ഒപ്പം മാറണം വൈപ്പിൻകര
ചെറായി: തീരദേശമേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന അഴീക്കോട്-മുനമ്പം പാലം നിർമാണം പകുതിയിലേറെ പൂർത്തിയായി. മുനമ്പം ഭാഗത്തേക്കുള്ള നിർമാണം ദ്രുതഗതിയിൽ മുന്നേറുകയാണ്. അപ്രോച്ച് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.7 മീറ്റർ വീതിയുമുള്ള പാലത്തിന് 1.5 മീറ്റർ വീതിയുള്ള നടപ്പാതയും 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കുമാണുള്ളത്.
2017 ഫെബ്രുവരിയിലാണ് വൈപ്പിൻ, കയ്പമംഗലം നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന് കിഫ്ബിയിൽ 160 കോടി രൂപ അനുവദിച്ചത്.
പാലം തുറന്നാൽ മുനമ്പം ഹാർബറിൽനിന്നുള്ള മത്സ്യങ്ങൾ വടക്കൻമേഖലയിലേക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിക്കാം. തൃശ്ശൂർ ജില്ലക്കാർക്ക് എളുപ്പം എറണാകുളത്തേക്കും എത്താം.
അങ്ങനെ പാലം യാഥാർഥ്യമാകുമ്പോൾ ഇരുമേഖലയിലും ലഭിക്കുന്ന ഗുണങ്ങൾക്കൊപ്പം പ്രതിസന്ധികളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വൈപ്പിനിൽ നടക്കുന്നുണ്ടോയെന്ന ചോദ്യം പ്രധാനമായും ഉയരുന്നു.
ഗതാഗതകുരുക്കുകളുടെ വേദി
വൈപ്പിൻ-മുനമ്പം സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും നടപ്പാതകൾ നിർമിച്ചത് കാൽനടയാത്രക്കാർക്ക് ആശ്വാസമാണെങ്കിലും റോഡിൻ്റെ വിതിക്കുറവ് പ്രതിസന്ധിയാണ്. ഇപ്പോൾത്തന്നെ സംസ്ഥാനപാതയിൽ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. പാലം യാഥാർഥ്യമായാൽ കണ്ടെയ്‌നർ അടക്കമുള്ള വലിയ വാഹനങ്ങൾ സംസ്ഥാനപാതയിലൂടെയാകും മുന്നോട്ടു പോകുക. ഇതോടെ സംസ്ഥാനപാതയിലെ ഗതാഗതത്തിരക്ക് നാലിരട്ടിയാകും.
മുനമ്പത്തെ വളവുകൾ, ചെറായി ദേവസ്വം നട, ചെറുവൈപ്പ്, കുഴുപ്പിള്ളി, പഴങ്ങാട്, ഞാറയ്ക്കൽ, വളപ്പ്, പുതുവൈപ്പ്. ഗോശ്രീപാലങ്ങൾ എന്നിവിടങ്ങളിലാകും ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാവുക.
തീരദേശപാത നിർമാണം
വൈപ്പിനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പാലത്തിലൂടെ വരുന്ന വാഹനങ്ങളെ മറ്റൊരു പാതയിലൂടെ കടത്തിവിടുകയാണ് ഏറ്റവും സൗകര്യപ്രദം. തീരദേശപാത നിർമാണം അടിയന്തരമായി പൂർത്തിയാക്കിയാൽ പുതിയ പാലത്തിന്റെ വികസനത്തിനൊപ്പം പുതുപാഠം രചിക്കാനാകും.
കിഴക്കൻ കായലോരപാത
കിഴക്കൻ കായലോരപാത നിർമിക്കുകയാണ് മറ്റൊരു മാർഗം. കായലിലെ മത്സ്യബന്ധനത്തിന് തടസ്സമാകുകയും നീരൊഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്യുന്ന മണൽത്തിട്ടകളിലെ മണ്ണുപയോഗിച്ചുകൊണ്ട് കായലോര പാത നിർമിച്ചാൽ കുടിയൊഴിപ്പിക്കലുകൾ ഒഴിവാക്കാം. വൈപ്പിന്റെ കിഴക്കൻ പ്രദേശത്തേക്ക് വെള്ളംകയറുന്നതിന് കാരണമാകുന്ന മണൽത്തിട്ടകൾ ഉപയോഗിച്ച് നികത്തി നിർമിക്കുന്ന പുതിയ റോഡ്, കിഴക്കൻ മേഖലയ്ക്ക് സുരക്ഷിതത്വമേകും. ഇവിടെ മെട്രോ റെയിലിനും റെയിൽപ്പാതയ്ക്കുമെല്ലാമുള്ള സ്ഥലം ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയിടണം.
ടൂറിസം സാധ്യതകൾ
പുതിയ പാലം ഇരുകരകളിലെയും ജനങ്ങൾക്കു നൽകുന്ന ടൂറിസം സാധ്യതകൾ വളരെ വലുതാണ്. മുനമ്പം, ചെറായി, കുഴുപ്പിള്ളി, പുതുവൈപ്പ് ബീച്ച് ടൂറിസം എന്നതിനപ്പുറത്തേക്ക് ടൂറിസം വികസിക്കണം. താമരവട്ടം, നെടുങ്ങാട്, വെളിയത്താംപറമ്പ്, വളപ്പ് തുടങ്ങിയ പ്രകൃതിസുന്ദരങ്ങളായ നിരവധി പ്രദേശങ്ങൾ വൈപ്പിൻ കായലോരത്തുണ്ട്. ഹോംസ്റ്റേകൾ, സ്ഥിരം കലാപ്രദർശന വേദികൾ, വാട്ടർ അഡ്വഞ്ചർ സ്പോർട്‌സ് എന്നിവ ദീർഘവീക്ഷണത്തോടെ സർക്കാർ മുൻകൈയെടുത്ത് ആരംഭിക്കണം.
ഭക്ഷണപ്രേമികൾ, കലാസ്നേഹികൾ, കായികതാരങ്ങൾ, രോഗികൾ, വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങളെയും പരിഗണിച്ച് വൈപ്പിനിലും പുതിയ സ്ഥാപനങ്ങൾ ഉയർന്നുവരണമെങ്കിൽ വിശദമായ മാസ്റ്റർപ്ലാൻ വൈപ്പിൻകരയ്ക്കുവേണ്ടി തയ്യാറാക്കണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











