ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായ 'ആകാശമിഠായി'യും ബേപ്പൂർ ഉരുക്കൾ നിർമിക്കുന്ന പണിശാലയും കാണാനായി 34 രാജ്യങ്ങളിൽനിന്നുള്ള എൺപതോളംവരുന്ന സഞ്ചാരികൾ ബുധനാഴ്ച ബേപ്പൂരിലെത്തി.
കേരള വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിച്ച ആഗോള ആയുർവേദ വെൽനസ് കോൺക്ലേവിന്റെ ഭാഗമായി റഷ്യ, ജർമനി, ഫ്രാൻസ്, അമേരിക്ക, ഇംഗ്ലണ്ട്, സ്ലോവാക്യ, ഇറ്റലി, കസാഖ്സ്താൻ, സൗദി അറേബ്യ, ബൾഗേറിയ, ഇസ്രയേൽ, ദക്ഷിണകൊറിയ, അർമേനിയ, പോളണ്ട്, പോർച്ചുഗൽ, മെക്സിക്കോ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കോഴിക്കോട്ടെത്തിയവരാണ് ബേപ്പൂരിൽ വന്നത്.
രാവിലെ പതിനൊന്നുമണിയോടെ ആകാശമിഠായിക്ക് മുൻപിൽ വന്നിറങ്ങിയ സംഘത്തെ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറും കക്കാടത്ത് നദിമുഖത്തെ ഉരുപ്പണിശാലയിലെത്തിയ സംഘത്തെ ഉരുശില്പി എടത്തൊടി സത്യനുംചേർന്ന് സ്വീകരിച്ചു.
ബഷീർ കഥകളും ചിന്തകളും ആകാശമിഠായിയുടെ പ്രസക്തിയും സംഘത്തിന് അനീസ് ബഷീർ വിവരിച്ചുകൊടുത്തു. ഹെറിറ്റേജ് സ്റ്റോറി ടെല്ലർ രാജീവ് രാഘവൻ ബഷീറിന്റെ വിവിധകൃതികളെക്കുറിച്ചും ആകാശമിഠായി എങ്ങനെ ഉയർന്നുവന്നു എന്നതിനെ സംബന്ധിച്ചും വിശദീകരിച്ചു.
തൊട്ടരികിലുള്ള ചാലിയാർ തീരവും അവിടത്തെ ഉരുശില്പി എടത്തൊടി സത്യൻ്റെ ഉരുപ്പണിശാലയും വിദേശസംഘം സന്ദർശിച്ചു.
ഉരുനിർമിക്കുന്ന തച്ചൻമാരുടെ മനക്കണക്കും ആധുനിക സാങ്കേതികവിദ്യയെ വെല്ലുന്ന ബേപ്പൂർ ഖലാസികളുടെ മെയ്ക്കരുത്തും എടത്തൊടി സത്യനും മകൻ ജിഷ്ണുവും സംഘത്തിന് വിശദീകരിച്ചുകൊടുത്തു. പൗരാണിക കപ്പലുകളായ ഉരുനിർമാണംവഴിയുണ്ടായ വിദേശ വാണിജ്യബന്ധം ഖത്തറിലെ രാജകുടുംബാംഗങ്ങൾക്കുവേണ്ടി ബേപ്പൂരിൽനിന്ന് ഉണ്ടാക്കിക്കൊണ്ടുപോകുന്ന ഉല്ലാസ ഉരുക്കൾ തുടങ്ങിയവയൊക്കെ ചർച്ചചെയ്യപ്പെട്ടു.
കോഴിക്കോടിൻ്റെ ആതിഥ്യമര്യാദയും കലയും സംസ്കാരവും ലോകോത്തരമാണെന്ന് (ഫ്രാൻസിൽനിന്നെത്തിയ സോഫിയ അഭിപ്രായപ്പെട്ടു. ഇവിടുത്തെ ജനങ്ങളുടെ പെരുമാറ്റവും ഊഷ്‌മളതയും തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് സംഘത്തിലെ റഷ്യക്കാരനായ കാരലീൻ പറഞ്ഞു,
ബേപ്പൂർ ഡിവലപ്മെൻ്റ് മിഷൻ ചെയർമാൻ ടി. രാധാഗോപി, ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ പ്രദീപ് ചന്ദ്രൻ, ഡി.ടി.പി.സി. സെക്രട്ടറി ഡോ. നിഖിൽദാസ്, പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ സൗമ്യ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.
സംസ്ഥാനത്തിൻ്റെ വെൽനസ് ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ആയുർവേദ കോൺക്ലേവ് സംഘടിപ്പിച്ചത്. സംഘം പിന്നീട് വയനാട്ടിലേക്കുതിരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











