വേദശ്രാദ്ധകർമങ്ങൾ നടത്തി
തിരുനാവായ കേരള കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവം തിങ്കളാഴ്‌ചമുതൽ ഫെബ്രുവരി മൂന്നുവരെ തിരുനാവായയിൽ നടക്കും.
മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ 19-ന് രാവിലെ 11-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധർമ ധ്വജാരോഹണം നടത്തി മേള ഉദ്ഘാടനംചെയ്യും. പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സന്ന്യാസിമാർ ഉൾപ്പെടെയുള്ളവർ എത്തിത്തുടങ്ങി. നാവാമുകുന്ദക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
മേളയ്ക്കുമുൻപ് പിത്യ, ദേവ പ്രീതിക്കായി നടക്കുന്ന വിശേഷാൽ പൂജകളുടെ ഭാഗമായി ശനിയാഴ്‌ച ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തിൽ വേദശ്രാദ്ധകർമം നടന്നു. പിത്യ ആത്മാക്കളെ ശുദ്ധീകരിച്ച് ദൈവികനിലയിലേക്കുയർത്തി അനുഗ്രഹം നേടുകയെന്നതാണ് ഈ കർമത്തിൻ്റെ ലക്ഷ്യമെന്ന് അക്കിത്തിരിപ്പാട് പറഞ്ഞു.
മൗനി അമാവാസി ദിവസമായ ഞായറാഴ്‌ച, അപൂർവ ആത്മീയാനുഷ്‌ഠാനമായി കണക്കാക്കുന്ന കാലചക്രം ബലി എന്ന പൂജാകർമം നടക്കും. തിങ്കളാഴ്‌ചമുതൽ ഫെബ്രുവരി മൂന്നുവരെ നവകോടി നാരായണജപാർച്ചനയുണ്ടാകും. ദിവസവും രാവിലെ നിളാസ്‌നാനവും വൈകീട്ട് കാശിയിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും നടക്കും.
തിങ്കളാഴ്ച്‌ച രാവിലെ, ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായി രഥയാത്ര പുറപ്പെടും. ഭാരതീയധർമപ്രചാരസഭ ആചാര്യൻ യതീശാനന്ദനാഥൻ നയിക്കുന്ന രഥയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം 22-ന് വൈകീട്ട് തിരുനാവായയിലെത്തും.
മേളയിലേക്ക് വിവിധ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്ക് അരയാൽത്തൈ പ്രസാദമായി നൽകും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽസദസ്സുകളും കളരി, യോഗ അനുഷ്‌ഠാനങ്ങളും കലാ അവതരണങ്ങളും അടക്കം ഒട്ടേറെ പരിപാടികൾക്ക് നിളാതീരം വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
ജനുവരി 18-മൗനി അമാവാസി, 19-മാഘപ്രതിപദം, 22-ഗണേശജയന്തി, 23- വസന്തപഞ്ചമി, 25- രഥസപ്‌തമി, 26-ഭീഷ്‌മാഷ്ടമി. 27-മഹാനന്ദാനവമി, 28 ഗുപ്‌തവിജയദശമി, 29-ജയ ഏകാദശി, ഫെബ്രുവരി ഒന്ന്-തൈപ്പൂയവും മാഘപൗർണമിയും, മൂന്ന്- മകം നക്ഷത്രം എന്നിവയാണ് മാഘമഹോത്സവക്കാലത്തെ വിശിഷ്ടമായ തിഥികളും മുഖ്യസ്നാനദിവസങ്ങളും. ഫെബ്രുവരി മൂന്നിന് രാവിലെ നടക്കുന്ന അമൃതസ്‌നാനത്തോടെയും യതിപൂജയോടെയും മഹോത്സവം സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










