10 രൂപയുടെ യാത്രാസൗകര്യം നിർത്തിയത് മന്ത്രി മാറിയപ്പോൾ
തിരുവനന്തപുരം : സിറ്റി സർക്കുലർ ഇ-ബസ് സർവീസുമായി ബന്ധപ്പെട്ട് മേയറും ഗതാഗതമന്ത്രിയും തുറന്ന പോരിനിറങ്ങുമ്പോൾ നഗരവാസികൾക്ക് നഷ്ടമായത് കുറഞ്ഞ നിരക്കിൽ നഗരത്തിലെ പ്രദേശങ്ങളെ ഒന്നിപ്പിച്ച ജനകീയ ബസ് സർവീസ്.
സാധാരണ ബസുകൾ ഓടാത്ത സ്ഥലങ്ങളിലേക്ക് ഓടിയ ഈ സർക്കുലർ സർവീസ് ചുരുങ്ങിയകാലം കൊണ്ടുതന്നെ യാത്രക്കാരെ ഏറെ ആകർഷിച്ചിരുന്നു.
15 കിലോമീറ്റർമുതൽ 20 കിലോമീറ്റർവരെ സഞ്ചരിക്കാൻ 10 രൂപ നൽകിയാൽ മതിയെന്നതായിരുന്നു സിറ്റി സർക്കുലറിന്റെ ആകർഷണീയത. മുന്പ് ബസുകൾ എത്താതിരുന്ന പിടിപി നഗർ, വലിയവിള, വഞ്ചിയൂർ, മുടവൻമുഗൾ, മരുതംകുഴി-കൊച്ചാർ റോഡ്, വയലിക്കട-കുറവൻകോണം റോഡ്, നന്തൻകോട്-കുറവൻകോണം റോഡ് തുടങ്ങി പല റൂട്ടുകളിലേക്കും ബസ് എത്തിയത് പ്രദേശവാസികൾക്കിടയിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. ബസ് എവിടെയാണെന്ന് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നു.
ശാസ്ത്രീയമായി പഠനം നടത്തിയശേഷമാണ് റൂട്ടും സമയവും തയ്യാറാക്കിയത്. വീട്ടുജോലിയടക്കമുള്ളവയ്ക്കു പോകുന്ന താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്കും കൂലിപ്പണിക്കാരടക്കമുള്ള സാധാരണക്കാർക്കും ഇത് ഏറെ സഹായകമായിരുന്നു. മുൻ ഗതാഗതമന്ത്രി ആൻ്റണി രാജുവും കെഎസ്ആർടിസിയും ഒരുപോലെ ലാഭകരമെന്നു പറഞ്ഞിരുന്ന സംവിധാനമാണ് മന്ത്രി മാറിയപ്പോൾ പെട്ടെന്ന് നഷ്ടമായത്. സ്വകാര്യ ബസ് മുതലാളിമാരുടെ ഇടപെടലാണ് സർക്കുലർ സർവീസ് അട്ടിമറിച്ചതിനു പിന്നിലെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ആര്യാ രാജേന്ദ്രൻ മേയറായിരുന്നപ്പോൾ ഈ ബസുകൾ ജില്ലവിട്ട് കൊണ്ടുപോയതിനെതിരേ പരാതി നൽകിയിരുന്നു. തുടർന്ന് 113 ബസുകൾ ജില്ലയ്ക്കകത്തേക്കു തിരിച്ചുകൊണ്ടുവന്നെങ്കിലും സർക്കുലർ സർവീസ് പുനഃസ്ഥാപിച്ചില്ല.
കെഎസ്ആർടിസി സിറ്റി സർക്കുലറിൻ്റെ 10 രൂപ ടിക്കറ്റ് ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇപ്പോഴത്തെ മന്ത്രിയുടെ പരിഷ്‌കരണം. സിറ്റി സർക്കുലറിൽ പ്രതിദിനം 76,000 യാത്രക്കാർ ഉണ്ടായിരുന്നു. ഫാസ്റ്റാക്കി പേരുമാറ്റി ടിക്കറ്റ് നിരക്ക് അടിക്കടി കൂട്ടിയും സർവീസുകൾ വെട്ടിക്കുറച്ചുമാണ് സർക്കുലർ സർവീസ് പടിപടിയായി ഇല്ലാതാക്കിയത്. മൂന്നിരട്ടി ടിക്കറ്റ് നിരക്ക് കൂട്ടിയാണ് ഇപ്പോൾ കൂടുതൽ ലാഭം കിട്ടുന്നുണ്ടെന്ന് മന്ത്രി പറയുന്നത്.
115 വാഹനങ്ങൾ വാങ്ങിനൽകുമ്പോൾ ഇതുസംബന്ധിച്ച് കോർപ്പറേഷനും സർക്കാരുമായുണ്ടാക്കിയ കരാർ ഒരുകാലത്തും കെ.എസ്ആർടിസി പാലിച്ചിരുന്നില്ല. ഏകപക്ഷീയമായിരുന്നു തീരുമാനങ്ങൾ.
റൂട്ട് നിശ്ചയിക്കുന്നതും നിരക്കുവർധനവ് തീരുമാനിക്കുമ്പോഴും കോർപ്പറേഷനുമായി ചർച്ച നടത്തണമെന്നാണ് കരാർ വ്യവസ്ഥ. നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാനെന്നപേരിലാണ് സ്‌മാർട് സിറ്റി വഴി ബസുകൾക്കായി 115 കോടി ചെലവിട്ടത്.
നഗരത്തിലെ ചെറിയ റോഡുകളിലൂടെ ഓടാനും ഹരിതചട്ടം മുൻനിർത്തിയുമാണ് സിറ്റി സർക്കുലർ ഇ-ബസുകൾ വാങ്ങിയത്.
ഇതിനുപുറമേ കിഫ്ബി ഫണ്ടിൽ വാങ്ങിയ അൻപത് ഇ-ബസുകളും കെഎസ്ആർടിസിക്കുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












