അഞ്ചുരുളിയിലൂടെ വികസനം ഒഴുകുമോ
കട്ടപ്പന : കല്യാണത്തണ്ട് മലനിരകളും അഞ്ചുരുളി തുരങ്കവും കേന്ദ്രമാക്കി ടൂറിസം വികസനം ലക്ഷ്യമിട്ട് ബജറ്റിൽ 20 കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. കട്ടപ്പനയെ ടൂറിസം ഹബ്ബാക്കുകയാണ് ലക്ഷ്യം.
പദ്ധതി നടപ്പായാൽ വിനോദസഞ്ചാര ഭൂപടത്തിൽ കട്ടപ്പന നഗരവും ഇടംപിടിക്കും. നഗരസഭ തന്നെ പലതവണ ഇക്കാര്യങ്ങൾ ലക്ഷ്യമിട്ട് ബജറ്റിൽ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം കടലാസിൽ ഒതുങ്ങുകയായിരുന്നു.
2023-ൽ കല്യാണത്തണ്ട് ഹിൽഗാർഡന് റവന്യൂ വകുപ്പിൽനിന്ന് അഞ്ചേക്കർ സ്ഥലം ലീസിനെടുക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. രണ്ടുവർഷംകൊണ്ട് എം.പി., എം.എൽ.എ.- ഫണ്ടുകൾകൂടി കണ്ടെത്തി പദ്ധതി പൂർത്തിയാക്കും.
വാച്ച് ടവർ ഉൾപ്പെടെയുള്ളവ നിർമിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാം എന്നുമായിരുന്നു അന്ന് കരുതിയിരുന്നത്. എന്നാൽ, പദ്ധതി നടപ്പായില്ല.
നിലവിൽ ഒഴിഞ്ഞുകിടക്കുന്ന മൊട്ടക്കുന്നുകളും ഇടുക്കി ജലാശയത്തിന്റെ കാഴ്‌ചകളുമാണ് കല്യാണത്തണ്ടിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. സഞ്ചാരികൾ അധികം എത്താറില്ല. ഇരുട്ടിൻ്റെ മറവിൽ സമൂഹവിരുദ്ധരാണ് ഇവിടെ തമ്പടിക്കുന്നത്.
ഇടുക്കി ജലാശയത്തിൻ്റെയും വനപ്രദേശത്തിന്റെയും മനോഹരദൃശ്യങ്ങളാണ് കാൽവരിമൗണ്ട് കല്യാത്തണ്ട് പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്.
കല്യാണത്തണ്ട് മലനിരകളിൽ എത്തുന്ന സഞ്ചാരികൾക്ക് വാഗമണ്ണിലെ മൊട്ടക്കുന്നുകളെ അനുസ്മരിപ്പിക്കുന്ന മലനിരകൾ കാണാം.
എന്നാൽ, സമീപത്തെ കാൽവരിമൗണ്ടിൽ വനം വകുപ്പിന്റെ ടൂറിസം കേന്ദ്രത്തിൽ 20 രൂപ പാസ് മൂലമാണ് പ്രവേശനം.
ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്. സഞ്ചാരികൾക്ക് ഇടുക്കി ജലാശയത്തിന്റെ മനോഹരമായ ആകാശദൃശ്യം ഇവിടെനിന്ന് കാണാനാകും. വിശാലമായ വാഹനപാർക്കിങ് സൗകര്യം കാൽവരിമൗണ്ടിലുണ്ട്. സഞ്ചാരികൾക്ക് വിശ്രമിക്കാനാവശ്യമായ സൗകര്യങ്ങൾ ശൗചാലയം, ലഘുഭക്ഷണശാല തുടങ്ങിയവയും കാൽവരിമൗണ്ടിലുണ്ട്. പ്രദേശം വനംവകുപ്പിൻ്റെ നിയന്ത്രണത്തിലാണ്.
അഞ്ചുരുളി
ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടയിടമാണ് അഞ്ചുരുളി തടാകം.
ഇടുക്കി ജലാശയത്തിൻ്റെ കാഴ്‌ചയും തുരങ്കമുഖവുമാണ് പ്രധാന ആകർഷണം. പാർക്കിങ് സൗകര്യവും ലഘുഭക്ഷണശാലകളും സ്ഥലത്തുണ്ട്.
എന്നാൽ, സുരക്ഷാ സൗകര്യങ്ങളുടെ അഭാവവും അപകടസാധ്യതകളും പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് എന്നും തലവേദനയാണ്.
കക്കാട്ടുകടയിൽനിന്ന് അഞ്ചുരുളിയിലേക്കുള്ള അഞ്ചുകിലോമീറ്റർ ദൂരത്തിൽ വഴിയിലുടനീളം നിൽക്കുന്ന വൻമരങ്ങളും യാത്രക്കാർക്ക് ഭീഷണിയാണ്.
സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലാണ് ഭീമൻ മരങ്ങൾ സ്ഥിതിചെയ്യുന്നത്. ചിലത് ഏതുനിമിഷവും നിലംപതിച്ചേക്കാം. 2022 ജൂലായിൽ മഴയെത്തുടർന്ന് അഞ്ചുരുളി പാതയിൽ വൻമരം കടപുഴകിവീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. അഞ്ചുരുളിയിലെത്തുന്ന വിനോദസഞ്ചാരികൾ തുരങ്കത്തിനുള്ളിൽ പ്രവേശിക്കുന്നതും ജലാശയത്തിലെ വെള്ളത്തിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
പദ്ധതിയിൽ ഇക്കാര്യങ്ങളൊക്കെ ഉൾപ്പെടുത്തണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










