കല്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൻ്റെ നിർമാണപ്രവൃത്തി മന്ത്രി കെ. രാജൻ വിലയിരുത്തി. തിങ്കളാഴ്‌ച രാവിലെയാണ് ഉദ്യോഗസ്ഥർക്കും എൽഡിഎഫ് നേതാക്കൾക്കുമൊപ്പം അദ്ദേഹം ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയത്. നിർമാണം പൂർത്തിയായ വീടുകളുടെ ഉള്ളിൽക്കയറി പരിശോധിച്ചു. നിർമാണപ്രവൃത്തി നടക്കുന്ന വീടുകൾ, സീവേജ് ടാങ്കിന്റെ പ്രവൃത്തി എന്നിവയെല്ലാം മന്ത്രി പരിശോധിച്ചു. "ടൗൺഷിപ്പിന്റെ നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ദുരന്തത്തിനുശേഷം സർക്കാർ ഉറപ്പുനൽകിയ എല്ലാകാര്യവും നടപ്പാക്കിയിട്ടുണ്ടെന്നും മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു
ഫെബ്രുവരിയിൽ ആദ്യഘട്ടം വീടുകൾ കൈമാറുമെന്നും വീടുകൾ കൈമാറിയാൽ അന്നുതന്നെ താമസമാരംഭിക്കുന്നതരത്തിൽ എല്ലാ പണിയും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
2024 ഓഗസ്സുമുതൽ 2025 ഡിസംബർവരെ 17 മാസക്കാലയളവിൽ സർക്കാർ ദുരിതബാധിതർക്കായി ജീവനോപാധി നൽകിയിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ടുവ്യക്തികൾക്ക് 300 രൂപ വീതം എസ്ഡിആർഎഫിൽനിന്ന് നൽകുന്നു. ദീർഘനാൾ ചികിത്സയിൽക്കഴിയുന്ന കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാൾക്കുകൂടി 300 രൂപവീതം അധികമായി സിഎംഡിആർഎഫിൽനിന്ന് നൽകുന്നുണ്ട്. 1183 ആളുകൾക്ക് 12 ഗഡുക്കളായാണ് സർക്കാർ ഉത്തരവുപ്രകാരം സഹായധനം വിതരണംചെയ്‌തത്. 2025 ഡിസംബർമാസത്തെ ഉപജീവനബത്ത 1183 പേർക്ക് 10,647,000 രൂപയും അനുവദിച്ചു. 2024 ഓഗസ്റ്റുമുതൽ 2025 ഡിസംബർവരെ ഉപജീവനബത്ത അനുവദിക്കുന്നതിനായി സിഎംഡിആർഎഫിൽ നിന്ന് 21,06,000 രൂപയും എസ്ഡിആർഎഫിൽ നിന്ന് 15,41,48,000 രൂപയും വിനിയോഗിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റുമുതൽ 2025 ഡിസംബർവരെ 59,106,200 രൂപ ദുരിതബാധിതർക്ക് വാടകയിനത്തിൽമാത്രം നൽകിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്ഥലം ലഭ്യമായില്ലെങ്കിൽ സ്ഥലം വിലനൽകി വാങ്ങി അവിടെ സ്കൂൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ഉപാധ്യക്ഷ എസ്. സൗമ്യ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷൈജ ബേബി, സി. സീനത്ത്, കളക്‌ടർ ഡി.ആർ. മേഘശ്രീ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെ.ഒ. അരുൺ, ഡിഎം ഡെപ്യൂട്ടി കളക്ടർ കെ.എസ്. നസിയ, എൽഡിഎഫ് കൺവീനർ സി.കെ. ശശീന്ദ്രൻ, സിപിഎം ജില്ലാസെക്രട്ടറി കെ. റഫീഖ്, സിപിഐ ജില്ലാസെക്രട്ടറി ഇ.ജെ. ബാബു, ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. ഹംസ, സംസ്ഥാനകമ്മിറ്റിയംഗം പി.കെ. അനിൽകുമാർ, സിപിഎം കല്പറ്റ ഏരിയാസെക്രട്ടറി വി. ഹാരിസ്, ജില്ലാകമ്മിറ്റിയംഗം പി. സുഗതൻ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി. മണി, ആർജെഡി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.ഒ. ദേവസി, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കെ.ജെ. ദേവസ്യ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
289 വീടിന്റെ വാർപ്പ് പൂർത്തിയായി
ടൗൺഷിപ്പിൽ 289 വീടിൻ്റെ വാർപ്പ് പൂർത്തിയായി. വാർപ്പുകഴിഞ്ഞ വീടുകളിൽ പ്ലംബിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. വീടുകളുടെ എർത്ത്' വർക്ക്, പ്ലെയിൻ സിമൻ്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവൃത്തികൾ എന്നിവ പുരോഗമിക്കുകയാണ്. ടൗൺഷിപ്പിലെ പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമാണവും സൈഡ് ഡ്രെയിനേജ് നിർമാണവും നടക്കുന്നുണ്ട്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമിക്കുക. ഒൻപതുലക്ഷം ലിറ്റർ ശേഷിയിൽ നിർമിക്കുന്ന കുടിവെള്ളസംഭരണി, സീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാന്റ്, ഓവുചാൽ എന്നിവയുടെ നിർമാണവും പുരോഗമിക്കുകയാണ്. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുംവിധമാണ് വീടുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










