ജീവനക്കാരിൽ ഭൂരിഭാഗവും പണിമുടക്കിൽ പങ്കെടുത്തതോടെ പൊതുഗതാഗതം പൂർണമായി നിലച്ചു.
രാവിലെ 31-ഉം ഉച്ചയ്ക്കുശേഷം പതിനൊന്നും ഉൾപ്പെടെ 42 ബസുകൾ സർവീസ് നടത്തുന്ന താമരശ്ശേരി ഡിപ്പോയിൽനിന്ന് പണിമുടക്കും യാത്രക്കാരുടെ അഭാവവും കാരണം വ്യാഴാഴ്ച ഒരൊറ്റ ബസും സർവീസ് നടത്തിയില്ല. പതിവായി എത്തിച്ചേരേണ്ട 95 ജീവനക്കാരിൽ എട്ട് ഡ്രൈവർമാരും ആറ് കണ്ടക്ടർമാരും ഒൻപത് ഓഫീസ് ജീവനക്കാരും ഉൾപ്പെടെ 32 പേർ മാത്രമാണ് പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ ജോലിയ്ക്ക് ഹാജരായത്.
സ്വകാര്യബസുകളും ടാക്‌സികളും ഓട്ടോകളുമൊന്നും നിരത്തിലിറങ്ങിയില്ല. അത്യാവശ്യയാത്രകൾക്ക് പൊതുഗതാഗതത്തെ ആശ്രയിച്ചുവരുന്ന സാധാരണക്കാർ ഇതെത്തുടർന്ന് വലഞ്ഞു. പണിമുടക്കിനെത്തുടർന്ന് ഭൂരിഭാഗം ജീവനക്കാരും ജോലിയ്ക്കെത്താതിരുന്നതോടെ മലയോരത്തെ സർക്കാർ ഓഫീസുകളിലും ഹാജർനില നന്നെ കുറവായിരുന്നു.
അതേസമയം സ്വകാര്യവാഹനങ്ങളിലേറെയും പതിവുപോലെ നിരത്തിലിറങ്ങി. സാധാരണ പണിമുടക്ക് ദിനങ്ങളിലുണ്ടാവുന്നത് പോലെ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്നുള്ള അനിഷ്ട സംഭവങ്ങളൊന്നും വ്യാഴാഴ്ച കാര്യമായുണ്ടായില്ല. അതേസമയം തിരുവമ്പാടിയിൽ പണിമുടക്ക് ദിനത്തിൽ തുറന്നുപ്രവർത്തിച്ച ചായക്കടകൾ സി.പി.എം. പ്രവർത്തകരെത്തി അടപ്പിച്ചു.
എകരൂൽ : എകരൂൽ, പൂനൂർ, കരുമല, ഇയ്യാട് അങ്ങാടികളിലെ കടകളെല്ലാംതന്നെ അടഞ്ഞുകിടന്നു. ഏതാനും മെഡിക്കൽ ഷോപ്പുകളും വെറ്ററിനറി ഡിസ്പെൻസറി, സർക്കാർ ആശുപത്രി എന്നിവയുംമാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിച്ചത്.
കുടുംബശ്രീയുടെ ജനകീയഹോട്ടലുകൾ ഉൾപ്പെടെ ഹോട്ടലുകളും ചായക്കടകളും തുറന്നില്ല. ബൈക്കുകളും കാറുകളുമടക്കമുള്ള സ്വകാര്യവാഹനങ്ങൾ ചിലത് റോഡിലിറങ്ങിയെങ്കിലും ബസ്സോട്ടം നിലച്ചു. ഓട്ടോറിക്ഷയടക്കമുള്ള ടാക്‌സിവാഹനങ്ങളും ഓടിയില്ല. ദേശീയ പണിമുടക്ക് നാട്ടിൻപുറങ്ങളിൽ ഹർത്താലിന്റെ പ്രതീതിയുളവാക്കി.
അങ്ങാടികൾ നിശ്ചലമായി
നരിക്കുനി വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിൽ നരിക്കുനി, മടവൂർ, ആരാമ്പ്രം അങ്ങാടികൾ നിശ്ചലമായി. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഗതാഗത സംവിധാനങ്ങളെയും പണിമുടക്ക് കാര്യമായി ബാധിച്ചു. അടിയന്തര ആവശ്യത്തിനായിമാത്രമാണ് സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയത്. ചിലർ അറ്റകുറ്റപ്പണിക്കുള്ള അവസരമായും ദിവസത്തെ ഉപയോഗപ്പെടുത്തി.
ആശ്വാസമായി സലീമിൻ്റെ ചായവിതരണം
നരിക്കുനി : ആശുപത്രിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, വിവിധ ടെസ്റ്റുകൾ നടത്തുന്നതിനുമായി ലാബുകളിലെത്തുന്നവർക്കും ആശ്വാസമായി നരിക്കുനി ബസ് സ്റ്റാൻഡിൽ സുൽത്താൻ പാലസ് ഹോട്ടൽ ഉടമ സലീം ഒരുക്കിയ സൗജന്യ ചായ വിതരണം മേശയിൽ ടീ ഡിസ്പെൻസറും പാത്രത്തിൽ ബിസ്ക്‌കറ്റും സമീപത്തായി ഡിസ്പോസിബിൾ ഗ്ലാസും വെച്ചിരുന്നു.ആവശ്യക്കർക്ക് ഗ്ളാസെടുത്ത് ചായ പകർന്ന് കുടിക്കാവുന്ന രീതിയിലായിരുന്നു സംവിധാനം. ആദ്യ ഘട്ടത്തിൽ 80 പേർക്ക് കഴിക്കാനുള്ള ചായയാണ് ഒരുക്കിയിരുന്നത്. ഒൻപതരയ്ക്ക് തുടങ്ങി 11.30 ആവുമ്പോഴേക്കും തയ്യാറാക്കിയ പകുതിയോളം ചായ തീർന്നു. ഹോട്ടൽ അടഞ്ഞുകിടന്ന സാഹചര്യത്തിൽ രക്തത്തിലെ പഞ്ചസാര പരിശോധിക്കാനായി എത്തിയവർക്കാണ് ഏറെ പ്രയോജനമായതെന്ന സലീം പറഞ്ഞു. നരിക്കുനിയിൽ മരുന്നുകടകളൊഴികെ മറ്റൊന്നും തുറന്നു പ്രവർത്തിച്ചിരുന്നില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








