തിരുവനന്തപുരം: പുതുവർഷത്തിൽ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ-ചൂരൽമല ദുരന്തം ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റ മനസ്സോടെ വയനാട് മുണ്ടക്കൈ ദുരന്തബാധിതരോടൊപ്പം നിന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് നിർമാണം. ഫെബ്രുവരിയോടെ ആദ്യഘട്ടം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
207 വീടുകളുടെ വാർപ്പ് പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ബാക്കി വീടുകളുടെ പണികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്. 'ബിൽഡ് ബാക്ക് ബെറ്റർ'എന്ന തത്വം ഉൾക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിന്‍റെ വികസനത്തിനായി എല്ലാ ജനപ്രതിനിധികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതികൾ സ്ഥാനമേറ്റെടുത്തു കഴിഞ്ഞിരിക്കയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ശക്തമായ രാഷ്ട്രീയ പ്രചാരണങ്ങളും വാദപ്രതിവാദങ്ങളും എല്ലാവരും നടത്തി. ആഘട്ടം പിന്നിട്ട് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ സ്ഥാമേറ്റതോടെ അവർക്കുമുന്നിൽ പുതിയ ഉത്തരവാദിത്തമാണ് ഉള്ളത്. പുതിയ ഭരണ സമിതികളുടെ ചുമതല വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിദരിദ്രരെ കണ്ടെത്തി അതിദാരിദ്ര്യ നിർമാർജ്ജനം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചു. അതിദാരിദ്ര്യ മുക്തരായവർ തിരികെ അതിദാരിദ്ര്യത്തിലേക്ക് പോകരുത്. പല കാരണങ്ങളാൽ അതിദാരിദ്ര്യത്തിലേക്ക് പോകുന്നവരുണ്ടാകാം. അവരെ അതിൽനിന്ന് മുക്തരാക്കാനാകണം. ഈ പ്രക്രിയ നിരന്തരം സൂക്ഷ്മതയോടെ കൊണ്ടുപോകണം. അതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈഫ് ഭവന പദ്ധതിയിലൂടെ കൂടുതൽ ഭവനങ്ങൾ ലഭ്യമാക്കാൻ അശ്രാന്ത പരിശ്രമം ഉണ്ടാകേണ്ടതുണ്ട്. അതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിൽ പ്രധാന പങ്ക് വഹിക്കേണ്ട
താണ്. മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനം എന്ന നിലയിലേക്ക് സമീപനത്തിലും പശ്ചാത്തല സൗകര്യങ്ങളിലും നാം ഏറെ മുന്നോട്ടുപോയി. പ്രാദേശിക സർക്കാരുകളുടെ അനിവാര്യ ചുമതല കൂടിയാണ് ഈ മേഖല. ഇതിൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ വൻ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ആ നേട്ടം നിലനിർത്താനും കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനും കൂടുതൽ പ്രവർത്തനം ആവശ്യമാണ്. ആ ചുമതല എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ സംസ്ഥാനത്താകെ 1142 പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വളണ്ടിയർമാരെ കൂടി ഉൾപ്പെടുത്തി സാർവത്രികമായ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നതിന് കേരള കെയർ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ഇതിൽ ഓരോ തദ്ദേശ സ്ഥാപനവും ഇടപെടേണ്ടതുണ്ട്. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും വിശാല താൽപര്യം മുൻനിർത്തി നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാ ജനപ്രതിനിധികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയണം. അതിന് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ ഭാവി വികസനത്തിനും മുന്നേറ്റത്തിനുമായി നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും സ്വരൂപിക്കുന്നതിന് സർക്കാർസിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം എന്ന പദ്ധതി ഇന്ന് മുതൽ ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന ഈ പദ്ധതിയോട് എല്ലാവരും പൂർണമനസ്സോടെ സഹകരിക്കണം എന്നാണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












