മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണം
മാനന്തവാടി: മനുഷ്യ-വന്യജീവി സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വനംവകുപ്പ് നൈറ്റ് ഹൈവേ പട്രോളിങ് തുടങ്ങി. വന്യജീവികളെ കാണുന്നതിനുമാത്രമായി രാത്രിയിൽ വനപാതയിലൂടെ സഞ്ചരിക്കുന്നവർ വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കുന്നത് സംബന്ധിച്ച് 'മാതൃഭൂമി' നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്റെ്റെ നേതൃത്വത്തിൽ രാത്രിയിൽ വാഹനപരിശോധന തുടങ്ങിയിരുന്നെങ്കിലും സ്ഥിരം നൈറ്റ് ഹൈവേ പട്രോളിങ് സംവിധാനം കഴിഞ്ഞദിവസം മുതലാണ് തുടങ്ങിയത്.
ആദ്യഘട്ടത്തിൽ നോർത്ത് വയനാട് വനംഡിവിഷൻ, വയനാട് വന്യജീവിസങ്കേതം പരിധിയിലാണ് പട്രോളിങ് നടത്തുന്നത്. ഇത് ജില്ലയിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. നോർത്ത്, സൗത്ത് വയനാട് വനം ഡിവിഷനുകളും വയനാട് വന്യജീവിസങ്കേതവും ഉൾപ്പെടുന്നതാണ് ജില്ലയിലെ വനമേഖല.
ബാവലി, തോപ്പെട്ടി, തിരുനെല്ലി റോഡുകളിലാണ് പട്രോളിങ് കാര്യക്ഷമമാക്കിയിട്ടുള്ളത്. കൂട്ടമായി ഇരുചക്രവാഹനങ്ങളിലെത്തുന്നവരും തീവ്രതയുള്ള ലൈറ്റുകൾ അടിച്ച് വന്യജീവികളെ പ്രകോപിപ്പിക്കുന്നവരുടെപേരിലും നടപടി സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പട്രോളിങ് തുടങ്ങിയത്. തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിലെത്തുന്നവരും രാത്രിയിൽ കർണാടകയിലേക്ക് രാത്രിയാത്രാനിയന്ത്രണമില്ലാത്ത തോപ്പെട്ടി-കുട്ട പാതയിലൂടെ സഞ്ചരിക്കുന്നവരും വന്യജീവി ആക്രമണത്തിനു വിധേയമാകാൻ സാധ്യതയുണ്ടെന്ന കാര്യംകൂടി പരിഗണിച്ചാണ് പട്രോളിങ്.
തിരുനെല്ലി, തോപ്പെട്ടി റോഡുകളിൽ രാത്രിയാത്രയ്ക്കു നിയന്ത്രണമില്ലാത്തതിനാൽ പൊതുഗതാഗത സംവിധാനത്തിൻ്റെ മറവിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും മറ്റുജില്ലക്കാരും രാത്രിസഫാരിക്കെത്തുന്നത്.
വനത്തെയും വന്യജീവികളെയും പറ്റി കാര്യമായ അറിവില്ലാത്ത ഇവർ നടത്തുന്ന പ്രവൃത്തികൾ നാട്ടുകാർക്കുകൂടി തലവേദനയാവുന്നുണ്ട്. വന്യജീവികളെ പ്രകോപിപ്പിച്ച് ഏതെങ്കിലും വാഹനം കടന്നുപോയാൽ തൊട്ടുപിന്നാലെയെത്തുന്നവരാണ് വന്യജീവികളുടെ ആക്രമണത്തിനിരയാവുക. രാത്രിയിൽ ആശുപത്രിയിലുൾപ്പെടെയുള്ള അത്യാവശ്യകാര്യങ്ങൾക്കു പുറത്തിറങ്ങേണ്ട തദ്ദേശീയർക്കാണ് ഇത് വലിയ തിരിച്ചടിയാവുന്നത്. തദ്ദേശീയരിൽത്തന്നെ അലക്ഷ്യമായി വനത്തിലൂടെ സഞ്ചരിക്കുന്നവരുമുണ്ട്. ഇത്തരക്കാരെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യവും നൈറ്റ് സഫാരിക്കു മുന്നിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












