പുതിയ റൂട്ടുകളിൽ എഐ ഉപയോഗപ്പെടുത്തും
കൊച്ചി : പുതിയ പദ്ധതികളിൽ നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്-എഐ) സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. കാക്കനാട്ടേയ്ക്കുള്ള മെട്രോ രണ്ടാംഘട്ടം, അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടം, തിരുവനന്തപുരം മെട്രോ എന്നിവയിലെല്ലാം എഐ ഉപയോഗിക്കും. തുടക്കത്തിൽ അഞ്ചുമേഖലകൾ കേന്ദ്രീകരിച്ചാണ് ഇതിന് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎംആർഎല്ലും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ധാരണയിലെത്തിയിട്ടുണ്ട്. നിർമിതബുദ്ധി, ഇൻ്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക് ചെയിൻ എന്നിങ്ങനെയുള്ള പുത്തൻ സാങ്കേതികവിദ്യകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിൽ ഉൾപ്പെടെ ഇവർ കെഎംആർഎല്ലിന് ആവശ്യമായ പിന്തുണ നൽകും.
നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡിഎംആർസി) കെഎംആർഎല്ലും നേരത്തേതന്നെ പഠനം നടത്തിയിരുന്നു. സാധ്യമായ 25 മേഖലകൾ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ കൂടുതൽ പ്രായോഗികമെന്നുകണ്ട അഞ്ചു മേഖലകളിലാണ് തുടക്കത്തിൽ എഐ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ടിക്കറ്റിങ്, തിരക്കുനിയന്ത്രണം, ഷെഡ്യൂൾ തയ്യാറാക്കൽ തുടങ്ങിയവ ഉൾപ്പെടെയാണിത്. ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കും. വാട്ടർമെട്രോയിലും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനുപുറമേ രാജഗിരി എൻജിനിയറിങ് കോളേജും ഇതിന് കൊച്ചി മെട്രോയെ സഹായിക്കും.
മറ്റു സംസ്ഥാനങ്ങളിലും കേരളത്തിന്റെ മാതൃകയിൽ വാട്ടർമെട്രോ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ ഈ പദ്ധതികൾ രാജ്യത്തിനാകെ ഗുണം ചെയ്യും.
നിലവിലെ മെട്രോ റൂട്ടിൽ എഐ സാങ്കേതികത ഉപയോഗിക്കുന്നതിനേക്കാൾ ലാഭകരം പുതിയ പാതകളിൽ ഇത് അവതരിപ്പിക്കുന്നതാണ്. നിലവിലുള്ള റൂട്ടിൽ എഐ നടപ്പാക്കുന്നതിന് കൂടുതൽ ചെലവുവരും. ഇത് കണക്കിലെടുത്താണ് മെട്രോയുടെ രണ്ട്, മൂന്ന് ഘട്ടങ്ങളും തിരുവനന്തപുരം മെട്രോയുമെല്ലാം കേന്ദ്രീകരിച്ച് പദ്ധതി തയ്യാറാക്കുന്നതെന്നും ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
ഗതാഗതസംവിധാനങ്ങളിൽ രാജ്യത്തെ മറ്റു നഗരങ്ങൾക്ക് മാതൃകയാകുന്നതരത്തിൽ കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
പ്രൊഫസർ ആശിഷ് വർമ പറഞ്ഞു. ഗതാഗതസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ കെഎംആർഎല്ലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഒപ്പിട്ടു. പത്രസമ്മേളനത്തിൽ കെഎംആർഎൽ ഡയറക്‌ടർ (പ്രോജക്‌ട്‌സ്) ഡോ. എം.പി. രാംനവാസ് പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











