അഞ്ചരക്കണ്ടി : ആധുനികകാലത്തെ വെല്ലുവിളികൾ നേരിടാൻ അഗ്നിരക്ഷാസേനയെ പ്രാപ്‌തമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബംഗ്ലാവ് മെട്ടയിൽ നിർമിക്കുന്ന ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജേറ്റ് ആൻഡ് റിസർച്ച് സെന്ററിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥാപനം വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരുടെ പ്രൊഫഷണൽ കഴിവുകൾ വർധിപ്പിക്കുന്നതിനൊപ്പം അഗ്നിസുരക്ഷ, ദുരന്തനിവാരണം എന്നീ മേഖലകളിൽ തൊഴിലധിഷ്‌ഠിതവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിന് കേന്ദ്രം വഴിയൊരുക്കും. വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവ സംയോജിപ്പിക്കുന്ന മികവിന്റെ കേന്ദ്രമായി സ്ഥാപനം മാറും. അടിയന്തര പ്രതികരണശേഷി ശക്തിപ്പെടുത്തുന്നതിലും പഠനകേന്ദ്രം പങ്കുവഹിക്കും.
കുസാറ്റിന്റെ അംഗീകാരത്തോടെ നാല് കോഴ്‌സുകളാണ് കേന്ദ്രത്തിൽ ആരംഭിക്കുക. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് എംഎസ്സി ഫയർ ആൻഡ് സേഫ്റ്റി സയൻസ് കോഴ്സ് തുടങ്ങുന്നത്. ഇതോടൊപ്പം രണ്ട് പിജി ഡിപ്ലോമ കോഴ്സുകളും ഒരു റിസർച്ച് സെൻ്ററും ഇവിടെയുണ്ടാകും. പദ്ധതിക്കായി 20 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ആവശ്യമായ സാങ്കേതികാനുമതികളും ലഭ്യമാക്കിയിട്ടുണ്ട്. 18 മാസത്തിനുള്ളിൽ തന്നെ കെട്ടിടം പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. വി. ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ, അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സീന, അംഗം ടി. മഹേഷ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്‌ടർ ജനറൽ നിതിൻ അഗർവാൾ. ടെക്നിക്കൽ ഡയറക്‌ടർ എം. നൗഷാദ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി.പി. സാബു, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ.കെ. രാഗേഷ്, കെ.കെ. ജയരാജൻ, ടി. പ്രകാശൻ, എൻ.കെ. റഫീഖ്, സംഘാടകസമിതി കൺവീനർ കെ.പി. ലോഹിതാക്ഷൻ, കേരള ഫയർഫോഴ്‌സ് ഓഫീസേഴ്സ് അസോസിയേഷൻ മേഖലാ സെക്രട്ടറി ഒ.കെ. രജീഷ്, കേരള ഫയർ സർവീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. പ്രണവ്, കേരള ഫയർ സർവീസ് ഡ്രൈവേഴ്‌സ് ആൻഡ് മെക്കാനിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
ആദ്യഘട്ടത്തിൽ അക്കാദമിക് ബ്ലോക്ക്
ധർമടം നിയോജക മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിൽ നാലര ഏക്കറിലാണ് ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജ്യേറ്റ് ആൻഡ് റിസർച്ച് സെന്റർ നിർമിക്കുക. ഒന്നാംഘട്ടത്തിന് 20 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. അക്കാദമിക് ബ്ലോക്ക്, അഡ്മിനിട്രേറ്റീവ് ബ്ലോക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ കെട്ടിടങ്ങൾ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സുകൾ എന്നിവ ഉൾപ്പെടുന്നതാണ് റിസർച്ച് സെന്റർ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ അക്കാദമിക് ബ്ലോക്ക് നിർമിക്കും. 6447 ചതുരശ്ര മീറ്ററിൽ അഞ്ച് നിലകളിലായാണ് അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












