ഒടുവിൽ സബ് രജിസ്ട്രാർ ഉൾപ്പെടെ വലയിൽ
തിരുവനന്തപുരം : ആദ്യം കെട്ടുറപ്പുള്ള തിരക്കഥ തയ്യാറാക്കി. പിന്നാലെ രൂപസാദൃശ്യമടക്കം അനിയോജ്യരായ കഥാപാത്രങ്ങളെ കണ്ടെത്തി.
എല്ലാം പ്ലാൻ പ്രകാരം മുന്നോട്ടുപോയി. പക്ഷേ വിജയിച്ചു എന്നു കരുതിയ തട്ടിപ്പ് നാടകം അവസാന നിമിഷം പൊളിഞ്ഞപ്പോൾ വെളിവായത് കേരളം കണ്ടിട്ടില്ലാത്ത ക്രീമിനൽ ബുദ്ധി. തലസ്ഥാനത്തെ പത്തുകോടിയുടെ ഭൂമിതട്ടിപ്പിനൊടുവിൽ സബ് രജിസ്ട്രാർ കൂടി അറസ്റ്റിലായപ്പോൾ ചിത്രം പൂർണമായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർ നഗറിലെ ഭൂമിയും വീടും രൂപസാദൃശ്യമുള്ളവരെ ഉപയോഗിച്ചും വ്യാജരേഖകളുണ്ടാക്കിയും കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് വനിതാ സബ് രജിസ്ട്രാറെ പോലീസ് അറസ്റ്റ് ചെയ്തത്.
ആധാരമെഴുത്തുകാരൻ മുഖ്യസൂത്രധാരനായ തട്ടിപ്പ് സംഘത്തിനു കൂട്ടുനിന്ന ശാസ്‌തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.എസ്.ലക്ഷ്‌മിയാണ് കഴിഞ്ഞദിവസം മ്യൂസിയം പോലീസിൻ്റെ പിടിയിലായത്. ഏറെനാളത്തെ നിരീക്ഷണത്തിനും കൃത്യമായ തെളിവുശേഖരണത്തിനും ശേഷമായിരുന്നു ഈ ഉദ്യോഗസ്ഥയുടെ അറസ്റ്റ്.
ആധാരമെഴുത്തുകാരനും കോൺഗ്രസ് പ്രാദേശിക നേതാവുമായ പ്രധാന പ്രതി മണികണ്ഠനിൽനിന്ന് 10 ലക്ഷം രൂപയും 10 മൊബൈൽഫോണുകളും ഇവർ കൈക്കൂലിയായി വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. പ്രമാണത്തിനായി ഹാജരാക്കിയ പ്രതികളുടെ തിരിച്ചറിയൽ കാർഡുൾപ്പെടെ വ്യാജമായി നിർമിച്ചവയായിരുന്നു. ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയത് ലക്ഷ്മിയായിരുന്നു.
ആർക്കും സംശയം തോന്നാതിരിക്കാൻ ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിനു പുറത്തുവെച്ചായിരുന്നു പ്രമാണത്തിൽ പ്രതികളെക്കൊണ്ട് ഒപ്പിടിച്ചത്. ഏറ്റവുമൊടുവിലാണ് നിർണായകമായ രജിസ്ട്രേഷൻ തട്ടിപ്പിന് കൂട്ടുനിന്ന സബ് രാജിസ്ട്രാർ അറസ്റ്റിലായത്.
അമേരിക്കയിൽ താമസിക്കുന്ന ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെൻ്റ് വസ്‌തുവും വീടും വെറും ആറുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിയെടുത്തത്.
ഡോറയുമായി രൂപസാദ്യശ്യമുള്ള ആളെ കണ്ടെത്തുകയായിരുന്നു തട്ടിപ്പിൻ്റെ ആദ്യപടി. വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത (76) യെ കണ്ടെത്തി പണം നൽകി വശത്താക്കി. രജിസ്ട്രാർ ഓഫീസിൽവച്ച് വസന്ത, ഡോറയായി ആൾമാറാട്ടം നടത്തി പ്രമാണ രജിസ്ട്രേഷൻ നടത്തി. ഡോറയുടെ വളർത്തുമകളാണ് എന്ന വ്യാജേനെ മറ്റൊരു പ്രതി മെറിന് ഈ വസ്തു ധനനിശ്ചയം ചെയ്‌തു. തുടർന്ന് മറ്റൊരു പ്രതി അനിൽതമ്പിയുടെ ഭാര്യാപിതാവായ ചന്ദ്രമസനന് വിലയാധാരമായി എഴുതി നൽകുകയായിരുന്നു. ഡോറയുടെ കെയർടേക്കർ കരമൊടുക്കാൻ പോയപ്പോഴാണ് വസ്തു മറ്റൊരാളുടെ പേരിലാണെന്നു അറിയുന്നതും തട്ടിപ്പ് പുറത്തുവരുന്നതും.
ഓഫീസ് അറ്റൻഡൻ്റിനെ ചോദ്യംചെയ്തു
സബ്രജിസ്ട്രാർ ലക്ഷ്‌മിക്ക് രജിസ്ട്രാർ ഓഫീസിലെ മറ്റൊരു ജീവനക്കാരന്റെ സഹായം ലഭിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ മ്യൂസിയം പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. ഓഫീസ് അറ്റൻഡന്റായ ഇയാളെ ചോദ്യംചെയ്തശേഷം പിന്നീട് വിട്ടയച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








