കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു
കളമശ്ശേരി : അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശ്ശേരിയിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ നമുക്കായിട്ടുണ്ടെങ്കിലും ഗൗരവത്തോടെ സമീപിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളും ജീവിതശൈലീരോഗങ്ങളും വെല്ലുവിളിയായി തുടരുന്നു. എല്ലാ അർബുദരോഗങ്ങളും ജീവിതശൈലിമൂലം ഉണ്ടാകുന്നതാണെന്ന് പറയാൻ കഴിയില്ലെങ്കിലും ഭൂരിഭാഗം കേസുകളും ആ ഗണത്തിൽ പെടുന്നവയാണ്.
ജീവിതശൈലിയിൽ നല്ലരീതിയിലുള്ള മാറ്റം വരുത്താൻ നാം ഓരോരുത്തരും തയ്യാറാകണം. ഓരോരുത്തരും അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായിതന്നെ രോഗപ്രതിരോധത്തെ കണ്ടാൽ സമൂഹത്തിനും നാടിനും ഭീഷണിയായി തുടരുന്ന അർബുദം പോലുള്ള പല രോഗങ്ങളെയും ഫലപ്രദമായി നേരിടാൻ കഴിയും. രോഗമുണ്ടായതിനുശേഷമുള്ള ചികിത്സയ്ക്കുപകരം രോഗ പ്രതിരോധത്തിനും മുൻകൂട്ടിയുള്ള രോഗനിർണയത്തിനും സർക്കാർ കൂടുതൽ ഊന്നൽ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനു പിൻതുണയായത് കിഫ്ബി
കിഫ്ബിയിൽനിന്ന് ലഭ്യമാക്കിയ 449 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടസമുച്ചയം നിർമിച്ചിരിക്കുന്നത്. കൊച്ചിയിൽ കാൻസർ റിസർച്ച് സെൻ്റർ വേണമെന്നത് ഒരു വലിയ ബഹുജന ആവശ്യമായിരുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരും പ്രൊഫ. എം.കെ. സാനുവും ഡോ. സി.കെ. രാമചന്ദ്രനുമൊക്കയാണ് ആ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ബൃഹത്തായ പദ്ധതികൾ യാഥാർഥ്യമാക്കാൻ പണമായിരുന്നു പ്രധാനപ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനു പരിഹാരമായിട്ടാണ് ബജറ്റിനു പുറമേ ഒരു സമാന്തര ധനസ്രോതസ്സ് എന്ന നിലയിൽ 2016-ൽ കിഫ്‌ബിയെ സർക്കാർ പുനരുജ്ജീവിപ്പിക്കുന്നത്, വിദ്യാഭ്യാസം, ആരോഗ്യം, ദേശീയപാതാ വികസനം, തീരദേശ-മലയോര ഹൈവേകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നിറവേറ്റാൻ കിഫ്ബി വഴി നമുക്കായി. ആരോഗ്യമേഖലയ്ക്ക് കിഫ്ബി നൽകിയ സംഭാവനകൾ വളരെ വലുതാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വരെ പലവിധത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞു, വിവിധ മേഖലകളിലായി 90,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്‌ബി വഴി ഏറ്റെടുത്തത്-മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാജോർജ് അധ്യക്ഷയായി. വ്യവസായ മന്ത്രി പി. രാജീവ് ആമുഖപ്രഭാഷണം നടത്തി. സി.സി.ആർ.സി. സ്പെഷ്യൽ ഓഫിസറും സിയാൽ എം.ഡി.യുമായ എസ്. സുഹാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ലോക ബാങ്ക് സൗത്ത് ഈസ്റ്റ് ഏഷ്യ ലീഡ് ആതിഫ് സയിദ്, സി.സി.ആർ.സി. ഡയറക്ടർ ഡോ. പി.ജി. ബാലഗോപാലിന് ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കറ്റ് കൈമാറി. എം.എൽ.എ.മാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കെ. ബാബു ആന്റണി ജോൺ, ഉമാതോമസ്, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, കൗൺസിലർ കെ.ബി. ബാബുരാജ്, ഇൻകെൽ എം.ഡി. കെ. ഇളങ്കോവൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








