തള്ളിക്കയറി ഭക്തർ
ഗുരുവായൂർ : പുതുവർഷദിനത്തിൽ ഗുരുവായൂരിൽ തൊഴാനെത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായി. തലേന്ന് രാത്രി വരിനിന്നവർക്കുപോലും രാവിലെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനായില്ല. പോലീസിനും ദേവസ്വം സുരക്ഷാജീവനക്കാർക്കും നിയന്ത്രിക്കാനാകുന്നതിനപ്പുറമായിരുന്നു തിരക്ക്. വെളുപ്പിന് നാലരമുതൽ ആറരവരെ മാത്രം ദർശനസമയം അനുവദിച്ചിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ഒമ്പതായിട്ടും തൊഴാൻ സാധിച്ചില്ല.
കാത്തുനിന്ന് ക്ഷമകെട്ട ഭക്തജനങ്ങൾ ഒന്നിച്ച് ബഹളംവെച്ചു. സുരക്ഷാജീവനക്കാരുമായി തർക്കമുണ്ടായി. ഭക്തർ ഒന്നിച്ച് തള്ളിക്കയറി. ഇതിന്റെ ശക്തിയിൽ ദീപസ്‌തംഭത്തിന് സമീപത്തെ ബാരിക്കേഡ് ചരിഞ്ഞു. പിന്നീടത് കയറുകൊണ്ട് കെട്ടിനിർത്തുകയായിരുന്നു. സുരക്ഷാജീവനക്കാർക്കും ചില ഭക്തർക്കും ചെറുതായി പരിക്കുകളുണ്ടായി.
വ്യാഴാഴ്ച രാവിലെയാണ് ക്ഷേത്രത്തിനു പുറത്ത് കിഴക്കേ ദീപസ്തംഭത്തിന് തൊട്ടു വടക്കുവശത്ത് തിക്കും തിരക്കുമുണ്ടായത്. രാവിലത്തെ ശീവേലിക്കുശേഷമാണ് ബഹളത്തിന് ശമനമായത്. തിരക്ക് നിയന്ത്രണാതീതമായതോടെ നെയ്‌വിളക്ക് ശീട്ടാക്കിയുള്ള ദർശനവും ടോക്കൺ വഴിയുള്ള ദർശനവും നിർത്തിവയ്ക്കേണ്ടിവന്നു. ക്ഷേത്രത്തിലേക്കുള്ള വരിയുടെ അറ്റം തെക്കേനടപ്പുരയും കടന്ന് പടിഞ്ഞാറേനടപ്പുര വരെ നീണ്ടു. പ്രസാദഊട്ടിനും വഴിപാടുകൾ ശീട്ടാക്കാനും ക്ലോക്ക്മുറികൾക്കു മുന്നിലുമെല്ലാം വരികൾ നീണ്ടു.
കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ, അടൂർ പ്രകാശ്, നടൻ ജയറാം, നടി പാർവതി തുടങ്ങിയവരും ദർശനത്തിന് എത്തിയിരുന്നു.
പ്രത്യേക ദർശന ടോക്കൺ ഇനി വഴിപാട് കൗണ്ടറിൽനിന്ന്
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ദർശനത്തിനുള്ള ടോക്കൺ നൽകുന്നത് ക്ഷേത്രത്തിനകത്തുതന്നെയുള്ള വഴിപാട് കൗണ്ടറിലേക്ക് മാറ്റി. ഇവിടത്തെ ഒന്നാംനമ്പർ കൗണ്ടറിൽനിന്നായിരിക്കും ടോക്കൺ വിതരണം.
പരീക്ഷണാർഥമാണു പുതുവർഷദിനത്തിൽ നടപ്പാക്കിയത്. ക്ഷേത്രം ഗോപുരം ഓഫീസിൽനിന്നായിരുന്നു പ്രത്യേക ദർശനത്തിനുള്ള ടോക്കൺ വിതരണം ചെയ്‌തിരുന്നത്. ഗോപുരം ഓഫീസിലേക്ക് കയറുന്നിടത്ത് തിരക്ക് കൂടിവരുന്നതുകൊണ്ടാണ് മാറ്റമെന്ന് ദേവസ്വം അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












