കോഴിക്കോട്: അജൈവമാലിന്യം ഇല്ലെങ്കിലും വീട്ടുകാർ ഹരിതകർമസേനയ്ക്ക് യൂസർഫീ നൽകണമെന്നതും പണമടച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടിവരുമെന്നുമുള്ളതിൽ ആശയക്കുഴപ്പം. ഒരു മാസം അജൈവമാലിന്യം നൽകിയില്ലെങ്കിൽ ആ തുക അടുത്തമാസങ്ങളിലോ, അല്ലെങ്കിൽ പിഴയോടെ കെട്ടിടനികുതിക്കൊപ്പമോ അടയ്ക്കണമെന്നാണ് നിയമം.
മാലിന്യം നൽകിയില്ലെങ്കിൽ ഹരിതമിത്രം ആപ്പിൽ രേഖപ്പെടുത്തും. പണമടയ്ക്കുന്നതിലെ വ്യവസ്ഥയുമായി ബന്ധപ്പെട്ട് പലയിടത്തും പൊതുജനങ്ങളും ഹരിതകർമസേനാംഗങ്ങളും തമ്മിൽ കശപിശയുണ്ടാകുന്നുണ്ട്.
ഹരിതമിത്രം 2.0 ആപ് ഓഗസ്റ്റിലാണ് ലോഞ്ച് ചെയ്തതെങ്കിലും ഇപ്പോഴാണ് കൃത്യമായ ഉപയോഗം തുടങ്ങിയത്. ഇൻഫർമേഷൻ കേരള മിഷൻ്റേതാണ് ആപ്. ഇത് കെ സ്മാർട്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും ഒരേ രീതിയാണെങ്കിലും പലയിടങ്ങളിലും കെട്ടിടനമ്പറുമായി ആപ് ബന്ധിപ്പിച്ചിട്ടില്ല. അതിദരിദ്രരും ആശ്രയഗുണഭോക്താക്കളും അജൈവമാലിന്യമെടുക്കുന്നതിന് പണം നൽകേണ്ട, അത് തദ്ദേശസ്ഥാപനം ചെയ്യും.
രണ്ടോ മൂന്നോ പ്ലാസ്റ്റിക് കവർ മാത്രമാണെങ്കിലും അത് അതതുമാസം കൈമാറണമെന്നാണ് ചട്ടം. നിലവിൽ 120 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക്കാണ് നിരോധിച്ചിട്ടുള്ളത്. വീടുകളിൽ പലതരത്തിലുള്ള പ്ലാസ്റ്റിക് ഉണ്ടാവും. അതിനാൽ ഒരുമാസം ഒന്നും ഇല്ലാത്തതിനാൽ അജൈവമാലിന്യം കൈമാറിയില്ലെന്നു പറയുന്നത് ശരിയല്ലെന്നാണ് അധികൃതരുടെ വാദം.
വീട്, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പെർമനന്റ് ലോക്ക്ഡ്, ടെംപററി ലോക്ക്‌ഡ്, ഇൻ കോ-ഓപ്പറേറ്റീവ്, സർവീസ് എന്നിങ്ങനെ ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്താം. കുറച്ചുകാലം വീട്ടിൽ ഇല്ലെങ്കിൽ അക്കാര്യം ടെംപററി ലോക്ക്ഡ് എന്നതിൽ ഉൾപ്പെടുത്താം. എന്നാൽ, പലയിടത്തും ഇത് ഇൻ കോ-ഓപ്പറേറ്റീവ് (സഹകരിക്കുന്നില്ല) എന്ന രീതിയിൽ ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം.
വീടുകളിൽ ഹരിതകർമസേന പതിച്ചിട്ടുള്ള ക്യു.ആർ, കോഡ് സ്കാൻചെയ്താണ് നടപടിക്രമം പൂർത്തിയാക്കുന്നത്. "ചില മാസങ്ങളിൽ ഞങ്ങൾ വീട്ടിലുണ്ടാകില്ല. ദൂരെയുള്ള മക്കൾക്കൊപ്പമാവും. അപ്പോൾ ഇല്ലാത്ത മാലിന്യം എങ്ങനെ കൊടുക്കും. അതിന് സഹകരിക്കുന്നില്ലെന്ന് മെസേജ് വരുകയാണ്..." - കോഴിക്കോട്ടെ ഒരു വീട്ടുടമ പറഞ്ഞു.
അജൈവമാലിന്യം നൽകിയശേഷം പണം നൽകാൻ പറ്റിയില്ലെങ്കിൽ അതിന് മൂന്നുമാസത്തെ സാവകാശമുണ്ട്. അക്കാലയളവിനുള്ളിൽ നൽകിയില്ലെങ്കിൽ 50 ശതമാനം പിഴകൂടി ഒടുക്കേണ്ടിവരും. അതല്ലെങ്കിൽ കെട്ടിടനികുതിക്കൊപ്പം ആ പണംകൂടി ഈടാക്കും. പിഴ ഉൾപ്പെടെയുള്ള തുകയാണ് ഈടാക്കുക. കോർപ്പറേഷൻ നൽകുന്ന സേവനങ്ങൾ അവസാനിപ്പിക്കാനും നിയമപരമായി വ്യവസ്ഥയുണ്ട്. എന്നാൽ ഇപ്പോൾ അത്തരം നടപടികൾ സ്വീകരിച്ചിട്ടില്ല.
മാലിന്യം കൈമാറാൻ വിമുഖത
പലരും ഹരിതകർമസേനയ്ക്ക് പണം നൽകാൻ മടിച്ച് മാലിന്യം കൈമാറുന്നില്ല. ചിലർ വീടുകളിലെയും കടകളിലെയും മാലിന്യം റോഡിൽ കൊണ്ടിടുകയും കത്തിക്കുന്നതുമെല്ലാം തദ്ദേശവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യത്തിനൊപ്പം പലസ്ഥലങ്ങളിലും ചാക്കിൽക്കെട്ടി സ്ഥാപനങ്ങളിലെ മാലിന്യം കൊണ്ടിടുന്നുമുണ്ട്. ഇത്തരത്തിൽ ബോധപൂർവം മാലിന്യം നൽകാത്തവരെ കണ്ടെത്താനാണ് നടപടിയെടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










