ആദ്യക്ഷരങ്ങൾ വിരിഞ്ഞ അക്ഷരമുറ്റം !! ഇന്ന് തട്ടോളിക്കര യു പി സ്ക്കൂളിന്റെ നൂറ്റിഇരുപത്തിമൂന്നാം വാർഷികോത്സവം

ആദ്യക്ഷരങ്ങൾ വിരിഞ്ഞ അക്ഷരമുറ്റം !! ഇന്ന് തട്ടോളിക്കര യു പി സ്ക്കൂളിന്റെ നൂറ്റിഇരുപത്തിമൂന്നാം വാർഷികോത്സവം
ആദ്യക്ഷരങ്ങൾ വിരിഞ്ഞ അക്ഷരമുറ്റം !! ഇന്ന് തട്ടോളിക്കര യു പി സ്ക്കൂളിന്റെ നൂറ്റിഇരുപത്തിമൂന്നാം വാർഷികോത്സവം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2023 Apr 13, 04:07 PM
vasthu
mannan

തട്ടോളിക്കര യു പി സ്ക്കൂളിന്റെ നൂറ്റിഇരുപത്തിമൂന്നാം വാർഷികോത്സവദിനവും ആധുനീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ബഹു .MLA കെ കെ രമയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ബഹു .പൊതുമരാമത്ത് -ടൂറിസം മന്ത്രി അഡ്വ .പി .എ .മുഹമ്മദ്‌ റിയാസ് നിർവ്വഹിക്കുന്നു .നാടിനു അഭിമാനകരമായ കാര്യം .


ഓർമ്മകളുടെ മരച്ചട്ടയുള്ള സ്ളേറ്റിൽ എത്രതന്നെ മഷിത്തണ്ടുകൊണ്ട് ഉരച്ചുമായ്ച്ചാലുംമാഞ്ഞുപോകാത്ത ചില ചിത്രങ്ങളുണ്ട് .തെളിമ നഷ്ട്ടപ്പെടാത്ത ചില ഓർമ്മചിത്രങ്ങൾ .

അതിലൊന്നാണ് ആദ്യമായി സ്‌കൂളിലെത്തിയ ദിനം .ജൂൺ 2 .

പുതുമഴയുടെ മുന്നൊരുക്കത്തോടെ സ്‌കൂളിൽപോയിരുന്ന ആദ്യ ദിവസം .

കൃത്യമായി പറഞ്ഞാൽ എഴുപത് വർഷങ്ങൾക്ക് മുമ്പ് .

തട്ടോളിക്കര എന്ന ഉൾനാടൻഗ്രാമത്തിലെ തട്ടോളിക്കര സ്‌കൂളിൽ .

കാലത്തിനും ജീവിത സാഹചര്യങ്ങൾക്കും ഒരുപാട് മാറ്റങ്ങളുണ്ടായെങ്കിലും അറിവ് കിളിർക്കാനിടയായതും അക്ഷരങ്ങൾ കൂട്ടിവായിക്കാനുള്ള ശുഭാരംഭം കുറിച്ചതും ഇവിടെനിന്ന് . ഈ സ്‌കൂളിൽ നിന്ന് .

സ്ഥലത്തെ പ്രധാനിയും എൻറെ അച്ഛന്റെ ആയുർവ്വേദ ഗുരുവുമായിരുന്ന വട്ടക്കണ്ടി ചെക്കൂട്ടി വൈദ്യർ ആയിരുന്നു അക്കാലത്തെ സ്‌കൂൾ മാനേജർ.

നൂറ്റി ഇരുപതിലേറെ വർഷം പഴക്കമുള്ള ഈ സ്‌കൂളിലെ പൂർവ്വകാല ഗുരുക്കന്മാരിൽ ഏറെ പ്രമുഖൻ ചീക്കോളി ചാത്തുഗുരുക്കൾ എന്ന പഴമക്കാരൻ .

ഇന്നത്തെ വിദ്യാലയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൗതികസൗകര്യങ്ങൾ നന്നേ കുറഞ്ഞ നിലയിലുള്ളതായിരുന്നു അന്നത്തെ ഈ സ്‌കൂൾ കെട്ടിടം .

നാട്ടിടങ്ങളിലെ കൽക്കുഴികളിൽനിന്നും കൈമഴു ഉപയോഗിച്ചുകൊണ്ട് വെട്ടിയെടുത്ത ചെങ്കല്ലുകൾ കൊണ്ട് നിർമ്മിച്ച കുമ്മായം തേക്കാത്ത ചുമരുകൾ ,ഓലമേഞ്ഞ മേൽപ്പുര , മണ്ണിട്ടുറപ്പിച്ച് ചാണകം മെഴുകി വൃത്തിയാക്കിയ നിലം ,സ്‌കൂൾ മുറ്റത്ത് ഗോവണിയോട് ചേർന്ന് തുമ്പപ്പൂക്കൾ പോലുള്ള കുഞ്ഞുകുഞ്ഞു പൂക്കൾ നൂലിൽ കെട്ടിത്താഴ്ത്തിയപോലുള്ള പൂക്കൾ വിരിയുന്ന പാരിജാതം എന്ന വലിയ മരം .

ചുമരിൽ തൂക്കിയിട്ട ചെറിയ മരപ്പലകയിൽ തട്ടോളിക്കര സ്‌കൂൾ എന്ന ഒരു ചെറിയ ബോർഡ് .

 അന്നത്തെ സ്‌കൂൾ അദ്ധ്യാകപരിൽ പ്രധാനാധ്യാപകൻ ഒഞ്ചിയം സ്വദേശി പോടിക്കണ്ടി നാരായണൻ മാസ്റ്റർ .വേട്ടുവൻകണ്ടി കേളപ്പൻ മാസ്റ്റർ ,ചാത്തുക്കുറുപ്പ് മാസ്റ്റർ ,ചീക്കോളി മാധവി ടീച്ചർ ,ഇടവേളകളിൽ മാണിക്കടീച്ചർ എന്നൊരാൾ വേറെയും .

കോൽക്കളിപോലുള്ള നാട്ടുകലാരൂപങ്ങൾ പഠിപ്പിക്കാൻ ആയാട്ട് ചോയിമാസ്റ്റർ.

 അങ്ങിനെ നീളുന്നു ആദ്യകാല ഗുരുക്കന്മാരുടെ പരിമിതമായ നിരകൾ.

ക്ളാസ്സിൽ നടുവിലും വശങ്ങളിലുമായി നീളത്തിലുള്ള ഉയരം കുറഞ്ഞ രണ്ടു നിര ബെഞ്ചുകൾ .

പുസ്തകങ്ങൾ ബെഞ്ചിന് താഴെ നിലത്തു വെയ്ക്കാം .

മുന്നിൽ അദ്ധ്യാപകന് വേണ്ടി കസേര ,മേശ .മേശപ്പുറത്ത് പലപ്പോഴും പാളക്കൂരി എന്ന കാട്ടുചെടിയുടെ ഒരു വടിയും കാണും .

തുണിക്കുട ചുടിവരുന്നവർ വിരളം .ഭൂരിഭാഗം കുട്ടികളും ഉരുളൻ മുളങ്കാലുള്ള ഓലക്കുട ചൂടിയാവും സ്‌കൂളിലെത്തുക .

കുട മാറിപ്പോകാതിരിക്കാൻ ചിലർ കുടയുടെ മുകളിലെ പാളിയിൽ വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ചിട്ടുണ്ടാവും .

ഓലക്കുട വാങ്ങാൻ നിവൃത്തിയില്ലാത്തവരും തരപ്പെടാത്തവരും ചില നേരങ്ങളിൽ വലിയ ചേമ്പിലകൾ അതുമല്ലെങ്കിൽ വാഴയിലകൾ ചൂടിയും സ്‌കൂളിൽ വരാറുള്ളതും അന്നത്തെ പതിവ് കാഴ്ച്ച .

നനഞ്ഞ ഓലക്കുടകൾ സ്‌കൂളിലെ പരിമിതമായ സ്ഥലസൗകര്യങ്ങളിൽ ഒന്നിന് മുകളിൽ ഒന്നായിട്ടായിരിക്കും ഉണങ്ങാൻ വെക്കുക.

ഓലക്കുടകളിലെ വെള്ളം ഒലിച്ചിറങ്ങി ചാണകം മെഴുകിയ നിലം ചളിക്കുളമായിമാറും .ശരിക്കും പറഞ്ഞാൽ ഒരു തൊഴുത്തിൻറെ മണമായിരിക്കും പിന്നീടുണ്ടാവുക .

ആദ്യത്തെ ദിവസം അച്ഛനായിരുന്നു സ്‌കൂളിലെത്തിച്ചത് .കരഞ്ഞുകൊണ്ട് ബഹളം വെച്ചേക്കുമോ എന്നുകരുതി അച്ഛൻ സ്‌കൂളിന് പുറകിലിരിക്കുകയായിരുന്നെന്ന് പിന്നീടാണറിയുന്നത് .

തുടർന്നുള്ള ദിവസങ്ങളിലെല്ലാം എന്നെ സ്‌കൂളിലെത്തിക്കാൻ സഹായിയായത് കുഞ്ഞിപ്പറമ്പത്ത് പാറു എന്ന അയൽക്കാരി പെൺകുട്ടി .

അവരിന്നും ജീവിച്ചിരിപ്പുണ്ട് .കൃതജ്ഞതയോടെ ഓർക്കുന്നു .

ആദ്യകാല അധ്യാപകരിൽ തട്ടോളിക്കര സ്‌കൂളിലെ ചാത്തുക്കുറുപ്പ് മാസ്റ്റർ എന്ന പേരോർക്കുമ്പോൾ ഇന്നും വയറ്റിൽ തീ ആളും .ഭയം കൊണ്ട് .

പഠിപ്പിക്കുന്ന കാര്യങ്ങളിൽ നൂറുശതമാനം റിസൾട്ടുണ്ടാകണമെന്ന കാര്യത്തിൽ അശേഷം വിട്ടുവീഴ്ചയില്ലാത്ത വേറിട്ട മനസ്സുള്ള ഒരധ്യാപകൻ .

ക്‌ളാസിൽ ശ്രദ്ധിക്കാത്തവർക്കും പഠിക്കാതെ വരുന്നവർക്കും ചാത്തുക്കുറുപ്പ് മാസ്റ്റർ പേടിസ്വപ്‌നമായിരുന്നു.

വാ ഇവിടെ .മേശക്കരികിലേയ്ക്ക് .ഉടനെ പോക്കറ്റിൽനിന്നും ആനക്കൊമ്പിൽ നിർമ്മിച്ച പുകയിലപ്പൊടി നിറച്ച കുഞ്ഞു കുപ്പിയെടുത്ത് അൽപ്പം പൊടി അദ്ദേഹത്തിന്റെ കൈവെള്ളയിൽ തട്ടും .

പിന്നീടത് രണ്ട് മൂക്കിലും ആഞ്ഞുവലിച്ചു കയറ്റും.അതിന് ശേഷമാണ് നടപടി തുടങ്ങുക .

വടിയും അടിപ്രയോഗവും കുറവ് .പകരം സ്ക്രൂ വെക്കുന്ന മാതിരി തുടയിൽ ഒരു സ്‌പെഷ്യൽ നുള്ളുണ്ട് .വെറും വിരൽ കൊണ്ട് മാത്രമല്ല .ഒരു ചെറിയ താക്കോലിന്റെ അറ്റവും കൂടി ചേർത്താവും തിരുമ്മൽ . പലരുടെയും തുടയിൽ ചുവന്നു തുടക്കും . ചിലർക്ക് ചോരപൊടിയും .ഈ അനുഭവത്തിൽ നിന്ന് ഒരിക്കലും രക്ഷപ്പെടാൻ എനിക്കും കഴിഞ്ഞിട്ടില്ല .

വീട്ടിലെത്തിയാൽ അവിടെ അച്ഛൻ വെളിച്ചെണ്ണ പുരട്ടി തടവിത്തരുമായിരുന്നു .സാരമില്ല നല്ല കുട്ടിയായി വളരാൻ വേണ്ടിയല്ലേ മാഷങ്ങിനെ ചെയ്‌തത്‌ എന്ന് പറഞ്ഞായിരിക്കും അച്ഛൻ സമാധാനിപ്പിക്കുക .ചാത്തുക്കുറുപ്പ് മാസ്റ്ററുടെ സ്‌പെഷ്യൽ നുള്ളിന്റെ എരിവ് സുഖം അനുഭവിച്ചവരിൽ ഒരുപാടുപേർ ഈ ചുറ്റുപാടിൽ ഇന്നും ജീവിച്ചിരിപ്പുണ്ട് .

ചാത്തുക്കുറുപ്പ് എന്ന അദ്ധ്യാപകനെ തികഞ്ഞ ബഹുമാനത്തോടും ഭയഭക്തിയോടും കൃതജ്ഞതാനിർഭരമായ മനസ്സോടും കൂടി ഞാനിന്നും സ്‌മരിക്കുന്നു .

നവരാത്രി കാലമായാൽ ഗ്രന്ഥം വെപ്പ് എന്ന ഒരു ചടങ്ങുണ്ടായിരുന്നു. ഗ്രന്ഥമെടുപ്പിന് കുളിച്ചുകുറിവരച്ച് കുട്ടികളെത്തും .ഗ്രന്ഥം വെപ്പിനായി നൽകിയ പുസ്‌തകം തിരികെ വാങ്ങി അധ്യാപകൻറെ കാലിൽതൊട്ടുവന്ദിച്ചുവേണം തല ഉയർത്താൻ .

ദക്ഷിണയായി കൊടുക്കാൻ ഒരു രൂപയുടെ നാണ്യം എല്ലാവരും കരുതും .ഒരു ഉത്സവത്തിൻറെ പ്രതീതിയായിരിക്കും ആദിവസത്തിന്.


ചെറിയ ക്ലാസ്സിൽ സീതാസ്വയംവരം പഠിപ്പിച്ചുതന്ന മറ്റൊരധ്യാപകനുണ്ടായിരുന്നു .

ശ്രീരാമൻ വില്ലെടുത്തുയർത്തുന്നതും സീതാദേവി 'നേത്രോൽപ്പല മാല ' യിട്ടതും ശേഷം ശ്രീരാമൻറെ കഴുത്തിൽ 'വരണാർത്ഥമാല ' യിട്ടതുമെല്ലാം മാസ്റ്റർ വ്യത്യസ്ഥ രൂപ ഭാവങ്ങളിൽ അഭിനയിച്ചുകാണിച്ചുകൊണ്ടായിരുന്നു ചിത്രാവലി എന്ന മലയാള പുസ്‌തകത്തിലെ പദ്യം പഠിപ്പിച്ചിരുന്നത് .

 .ശരിക്കും അതൊരനുഭവമായിരുന്നു .അധ്യാപകരിലുമുണ്ട് അപൂർവ്വം ചിലർ അങ്ങിനെയും .

കാലം മാറി കഥമാറി .

കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും ഏറെയുണ്ടായിരുന്ന ഈ ഉൾനാടൻ ഗ്രാമത്തിൽ അക്ഷരങ്ങൾകൊണ്ട് അഗ്നികൊളുത്താൻ ശുഭാരംഭം കുറിച്ച മഹാനായ ചെക്കൂട്ടി വൈദ്യർ ഇന്ന് നമ്മോടോപ്പമില്ലെങ്കിലും തട്ടോളിക്കര യു പി സ്ക്കൂളിന്റെ നൂറ്റിഇരുപത്തിമൂന്നാം വാർഷികോത്സവ 

ആഘോഷം നടക്കുന്ന ഈ സുദിനത്തിൽ മഹാനായ ആ മനുഷ്യസ്നേഹിക്ക് പ്രണാമമർപ്പിക്കാം .

ഒപ്പം അദ്ദേഹത്തിന്റെ മകൻ വട്ടക്കണ്ടി ബാലൻ മാസ്റ്റർക്കും സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന കമലാക്ഷി ടീച്ചറുടെയും ദീപ്‌ത സ്‌മരണകൾ അയവിറക്കാം .ദീർഘകാലമായി ഈ സ്‌കൂളിൽ സേവനമനുഷ്ഠിച്ച എല്ലാ ഗുരുക്കന്മാരെയും ആദരവോടെ സ്‌മരിക്കാം.


