കോഴിക്കോട്: കോഴിക്കോട് കണ്ടും നാട്ടുകാരോട് കുശലംപറഞ്ഞും തനത് രുചികൾ ആസ്വദിച്ചും സുനിതാ വില്യംസ്. കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ ബന്ധുക്കൾക്കൊപ്പമാണ് ശനിയാഴ്ച അവർ നാടുകാണാനിറങ്ങിയത്. സ്വകാര്യത മുന്നിൽക്കണ്ട് പോലീസ് അകമ്പടിയും വേണ്ടെന്ന് നിർദേശിച്ചിരുന്നു.
രാവിലെ 7.30-ന് റാവിസ് കടവ് ഹോട്ടലിൽ നിന്നിറങ്ങിയ അവർ നേരേ പോയത്
കടലുണ്ടി കമ്യൂണിറ്റി റിസർവ് കാണാൻ. ഇളംവെയിലിൽ കണ്ടൽക്കാടിന്റെ മനോഹാരിത നുകർന്ന് കമ്യൂണിറ്റി റിസർവിൽ തോണിയാത്ര നടത്തുന്നതിനിടെ പെട്ടെന്ന് തോണിക്കാരൻ ആദർശിൻ്റെ അരികിലെത്തിയ സുനിത തുഴ ചോദിച്ചുവാങ്ങി. പിന്നെ ബോട്ടിലുണ്ടായിരുന്ന ബന്ധുവിന്റെയും തോണിക്കാരൻ്റെയും സഹായത്തോടെ തുഴഞ്ഞുതുടങ്ങി...
മൂന്നുതവണ ആകാശയാത്ര നടത്തിയും മാസങ്ങളോളം ബഹിരാകാശത്ത് താമസിച്ചും വിസ്‌മയമായി മാറിയ അവർ മൂന്നുമിനിറ്റോളം തോണിതുഴഞ്ഞാണ് വീണ്ടും വിസ്മയിപ്പിച്ചത്. ശനിയാഴ്‌ച രാവിലെ 8.15-ഓടെ നീല ജീൻസും മെറൂൺടോപ്പും ധരിച്ച് ഊർജസ്വലതയോടെ എത്തിയ സുനിതാവില്യംസും സംഘവും രണ്ടുബോട്ടിലായി ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി. യാത്രയ്ക്കിടെ മരത്തിൻ്റെ കൂടുകളിൽ വലവിരിച്ചുള്ള മീൻപിടിത്തം അവർ നോക്കിനിന്നു.
റിസർവ് വിട്ടിറങ്ങുംമുമ്പ് ഓഫീസിലെ സന്ദർശകർക്കുള്ള പുസ്തകത്തിൽ അവർ കുറിച്ചു "നന്ദി. കടലുണ്ടിപ്പുഴയിലൂടെ വിസ്മയകരമായ, തീർത്തും ശാന്തമായ യാത്രനടത്താൻ അവസരമൊരുക്കിയതിന്. പുഴയെക്കുറിച്ച്, കടലുണ്ടിയെക്കുറിച്ച് ഒരുപാട് മനസ്സിലാക്കി. എല്ലാവർക്കും നന്ദി. കേരളത്തിൻ്റെ കുറച്ചേറെ സാംസ്‌കാരിക പൈതൃകം അനുഭവവേദ്യമാക്കിയതിന്......ആസ്വദിക്കാൻ വഴിയൊരുക്കിയതിന്..
അടുത്തതായി ഫറോക്ക് കോമൺവെൽത്ത് ടൈൽ ഫാക്ടറി കാണാനെത്തിയ അവർ അതിൻ്റെ ചരിത്രവും പ്രവർത്തനവും ആവേശത്തോടെ കേട്ടു. പിന്നെ നേരെപ്പോയത് കോഴിക്കോടിന്റെ പൈതൃകം വിളിച്ചോതുന്ന കുറ്റിച്ചിറ മിശ്കാൽ പള്ളിയിലേക്ക്. പോർച്ചുഗൽ നാവികത്തലവൻ അൽബുക്കർക്കിൻ്റെ നേതൃത്വത്തിൽ ഉണ്ടായ ആക്രമണത്തിൻ്റെ പാടുകളും പരമ്പരാഗത ഖാസിമാർ യാത്രയ്ക്കായി ഉപയോഗിച്ച പല്ലക്ക്, തമ്പേർ തുടങ്ങി പള്ളിയിലെ പുരാതന ചരിത്രശേഷിപ്പുകളും കണ്ടാണ് അവർ മടങ്ങിയത്.
