32 ബസുകൾ പണിമുടക്കി

32 ബസുകൾ പണിമുടക്കി
32 ബസുകൾ പണിമുടക്കി
Share  
2026 Feb 12, 09:31 AM

മലാപ്പറമ്പ്-പാച്ചാക്കൽ സർവീസ് റോഡിലെ കുപ്പിക്കഴുത്ത്


കോഴിക്കോട്: ചൊവ്വാഴ്‌ച പൊതുഗതാഗതത്തിനായി തുറന്ന മലാപ്പറമ്പ് പാച്ചാക്കൽ സർവീസ് റോഡിന്റെ വീതിക്കുറവുമൂലം ഈ റൂട്ടിൽ സർവീസ് നടത്തുന്ന 32 ബസുകൾ പണിമുടക്കി. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നതും ബസ് മറ്റുവാഹനങ്ങളുമായി ഉരസി കേടുപാട് സംഭവിക്കുന്നതുമാണ് അടിയന്തരമായി സർവീസ് നിർത്തിവെക്കാൻ ഇടയാക്കിയത്.


മെഡിക്കൽ കോളേജ് ചേവരമ്പലം വഴി ഒളവണ്ണ, ബേപ്പൂർ, നല്ലളംബസാർ, ഫറോക്ക്, പയ്യാനക്കൽ, അത്തോളി, ചീക്കിലോട്, പറമ്പിൽബസാർ, നരിക്കുനി-പാലത്ത്, റെയിൽവേ സ്റ്റേഷൻ, മാനാഞ്ചിറ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് പണിമുടക്കിയത്. ഇതിൽ അഞ്ചെണ്ണം മിനിബസുകളാണ്. ഇതുമൂലം ഈ ബസിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് യാത്രക്കാർ ബുധനാഴ്ച വിഷമത്തിലായി.


നേരത്തേ ഈ ബസുകൾ ദേശീയപാത മുറിച്ചുകടന്നാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ, മലാപ്പറമ്പ്-പാച്ചാക്കൽ സർവീസ് റോഡ് തുറന്നതോടെ പാച്ചാക്കലിലെ ഹൈവേ ക്രോസിങ് ദേശീയപാതാ അതോറിറ്റി ചൊവ്വാഴ്‌ പുലർച്ചെയോടെ അടച്ചു. ഇതോടെ മെഡിക്കൽ കോളേജ്-ചേവായൂർ-ചേവരമ്പലം വഴി മലാപ്പറമ്പിലേക്കുവരുന്ന വാഹനങ്ങളെല്ലാം സർവീസ് റോഡുവഴി മലാപ്പറമ്പിൽ പ്രവേശിച്ച് നഗരത്തിലേക്ക് പോകേണ്ടതായിവന്നു.


മറുവശത്തുനിന്ന് അതേപോലെ വലിയവാഹനങ്ങൾ വരാൻതുടങ്ങിയതാണ് രൂക്ഷമായ ഗതാഗതപ്രശ്നം ഉണ്ടാക്കിയത്.


രണ്ടു വലിയവാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതി ഈ ഭാഗത്ത് സർവീസ് റോഡിനില്ല. ബസും ആംബുലൻസും ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾ സർവീസ് റോഡ് കടന്നുപോകാനാകാതെ മുഖാമുഖം കുരിങ്ങിക്കിടന്നു. സർവീസ് റോഡിൻ്റെ വീതികൂട്ടുകയോ ദേശീയപാതയിലെ ക്രോസിങ് തുറക്കുകയോ ചെയ്യാതെ ബസ് സർവീസ് ആരംഭിക്കില്ലെന്നാണ് ഈ റൂട്ടിലെ സിറ്റി ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.


വിഷയം കളക്ടറുടെ മുന്നിലേക്ക്


വീതിയില്ലാത്ത സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ഉണ്ടാക്കുന്ന ഗതാഗതപ്രശ്നം ആർ.ടി.എ. ചെയർമാൻകൂടിയായ കളക്‌ടറുടെ പരിഗണനയിൽ. ബുധനാഴ്ച ഈ വിഷയം ഉന്നയിച്ച് ബസ്സുടമകൾ കളകറെ നേരിൽക്കണ്ട് സംസാരിച്ചു. വ്യാഴാഴ്ച രാഷ്ട്രീയപ്രതിനിധികളുടെയും നാട്ടുകാരുടെയും സംഘം ഇതേവിഷയം ഉന്നയിച്ച് കളക്‌ടറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.


പ്രക്ഷോഭത്തിന് ഒരുങ്ങി നാട്ടുകാർ


ശാസ്ത്രീയമായി വിശകലനംചെയ്യാതെ രണ്ട് വലിയബസുകൾ സർവീസ് നടത്തുന്ന റൂട്ട് വിതികുറഞ്ഞ സർവീസ് റോഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തേക്ക്, മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസുകൾ ഇടവിട്ട് യാത്രചെയ്യുന്ന ഈ റൂട്ട് വേണ്ടത്ര പഠനംനടത്താതെ തയ്യാറാക്കിയെന്നതാണ് ആക്ഷേപം. ബി.ജെ.പി. സിറ്റിജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ്‌ബാബു, കോർപ്പറേഷൻ കൗൺസിലർമാരായ സരിത പറയേരി, എൻ. സനൂപ്, വിനീത് സജീവ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചചെയ്തു. ഒരുസംഘം നാട്ടുകാർ ദേശീയപാത അതോറിറ്റിയുടെ ഓഫീസിലെത്തിയും വിഷയത്തിൻ്റെ ഗൗരവം അറിയിച്ചു.


സർവീസ് റോഡിലെ പ്രശ്‌നം പരിഹരിക്കാൻ ബസ്സുടമകൾ ബദൽരേഖ തയ്യാറാക്കി. സർവീസ് റോഡിൻ്റെ വശത്തെ മൺകൂന തട്ടി വീതികൂട്ടുന്ന നിർദേശമാണ് ബസ്സുടമകൾ മുന്നോട്ടുവെച്ചിട്ടുള്ളത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles