മണ്ണും ചെളിയും നിറഞ്ഞ് ന്യൂമാഹി ഫിഷ് ലാൻഡിങ് സെന്റർ

മണ്ണും ചെളിയും നിറഞ്ഞ് ന്യൂമാഹി ഫിഷ്  ലാൻഡിങ് സെന്റർ
മണ്ണും ചെളിയും നിറഞ്ഞ് ന്യൂമാഹി ഫിഷ് ലാൻഡിങ് സെന്റർ
Share  
2026 Feb 08, 09:01 AM

തുറമുഖത്തേക്കടുക്കാനാകാതെ വള്ളങ്ങൾ


ന്യൂമാഹി : ന്യൂമാഹി ഫിഷ് ലാൻഡിങ് സെൻ്ററിൻ്റെ വികസനം മുടങ്ങുന്നു. മാഹി മീൻപിടിത്ത തുറമുഖത്തിൻ്റെ നിർമാണം പൂർത്തിയാകാതെ പാതിവഴിയിലായതോടെയാണ് സമീപത്തെ അഴിമുഖം നികുന്ന് ആഴമില്ലാതായത്. ഇതോടെ ഇതുവഴി വലിയ തോണികൾക്കും ബോട്ടുകൾക്കും കടന്നുപോകാൻ പ്രയാസമായി.


ഈ സാഹചര്യത്തിലാണ് ഫിഷ് ലാൻഡിങ് സെന്ററിന്റെ വികസനം തടസ്സപ്പെട്ടത്. മത്സ്യത്തൊഴിലാളികൾക്ക് പൂർണമായും ഉപയോഗപ്പെടുന്ന തരത്തിൽ സെന്റർ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.


ന്യൂമാഹിയിൽ മാഹിപ്പാലത്തിനും അഴിമുഖത്തിനുമിടയിലാണ് അഴിക്കൽ ഭാഗത്ത് ഷിഷ് ലാൻഡിങ് സെന്റർ സ്ഥിതിചെയ്യുന്നത്. നിലവിൽ ഫിഷ് ലാൻഡിങ് സെൻ്ററിന് സമീപം അഴിമുഖം മണ്ണും ചെളിയും മാലിന്യവും നിറഞ്ഞ് ആഴം ഒട്ടുമില്ലാത്ത അവസ്ഥയിലാണ്.


അഴിമുഖം ആഴം കൂട്ടാതെ രക്ഷയില്ല


2015ൽ 1.36 കോടി രൂപ ചെലവഴിച്ച് ഒട്ടേറെ വികസന പ്രവൃത്തികൾ നടത്തിയിരുന്നു. 2023-ൽ 60 ലക്ഷം രൂപ ചെലവിൽ നിലവിലുള്ള ബോട്ട് ജെട്ടി നവീകരിച്ച് പുനർനിർമിക്കുകയും ചെയ്തു‌. എന്നാൽ ഇതൊന്നും തന്നെ മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്പെടുന്നില്ല.


മയ്യഴിപ്പുഴയും കടലും ചേരുന്ന അഴിമുഖത്തെ പൂഴിയും ചെളിയും നീക്കി ആഴം കൂട്ടിയാൽ മാത്രമേ തോണികൾക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയമായി പരിശോധന നടത്തി വേണ്ട പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.


ഫിഷ് ലാൻഡിങ് സെൻ്റർ ഉപയോഗപ്പെടണം


ഫിഷ് ലാൻഡിങ് സെൻ്റർ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടണമെങ്കിൽ മത്സ്യബന്ധന ബോട്ടുകൾക്ക് സഞ്ചരിക്കാൻ സാധിക്കണം. അഴിമുഖം പൂർണമായും നികുന്നതിനാൽ ചെറുതോണികൾക്ക് പോകാൻപോലും പ്രയാസമാണ്. ഇത് കാരണം ന്യൂമാഹിയിലെ മത്സ്യത്തൊഴിലാളികൾ ചോമ്പാല തുറമുഖവും തലായി തുറമുഖവുമാണ് വള്ളങ്ങളടുപ്പിക്കാൻ ആശ്രയിക്കുന്നത്.


കൂടുതൽ സൗകര്യം വേണം


മത്സ്യത്തൊഴിലാളികളുടെ വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനും അവ അറ്റകുറ്റപ്പണി നടത്താനും സ്ഥലസൗകര്യമില്ലെന്നാണ് പരാതി. അഴിക്കലിലെ 80-ഓളം മത്സ്യത്തൊഴിലാളികളാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ഇതിനായുള്ള കെട്ടിടഹാളിൽ കൂടുതൽ സൗകര്യമുണ്ടാക്കുകയോ സൗകര്യമുള്ള കെട്ടിടം നിർമിക്കുകയോ വേണമെന്നാണ് ആവശ്യം.


തോണികളെല്ലാം നിർത്തിയിടാനുള്ള സൗകര്യം ബോട്ടുജെട്ടിക്കില്ല. ബോട്ട് ജെട്ടിയോട് ചേർന്ന് മാഹിപ്പാലം ഭാഗത്തേക്ക് ജെട്ടി നീട്ടി നിർമിക്കണമെന്നാണ് മറ്റൊരു ആവശ്യം.


ശൗചാലയം വേണം


ഫിഷ് ലാൻഡിങ് സെൻ്ററിൽ ശൗചാലയമോ കുളിമുറിയോ ഇല്ല. മറുനാടൻ തൊഴിലാളികൾക്ക് മതിയായ താമസസൗകര്യവും ഇവിടെ ലഭിക്കുന്നില്ല. വലിയ തോണികളിൽ 20 മുതൽ 30 വരെ തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. മതിയായ കുടിവെള്ള സംവിധാനവുമില്ല. വെള്ളം ലഭിക്കുന്ന ഒരു ടാപ്പ് മാത്രമേയുള്ളൂവെന്നാണ് പരാതി. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കലാണ് ഇവിടെ വെള്ളം കിട്ടുന്നത്. ഈ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.


പുലിമുട്ട് നിർമിക്കുക പരിഹാരം


ഫിഷ് ലാൻഡിങ് സെന്ററിന്റെ വികസനം സാധ്യമാകണമെങ്കിൽ കടലിൽ പുലിമുട്ട് നിർമിക്കുക മാത്രമാണ് പോംവഴിയെന്ന് വിദഗ്‌ധർ പറയുന്നു. 2013-ൽ പ്രവൃത്തി നിന്നുപോയ മാഹി മീൻപിടിത്ത തുറമുഖം യാഥാർഥ്യമാകാൻ ഇപ്പോൾ വഴിയൊരുങ്ങുകയാണ്. ഇതിനായി 67 കോടി രൂപ അനുവദിച്ച സാഹചര്യത്തിൽ മൂന്നുമാസത്തിനകം പ്രവൃത്തി തുടങ്ങിയേക്കും. മാഹി തുറമുഖ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒരു പുലിമുട്ടിന്റെ പ്രവൃത്തി നടത്താതിരുന്നത് കാരണമാണ് അഴിമുഖം ആഴമില്ലാതായത്. മാഹി തുറമുഖപദ്ധതിയിൽ ഈ പുലിമുട്ട് നിർമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് നടന്നിട്ടില്ല. നിലവിൽ ഈ കേന്ദ്രം കൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles