തിരുവനന്തപുരം: തുടർച്ചയായ മൂന്നാമത്തെ ബജറ്റിലും തലസ്ഥാനത്തിൻ്റെ വികസനപ്രതീക്ഷകളിൽ വിഴിഞ്ഞത്തിനുതന്നെയാണ് പ്രാധാന്യം, തുറമുഖ പദ്ധതി രണ്ടാം ഘട്ടത്തിൽ അദാനി ഗ്രൂപ്പ് 10,000 കോടി മുടക്കുമ്പോൾ പശ്ചാത്തലവികസനരംഗത്ത് 30,000 കോടിയുടെ നിക്ഷേപമുണ്ടാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. വ്യാവസായിക, ലോജിസ്റ്റിക് മേഖലകൾക്കായി കുറ്റിച്ചലിൽ 1000 കോടിയുടെ പദ്ധതിയാണ് ഇത്തവണ സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ പ്രാരംഭഘട്ടത്തിന് 100 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
നേരത്തേ ബ്രഹ്‌മോസിനായി നെട്ടുകാൽത്തേരിയിൽ തുറന്ന ജയിലിനോടുചേർന്നുള്ള 200 ഏക്കർ സംസ്ഥാനം അനുവദിച്ചിരുന്നു. അതിനടുത്താണ് കുറ്റിച്ചലിൽ വിഴിഞ്ഞത്തിനായുള്ള ലോജിസ്റ്റിക് പാർക്കിനും സ്ഥലം കണ്ടെത്തുകയെന്നാണ് സൂചന. ഇതോടെ ഈ മേഖലയിൽ കൂടുതൽ വികസനസാധ്യതകളും ഉയർന്നുവരും.
കിൻഫ്രയ്ക്ക് സർക്കാർ ഗാരൻ്റി നൽകിയാണ് 1000 കോടി രൂപ വായ്‌പയെടുത്ത് പദ്ധതി നടപ്പാക്കുന്നത്.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് വൻതോതിൽ നിക്ഷേപമെത്തുമ്പോൾ, സ്ഥലപരിമിതിയാണ് പ്രധാന വെല്ലുവിളിയാകുന്നത്. ഇത് പരിഹരിക്കാനാണ് സർക്കാർതന്നെ നേരിട്ടു സ്ഥലം കണ്ടെത്തി വ്യാവസായിക നിക്ഷേപത്തിന് മുന്നോട്ടുവരുന്നത്.
വിഴിഞ്ഞത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി സ്ഥലമേറ്റെടുക്കുന്നതിന് കിൻഫ്രയെ ചുമതലപ്പെടുത്തിയിരുന്നു. കിൻഫ്ര 350 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും (വിസിൽ) പദ്ധതിക്കായി സ്ഥലമേറ്റെടുപ്പുമായി മുന്നോട്ടുപോകുന്നുണ്ട്. പദ്ധതി പൂർത്തിയായെങ്കിലും തുറമുഖാധിഷ്ഠിത വ്യവസായങ്ങൾക്കുള്ള അടിസ്ഥാനസൗകര്യവികസനം യാഥാർഥ്യമായിട്ടില്ല. അതുകൊണ്ടുതന്നെ തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതിയും ആരംഭിച്ചിട്ടില്ല.
ഫെബ്രുവരിയിൽ ആഭ്യന്തര കയറ്റിറക്കുമതി തുടങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, ലോജിസ്റ്റിക് മേഖലയിൽ സർക്കാർ നിക്ഷേപപദ്ധതികൾ ആവിഷ്കരിക്കുന്നത്. വിഴിഞ്ഞം ചവറ ഇടനാഴിയും പ്രതീക്ഷനൽകുന്ന പദ്ധതിയാണ്.
തിയേറ്റർ കമാൻഡിലും പ്രതീക്ഷ
തിരുവനന്തപുരത്ത് സംയുക്ത സൈനിക തിയേറ്റർ കമാൻഡ് രൂപവത്കരിക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാനവും പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച പ്രതിരോധ ഇടനാഴിയാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നേവൽ കമാൻഡ്, സതേൺ എയർ കമാൻഡ്, നേവൽ അക്കാദമി, ഡി.ആർ.ഡി.ഒ.-എൻ.പി.ഒ.എൽ., ബ്രഹ്‌മോസ് എയ്റോസ്പേസ്, വി.എസ്.എസ്.സി., ഐ.ഐ.എസ്.ടി., ഐ.ഐ.എസ്.ഇ.ആർ. തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടുത്തി പ്രതിരോധ സാങ്കേതിക ഇനവേഷൻ ഹബ്ബിനാണ് 50 കോടി നീക്കിവെച്ചിരിക്കുന്നത്.
