800 മീറ്റർ കണ്ടെയ്നർ ബെർത്ത് 2000 മീറ്ററാക്കും
പ്രതിവർഷം 50.70 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാകും
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമാണം 2028-ൽ പൂർത്തിയാകും. അദാനി ഗ്രൂപ്പ് 16000 കോടി രൂപ മുടക്കിയാണ് രണ്ടും മൂന്നും ഘട്ടം വികസിപ്പിക്കുന്നത്. ഒന്നാംഘട്ടത്തിൽ ഒരു വർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം. രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ പ്രതിവർഷം 50.70 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ തുറമുഖത്തിനാകും. നിലവിലെ 800 മീറ്റർ കണ്ടെയ്നർ ബെർത്ത് 2000 മീറ്റർ ആയി വികസിപ്പിക്കും. ഇത് പൂർത്തിയാകുന്നതോടുകൂടി രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബെർത്ത് എന്ന നേട്ടവും വിഴിഞ്ഞം തുറമുഖം സ്വന്തമാക്കും. ഇതോടെ ആഡംബര ക്രൂയിസ് കപ്പലുകൾക്കും ഇനിമുതൽ വിഴിഞ്ഞത്ത് എത്തിച്ചേരുവാൻ സാധിക്കും.
നിലവിലുള്ള 2.96 കിലോമീറ്റർ പുലിമുട്ട് 3.88 കിലോമീറ്റർ ആയും വർധിപ്പിക്കും. നിലവിൽ തുറമുഖത്തിനായി നിർമിച്ചിട്ടുള്ള പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയ പുലിമുട്ടാണ്. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരുന്നില്ല, പകരം കടൽ നികത്തിയാണ് ആവശ്യമായ ഭൂമി കണ്ടെത്തുന്നത്. നിലവിലുള്ളവയ്ക്കു പുറമെ 12 പുതിയ ഷിപ്പ് ടു ഷോർ ക്രെയിനുകൾ, 27 പുതിയ യാർഡ് ക്രെയിനുകൾ എന്നിവ സ്ഥാപിക്കും.
തുറമുഖത്തിന്റെ ഒന്നാംഘട്ടം 24000 ടി.ഇ.യു. കണ്ടെയ്നർ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളെ കൈകാര്യം ചെയ്യാനാകും. എന്നാൽ അടുത്തഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ, 28840 ടി.ഇ.യുവരെ ശേഷിയുള്ള നെക്സ്റ്റ് ജെൻ കണ്ടെയ്‌നർ കപ്പലുകളെയും കൈകാര്യം ചെയ്യാൻ തുറമുഖം സജ്ജമാകും. ഒരേസമയം 5 മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാനും കഴിയും. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയവയും രണ്ടാംഘട്ടത്തിൽ ഉണ്ടാകും.
2045-ൽ പൂർത്തിയാക്കേണ്ടിയിരുന്ന സമ്പൂർണ വികസനം 2028-ഓടെ യാഥാർഥ്യമാക്കുമെന്ന് രണ്ടാംഘട്ട നിർമാണോദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് തുറന്നു നൽകിയതോടെ ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ റോഡു മാർഗമുള്ള ചരക്കുനീക്കം ആരംഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖത്തിലെ വാണിജ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഏതാണ്ട് 106 കോടി രൂപ നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മേയർ വി.വി.രാജേഷ്, എ.എ.റഹിം എം.പി., എം.എൽ.എ.മാരായ എം.വിൻസെൻ്റ്, ഒ.എസ്. അംബിക, കടകംപള്ളി സുരേന്ദ്രൻ, സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി, മറ്റ് ജനപ്രതിനിധികൾ, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ.കൗശിഗൻ, വി.ഐ.എസ്.എൽ, മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