കേരളത്തിൽ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനും ബിപിഎൽ കുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കാനും ലക്ഷ്യമിടുന്നതാണ് കെഫോൺ.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം പേർക്കാണ് സൗജന്യമായി ഇന്റർനെറ്റ് സേവനം നൽകുന്നത്. ഒരു നിയോജക മണ്ഡലത്തിലെ 500 കുടുംബങ്ങൾക്ക് വീതം ആകെ 70,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുക. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലെയും 100 ബിപിഎൽ വീടുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം എത്തിച്ചുകൊണ്ട് കെഫോൺ പദ്ധതി പൊതുനങ്ങൾക്കിടയിൽ തുടക്കമാകുമെന്നൊക്കെയുള്ള സർക്കാർ വാർത്തയെ നമുക്ക് സഹർഷം സ്വാഗതം ചെയ്യാം .എന്നാൽ അതിവേഗ ഇന്റർനെറ്റ് ലഭ്യത സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും ഉറപ്പാക്കാനാവാത്ത കാലം വരെ ഒരു നിശ്ചിത ശതമാനം കുട്ടികൾക്ക് ഓൺലൈൻ പഠനം ബാലികേറാമലയായിരിക്കും തീർച്ച .

കേരളത്തിലെ നാൽപ്പത്തിയഞ്ച് ലക്ഷത്തോളംവരുന്ന കുട്ടികളിൽ 2 .6 ലക്ഷം അതായത് രണ്ടു ലക്ഷത്തി അമ്പത്താറായിരത്തി അഞ്ഞൂറു കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക പരിമിതികളുള്ളതായായി സമഗ്ര ശിക്ഷാകേരളം നേരത്തെ തന്നെ സർവ്വേയിൽ വ്യക്തമാക്കിയതും കൂട്ടിവായിക്കേണ്ടതാണ് .

ഇവരിൽ പലരുംസ്‍മാർട്ട് ഫോണുകളും ടി വി സൗകര്യങ്ങളും വരെ ഇല്ലാത്ത നിർദ്ധനകുടുംബങ്ങളിലുള്ള വരുമാണത്രെ .

മൊബൈൽ സേവന ദാതാക്കളുമായി എത്രയും വേഗം ബന്ധപ്പെട്ട് ഇന്റർനെറ്റ് വേഗത ഗണ്യമായതോതിൽ വർദ്ധിപ്പിക്കാനായില്ലെങ്കിൽ ഗ്രാമീണ മേഖലയുള്ളവരടക്കം പലയിടങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഇരുട്ടിൽ തപ്പുന്ന അവസ്ഥയിലാകും എന്നാണു പ്രമുഖ മാധ്യമങ്ങൾവരെ വ്യക്തമാക്കുന്നത്.


'' നമ്മുടെ കുട്ടികൾക്കുള്ള സൗകര്യം മറ്റുകുട്ടികൾക്കുമുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ധാർമ്മിക ബാദ്ധ്യത നമുക്കോരോരുത്തർക്കുമുണ്ടെന്ന ''-അർത്ഥത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ അഭിനേത്രി ശ്രീമതി മഞ്ജു വാര്യരുടെ പ്രസ്‌താവന ഏറെ ആശ്വാസവും സന്തോഷവും തരുന്നതുമാണ് .

എല്ലാവര്ക്കും സ്‌മാർട്ടാവാനുള്ള അവസരം .

ചോമ്പാല ഹാർബ്ബറിനടുത്ത് താമസിക്കുന്ന ഞാൻ ഉപയോഗിക്കുന്നത് V I സിം .എന്നാൽ വീട്ടിനുള്ളിൽ അശേഷംറേഞ്ച് കിട്ടുന്നില്ലെന്ന് ഒരുവർഷമായി കമ്പനിക്കാർക്ക് പരാതി നൽകിയിയിട്ടും ഇതുവരെ ശ്രദ്ധിക്കാനാളില്ലാത്തസ്ഥിതിയിൽ .ബി എസ് എൻ എൽ നിന്നും മെച്ചപ്പെട്ട സേവനം ലഭിക്കുമെങ്കിൽ തീരെ റേഞ്ച് കിട്ടാത്ത സ്വകാര്യ കമ്പനികളെ പടിക്ക് പുറത്താക്കാൻ കൂടിയുള്ള അവസരമായി ഈ സമയം നമുക്കെല്ലാം വിനിയോഗിക്കാനുമാകും .

chekkootty-(1)-(2)
dsfgh

ശ്രീമതി .കമലാക്ഷി ടീച്ചർ 

vasthu-advt-revised
whatsapp-image-2023-03-12-at-3.52.37-pm
panda-foods-puttupody-rani
pandafoods-puttpody
whatsapp-image-2023-04-03-at-2.29.15-pm_1680615978
1200x700
mod-advt_v_medium-(1)
icon2
all-kerala
samudra
SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra