കോഴിക്കോട് : 'അവൾക്കൊപ്പം' എന്നപേരിൽ അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് കോഴിക്കോട്ടെ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവർ മാനാഞ്ചിറയിൽ ഒത്തുചേർന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യവുമായി മാനാഞ്ചിറ കെ.ടി. മുഹമ്മദിൻ്റെ പ്രതിമയ്ക്ക് മുന്നിൽനിന്ന് അവർ ആടിയും പാടിയും പ്രകടനമായാണ് ഓപ്പൺസ്റ്റേജിലേക്കെത്തിയത്. അതിനുമുൻപേ ചിത്രം വരച്ചു. നീതിതേടിയുള്ള പോരാട്ടം തെരുവിൽനിന്നാണെന്ന് പ്രഖ്യാപിച്ചാണ് കൂട്ടായ്‌മ തുടങ്ങിയത്. 'സ്വരലയ' കുടുംബശ്രീ സംഘത്തിന്റെ ശിങ്കാരിമേളത്തോടെ ഇതിൻ്റെ ഉദ്ഘാടനം നടന്നു.
നടനും നിർമാതാവുമായ പ്രകാശ് ബാരെ മുഖ്യപ്രഭാഷണം നടത്തി. അതിജീവിതയുടെ വിഷയത്തിൽ നിയമയുദ്ധം മാത്രമല്ല, സാമൂഹിക പ്രതിഷേധങ്ങളുമുണ്ടാവണം. വരയിലൂടെ, എഴുത്തിലൂടെ, സിനിമയിലൂടെ ശബ്ദിക്കണം. അതിജീവിതയ്ക്കുവേണ്ടിമാത്രമല്ല, നമ്മുടെ വീട്ടിലുള്ള അമ്മമാർക്കും പെൺമക്കൾക്കുമെല്ലാം വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അവൾക്കൊപ്പമെന്നാണ് പലരും ആദ്യം പറഞ്ഞത്. പിന്നീട് ചിലർ അവനൊപ്പം മാത്രമായി, ചിലരാകട്ടെ അവൾക്കെതിരേയുമായി. തെളിവ് മുഴുവൻ നശിപ്പിക്കപ്പെട്ടത് കോടതിയിൽനിന്നല്ലേ. അവൾ കോടതിമുറിയിലും ആക്ഷേപിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
വിധിവരുംവരെ നമ്മൾ ഇത്രമേൽ തോൽപ്പിക്കപ്പെടുമെന്ന് വിചാരിച്ചില്ലെന്ന് കെ.കെ. രമ എംഎൽഎ പറഞ്ഞു. അധികാരവും പണവും ഉള്ളവർക്ക് എന്തും സാധ്യമാകുമെന്ന് ബോധ്യമായി.
തോൽപ്പിക്കപ്പെടാൻ നമുക്ക് മനസ്സില്ല. ഡബ്ല്യുസിസിയും ഹേമ കമ്മിറ്റിയുമെല്ലാം ഉണ്ടായി. സിനിമാനയമുണ്ടായെങ്കിലും പി.ടി. കുഞ്ഞുമുഹമ്മദുമാർ ഇപ്പോഴുമുണ്ടാകുന്നു. എവിടെയാണ് നീതി. അതിനായി പോരാടുമെന്നും അവർ പറഞ്ഞു.
കോടതി നീതിപാലിക്കണമെന്ന് പറയേണ്ടിവരുന്നത് അങ്ങേയറ്റത്തെ ഗതികേടാണെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. കേരളത്തിൽ സ്ത്രീകൾ കൂടുതൽ അരക്ഷിതരായിവരുന്നു. ഇത്ര വലിയ അന്യായം നടന്നിട്ട് പരിഹാരമുണ്ടായില്ലെന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ. അജിത അധ്യക്ഷയായി. ദീദി ദാമോദരൻ, ബൈജു മേരിക്കുന്ന്, എം.എ. ഷഹനാസ്, ഗാർഗി, നവീന വിജയൻ തുടങ്ങിയവർ സംസാരിച്ചു. സഞ്ജന ചന്ദ്രന്റെ നേതൃത്വത്തിൽ നൃത്തശില്പം അരങ്ങേറി. പർവീൺ ആസാദ്, സെലീന ബീഗം തുടങ്ങിയവർ കവിതചൊല്ലി. എല്ലാവരും പാടിയതും പറഞ്ഞതുമെല്ലാം എന്നും അവൾക്കൊപ്പം എന്നുമാത്രം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












