വടകര: വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ തീപ്പിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ല. ഇത് വാഹനങ്ങൾ പാർക്കുചെയ്യുന്ന യാത്രക്കാർക്ക് ആശങ്കയുണ്ടാക്കുന്നു. റെയിൽവേ സ്റ്റേഷനിൽ രണ്ട് പാർക്കിങ് ഏരിയയാണുള്ളത്. ഇതിൽ ഒരുഭാഗത്ത് എട്ടായിരം ചതുരശ്രമീറ്ററും മറ്റൊന്ന് 6,000 ചതുരശ്രമീറ്ററുമാണ്. ഇവിടെ ഒരു ദിവസം 800-ലധികം ഇരുചക്രവാഹനങ്ങൾക്കും 200-ഓളം കാറുകൾക്കും പാർക്കുചെയ്യാനുള്ള സംവിധാനമുണ്ട്.
പെട്ടെന്ന് തീപ്പിടിത്തമുണ്ടായാൽ അണയ്ക്കുന്നതിന് ഇവിടെ മതിയായ സംവിധാനങ്ങളില്ല. റെയിൽവേ പറയുന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് കരാറുകാർ പറയുന്നത്. ചെറിയ ഫയർ എക്സ്റ്റിംഗ്വിഷറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്‌തമല്ല. പാർക്കിങ് സ്ഥലത്തിന് ഫയർഫോഴ്‌സിൻ്റെ എൻഒസിയും എടുത്തിട്ടില്ലെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വടകര റെയിൽവേ സ്റ്റേഷനിൽ വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയത്. കോടികൾ ചെലവഴിച്ച് നവീകരണംനടത്തിയിട്ടും ദുരന്തനിവാരണത്തിനാവശ്യമായ സംവിധാനങ്ങളൊരുക്കിയില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സാധാരണ ഷോപ്പിങ് കോംപ്ലക്‌സുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പാർക്കുചെയ്യുന്ന ഭാഗങ്ങൾക്ക് പ്രത്യേക പെർമിറ്റും, എൻഒസിയും ആവശ്യമുണ്ട്. ഇത് തദ്ദേശസ്ഥാപനങ്ങളും ഫയർഫോഴ്‌സ് ഡിപ്പാർട്ട്മെന്റുമാണ് നൽകുന്നത്. തുറന്ന സ്ഥലത്തുള്ള പാർക്കിങ് ഏരിയയിൽ ചില സാഹചര്യങ്ങളിൽ ഇത്തരം പെർമിറ്റുകൾ ആവശ്യമില്ല.
എന്നാൽ, വലിയ പാർക്കിങ് ഏരിയകളിൽ തീപ്പിടിത്തം ഉണ്ടാകുന്ന സമയങ്ങളിൽ അത് നിയന്ത്രണവിധേയമാകില്ല. അതുകൊണ്ടുതന്നെ ആവശ്യമായ സംവിധാനങ്ങൾ ഇത്തരം സ്ഥലങ്ങളിൽ ഒരുക്കണമെന്നാണ് നിയമം.
വാഹനങ്ങളിൽ കത്തുന്ന ഇന്ധനങ്ങളായതുകൊണ്ടുതന്നെ മറ്റു സ്ഥലങ്ങളിൽ തീപ്പിടിത്തം ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ വ്യാപ്ത്‌തി ഇവിടങ്ങളിൽ ഉണ്ടാവും. അഗ്നിരക്ഷാസേനയെ വിവരമറിയിച്ച് അവരെത്തുമ്പോഴേക്കും തീ നിയന്ത്രണാതീതമാകും. അതുകൊണ്ടുതന്നെ ചെറിയരീതിയിലെങ്കിലും പെട്ടെന്ന് തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഇത്തരം സ്ഥലങ്ങളിൽ ഉണ്ടാകണം.
വടകര റെയിൽവേ സ്റ്റേഷനകത്തെ കെട്ടിടങ്ങളിലും മറ്റും തീപ്പിടിത്തമുണ്ടായാൽ അപായമുന്നറിയിപ്പിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതുവഴി എവിടെയാണ് തീയുണ്ടായത് എന്ന കാര്യം തിരിച്ചറിയാനും സാധിക്കും. ഇതുപോലുള്ള സംവിധാനങ്ങളൊന്നും പുറത്തെ പാർക്കിങ് ഏരിയയിൽ ഒരുക്കിയിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












