ആറ്റുകാൽ പൊങ്കാല ഉത്സവം
ഒരുക്കങ്ങൾ മുൻകൂർ പൂർത്തിയാക്കാൻ നിർദേശം
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഒരുക്കങ്ങൾ മുൻകൂർ പൂർത്തിയാക്കാൻ കോർപ്പറേഷൻ മേയർ വി.വി.രാജേഷ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
റോഡിലെ ടാറിങ് അടക്കമുള്ള പണികൾ വൈകിപ്പിക്കരുതെന്നും പൊങ്കാല ഉത്സവത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ പണികൾ തീർക്കണമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതെയുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കണം. ടാറിങ് വൈകിപ്പിച്ചതിനാൽ മുൻ വർഷങ്ങളിൽ ഭക്തരുടെമേൽ ടാർ ഒട്ടിപ്പിടിക്കുന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നേരത്തെ എസ്റ്റിമേറ്റുകളെടുത്ത് പണികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ കഴിഞ്ഞതവണ ചെയ്‌ത ജോലികളുടെ ബില്ല് ഇനിയും പാസാക്കി പണം നൽകിയിട്ടില്ലെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ബില്ല് ലഭിച്ച ഉടൻ തന്നെ സർക്കാരിന് കൈമാറിയെന്നായിരുന്നു. ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചത്. എന്നാൽ പൊങ്കാലയ്ക്ക് മുൻപ് കഴിഞ്ഞ വർഷത്തെ പണം നൽകുമോയെന്ന മേയറുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല. പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ആരും ശ്രമിക്കരുതെന്നും അത് നടക്കില്ലെന്നും മേയർ വി.വി.രാജേഷ് അറിയിച്ചു.
റോഡിനു സമീപത്തായി കൂട്ടിയിട്ടിരിക്കുന്ന നിർമാണ സാമഗ്രികൾ ഉടൻ മാറ്റാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുടിവെള്ളത്തിൻ്റെ ഗുണപരിശോധന ഉറപ്പുവരുത്താൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. വാഹന പാർക്കിങ് സൗകര്യങ്ങൾ, സുവിജ് സംവിധാനങ്ങൾ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് നടത്തേണ്ട പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു.
അടിയന്തരമായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും അവ എസ്റ്റിമേറ്റെടുത്ത് പൂർത്തീകരിക്കുന്നതിനും തീരുമാനമായി. യോഗത്തിൽ കെഎസ്ആർടിസി, റെയിൽവേ പ്രതിനിധികൾ പങ്കെടുത്തില്ല. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് വി. ശോഭ, നഗരസഭാ സെക്രട്ടറി എസ്.ജഹാംഗീർ, ഡിസിപി ദീപക് ധൻഖേർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












