ചാല : ദേശീയപാതാ നിർമാണം നീളുമ്പോൾ യാത്രാക്ലേശത്തിൽ വലഞ്ഞ് ചാലക്കുന്ന് മേഖല. യാത്രാവഴികളും ബസ് സ്റ്റോപ്പും ഇല്ലാതായതോടെ കീഴ്ത്തള്ളി മുതൽ ചാല അമ്പലം വരെയുള്ളവർ ഈ ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. മതിയായ ബദൽസൗകര്യം ഏർപ്പെടുത്താതെ നടക്കുന്ന റോഡുപണിയിൽ വലഞ്ഞിരിക്കുകയാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ.
ചാല ചിന്മയമിഷൻ കോളേജ്, തോട്ടടയിലെ പോളിടെക്നിക്ക് കോളേജ്, ഐ.ടി.ഐ. എന്നിവിടങ്ങളിലെ നൂറുക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന ചാലക്കുന്നിലെ ബസ്സ്റ്റോപ്പ് ഇല്ലാതായിട്ട് മാസങ്ങളായി. ചാലക്കുന്നിലെ ബസ്സ്റ്റോപ്പ് പഴയ ചാല സ്റ്റേഷൻ സ്റ്റോപ്പിലേക്ക് മാറ്റിയതായി അധികൃതർ പറയുന്നുണ്ടെങ്കിലും ബസുകൾ മിക്കതും നിർത്തുന്നില്ല.
കൂടാതെ, ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലാണ് ബസ് കാത്തുനിൽപ്പ്. ഇവിടെ റോഡ് മുറിച്ചുകടക്കാൻ കഴിയാതെ വിഷമിക്കുകയാണ് കുട്ടികളും വയോജനങ്ങളും. പൊടിശല്യവും രൂക്ഷമാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയാകരുത് നിർമാണമെന്ന കോടതി ഉത്തരവുകളൊന്നും ഗൗനിക്കാതെയാണ് കരാറുകാരും ദേശീയപാതാ അധികൃതരും നീങ്ങുന്നത്. ചാലക്കുന്ന് മുതൽ ചാല സ്റ്റേഷൻവരെ കിളച്ചിട്ട റോഡിലൂടെയാണ് വാഹനയാത്ര.
ജില്ലിതെറിച്ചും തെന്നിവീണും നിത്യേന ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്. കൂടാതെ, ചക്രങ്ങൾ പഞ്ചറാകുന്നതും പതിവാണ്. കരാറുകാർ ചില നേരങ്ങളിൽ വെള്ളം തളിക്കുന്നുണ്ടെങ്കിലും പൊടി രൂക്ഷമാണ്.
ഒഴിയാക്കുരുക്ക് :ആംബുലൻസുകളടക്കം രാപകൽ വ്യത്യാസമില്ലാതെ മേഖലയിൽ കുരുക്കിൽപ്പെടുന്നുണ്ട്. കീഴ്ത്തള്ളിയിൽനിന്ന് ചാലക്കുന്നിലേക്കുള്ള സർവീസ് റോഡിന്റെ നിർമാണത്തിലെ അപാകമാണ് കാരണമായി നാട്ടുകാർ പറയുന്നത്. ഭാരവാഹനങ്ങൾ കയറ്റത്തിൽ കുടുങ്ങുന്നത് പതിവാണ്. ഇതോടെ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുന്നു.
ഇതിനിടയിൽ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ചില സ്വകാര്യ ബസുകളടക്കം വൺ വേ തെറ്റിച്ച് ചാലക്കുന്നിൽനിന്ന് കീഴ്ത്തള്ളിയിലേക്ക് ഇറങ്ങുന്ന റോഡിലൂടെ കുതിച്ചു പായുന്നു. വൻ അപകടത്തിന് വഴിയൊരുക്കുന്ന ഈ പോക്ക് തടയാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. കീഴ്ത്തള്ളിയിൽ തട്ടുകടകളിലും മറ്റും ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ ചിലർ വാഹനങ്ങൾ തോന്നിയതുപോലെ നിർത്തിയിടുന്നതും ചൊവ്വ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഓവുപാലം പാലം വഴി ബസുകൾ കയറിവരുന്നതും ഗതാഗതതടസ്സമുണ്ടാക്കുകയാണ്. റെയിൽവേ ഗേറ്റിനു സമീപം ട്രാഫിക് നിയന്ത്രണത്തിന് പോലീസ് സാന്നിധ്യമുണ്ടെങ്കിലും കീഴ്ത്തള്ളിയിലോ ചാലക്കുന്നിലോ കാണാറില്ല.
ചാലക്കുന്നിലെ മണ്ണെടുക്കാൻ കാണിച്ച ആവേശം റോഡ് നിർമാണത്തിൽ കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. സർവീസ് റോഡ് നിർമാണം പാതിവഴിയിലാണ്. ചാല മുത്തപ്പൻ ക്ഷേത്രത്തിനടുത്തുനിന്ന് ചാല സ്റ്റേഷൻവരെ പണി പൂർത്തിയാകാത്ത സർവീസ് റോഡ് തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും കല്ലുകൾ ഇളകിയ റോഡിലൂടെയുള്ള യാത്ര കഠിനമാണ്. കീഴ്ത്തള്ളിയിൽനിന്ന് ചാല മുത്തപ്പൻക്ഷേത്രംവരെയുള്ള സർവീസ് റോഡ് എങ്ങുമെത്തിയിട്ടുമില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