തിരുവനന്തപുരം പാങ്ങോട് കരസേനാകേന്ദ്രവും ആക്കുളത്ത് ദക്ഷിണ വ്യോമ കമാൻഡിൻ്റെ ആസ്ഥാനവും നാവികസേനയുടെ ആർമമെൻ്റ് ഇൻസ്പെക്‌ഷൻ കേന്ദ്രവും കടൽസുരക്ഷയ്ക്കായി കോസ്റ്റ് ഗാർഡും തലസ്ഥാനത്തുണ്ട്. ഇതുകൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സേനാ വിഭാഗങ്ങളായ ബി.എസ്.എഫ്., സി.ആർ.പി.എഫ്. സി.ഐ.എസ്.എഫ്. എന്നിവയ്ക്കും ആസ്ഥാനമുണ്ട്. തിരുവനന്തപുരത്ത് നാവികകേന്ദ്രവും ഉടൻ പ്രവർത്തനം ആരംഭിക്കും. അതുകൊണ്ടുതന്നെ പ്രതിരോധമേഖലയിലെ വലിയ നിക്ഷേപങ്ങൾക്ക് തലസ്ഥാനത്ത് സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
സ്ഥലമേറ്റെടുപ്പ്: പ്രഖ്യാപനം യാഥാർഥ്യമായില്ല
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് കഴിഞ്ഞതവണ പ്രഖ്യാപിച്ച പല പദ്ധതികളും ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഭാവികേരളത്തിന്റെ്റെ വികസന കവാടമായാണ് കഴിഞ്ഞ രണ്ട് ബജറ്റുകളിലും മന്ത്രി ബാലഗോപാൽ വിഴിഞ്ഞത്തെ വിശേഷിപ്പിച്ചത്. വിഴിഞ്ഞത്തെ അന്തർദേശീയ പ്രാധാന്യമുള്ള നിക്ഷേപകേന്ദ്രമാക്കിമാറ്റാൻ നിയമനിർമാണം നടത്തുമെന്നായിരുന്നു ബജറ്റിൽ പറഞ്ഞിരുന്നത്. കൂടാതെ ടൗൺഷിപ്പുകൾ, റെസിഡെൻഷ്യൽ മേഖലകൾ, വ്യവസായകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവയ്ക്കായി 50 കിലോമീറ്റർ പരിധിയിൽ 10000 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. അതിലൊന്നും പുരോഗതി ഉണ്ടായിട്ടില്ല.
വിഴിഞ്ഞം തുറമുഖത്തിൻ്റെ വാണിജ്യസാധ്യതകൾ ഉപയോഗപ്പെടുത്തി മറ്റ് സംസ്ഥാനങ്ങൾക്കും കേരളത്തിൽ വ്യാപാര-വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സൗകര്യമൊരുക്കുമെന്നും ഇതിനായി ബിസിനസ് വികസനകേന്ദ്രം തുടങ്ങുന്നതിന് 100 ഏക്കർ വികസിപ്പിക്കുമെന്നും പറഞ്ഞിരുന്നു. വിഴിഞ്ഞം വികസനമേഖലയിൽ ആരംഭിക്കുന്ന കൺവെൻഷൻ കം എക്സിബിഷൻ സെൻ്ററിനായി 20 കോടി അനുവദിച്ചിരുന്നു. ഇക്കാര്യത്തിൽ തുടർനടപടി പ്രഖ്യാപിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെട്ടിരുന്ന വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാ മുനമ്പിനും പുരോഗതി ഉണ്ടായിട്ടില്ല.
സിങ്കപ്പൂർ, റോട്ടർഡാം, ദുബായ് തുറമുഖനഗരങ്ങളുടെ മാതൃകയിൽ പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഔട്ടർ റിങ് റോഡിന് തുകയില്ല
തലസ്ഥാനത്തിൻ്റെ പ്രതീക്ഷയായ ഔട്ടർ റിങ് റോഡിന് ബജറ്റിൽ പ്രത്യേകം തുകയനുവദിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തണമെങ്കിൽ ഔട്ടർ റിങ് റോഡും ഔട്ടർ ഏരിയാ ഗ്രോത്ത് കോറിഡോറും യാഥാർഥ്യമാകണം.
വ്യാവസായിക മേഖലയിൽ വമ്പൻ വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതാണ് ഔട്ടർ ഏരിയാ ഗ്രോത്ത് കോറിഡോർ,
നിർദിഷ്ട ഔട്ടർ റിങ് റോഡിൻ്റെ ഇരുവശത്തുമായി എട്ട് സാമ്പത്തിക മേഖലകളിലായി 34000 കോടി രൂപയുടെ അടിസ്ഥാനവികസനമാണ് ലക്ഷ്യമിടുന്നത്.
എന്നാൽ, ഈ പദ്ധതി ബജറ്റിൽ ഇടംപിടിച്ചില്ല. കഴിഞ്ഞ ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു.
പി.പി.പി. മാതൃകയിൽ നിക്ഷേപകരെ ആകർഷിച്ച് വ്യവസായ പദ്ധതികൾ ആവിഷ്‌കരിക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