പള്ളിയെക്കുറിച്ചുള്ള ബ്രോഷർ മിശ്കാൽ പള്ളി ജനറൽ സെക്രട്ടറി എൻ. ഉമ്മർ സുനിതാ വില്യംസിന് കൈമാറി.
ആംഗ്ലോ ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഫലൂദ നാഷൻസിലേക്കാണ് നേരേപോയത്. അവിടെയിരുന്നൊരു ഫലൂദ ആസ്വദിച്ച് കഴിച്ചു. പിന്നെ ഗുജറാത്തി സ്ട്രീറ്റിലെ ഗുദ്ദാം ആർട്ട് കഫേയിലേക്ക്. അവിടെ സൂക്ഷിച്ച പുരാതന വസ്തുക്കൾ കണ്ടു.
നാവിൽ വെള്ളമൂറുന്ന കോഴിക്കോടൻ രൂപി തേടി പാരഗണിലേക്ക്. അവിടെയെത്തുമെന്ന് പറഞ്ഞതിന് ഒരുമണിക്കൂർ മുൻപായി ഒരു മണിക്കുതന്നെ സംഘമെത്തി. സ്പിനാഷ്. വെണ്ടക്ക എന്നിവ കൊണ്ടുണ്ടാക്കിയ സ്റ്റാർട്ടേഴ്‌സാണ് വരവേറ്റത്. വെള്ളയപ്പവും ഇളനീർ സ്റ്റുവും രുചിയോടെ കഴിച്ചു.
അപ്പോഴേക്കും ബീറ്റ്റൂട്ട് ഹോട്ട് ഹൽവയും വാനില എസ്ക്രീമും ചേർത്തുള്ള ഡെസേർട്ടെത്തി. പാരഗൺ ഉടമ സുമേഷ് ഗോവിന്ദിൻ്റെ ഭാര്യ ലിജു തയ്യാറാക്കി കൊണ്ടുവന്നത്.
മുൻപ് ദുബായ് പാരഗണിൽനിന്ന് സുനിതാ വില്യംസ് ഇതുകഴിച്ചിട്ടുണ്ട്. ഏറെ ഇഷ്‌ടമായതുകൊണ്ട് ബഹിരാകാശത്തേക്ക് പോകുംമുൻപ് ഒരു സുഹൃത്ത് വഴി പ്രിയ വിഭവം കിട്ടുമോയെന്ന് സുമേഷ് ഗോവിന്ദിനെ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ, പില തടസ്സങ്ങൾ കാരണം എത്തിക്കാൻ കഴിഞ്ഞില്ല. ആ വിഷമം തീർക്കാനാണ് കൈയോടെ വിഭവമെത്തിച്ചതെന്ന് സുമേഷ് ഗോവിന്ദ് പറഞ്ഞു. വഴുതനങ്ങ തവ ഗ്രിൽ, കാന്താരി മഷ്റൂം, ഇളനീർ പായസം, കല്ലുമ്മക്കായ, ഞണ്ട് വിഭവങ്ങളും സുനിതയ്ക്കായി വിളമ്പി.
ലയോള സ്കൂളിലെ വിദ്യാർഥി മാനവേദൻ താൻ വരച്ച സുനിതാ വില്യംസിൻ്റെ ചിത്രം അവർക്ക് സമ്മാനിച്ചു. അതും സന്തോഷത്തോടെ സ്വീകരിച്ചാണ് അവർ മടങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










