തിരുവനന്തപുരം: കോൺഗ്രസിനെ കടന്നാക്രമിക്കാൻ തൃശ്ശൂരിലെ മറ്റത്തൂർ മോഡൽ കൂറുമാറ്റം രാഷ്ട്രീയായുധമാക്കി സിപിഎം. എട്ട് കോൺഗ്രസ് വാർഡംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയുമായിച്ചേർന്ന് പഞ്ചായത്ത് ഭരണം പിടിച്ചത് അന്തർധാരയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിനുമുൻപ് സിപിഎം-ബിജെപി ബാന്ധവം ആരോപിച്ച കോൺഗ്രസിന് മറ്റത്തൂർ ഞെട്ടലായി. എട്ടുപേരെ പിന്തിരിപ്പിച്ചും നടപടിയെടുത്തും പ്രശ്നം പരിഹരിക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
കോൺഗ്രസ് തീരുമാനം ലംഘിച്ചെങ്കിലും ആരും ബിജെപിയിൽ ചേർന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ബിജെപിയെ പിന്തുണച്ചവർക്കെതിരേ നടപടിയുണ്ടാവുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷനും വിശദീകരിച്ചു.
മറ്റത്തൂർ മോഡലിന് ഓപ്പറേഷൻ ‘കമലെ’ന്നും ‘കോൺഗ്രസ് ജനതാ പാർട്ടി’യെന്നുമൊക്കെയുള്ള വിശേഷണങ്ങൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു. 2016-ൽ അരുണാചൽപ്രദേശിൽ 44 കോൺഗ്രസ് എംഎൽഎമാരിൽ 43 പേരും എൻഡിഎയിലേക്ക് ചേക്കേറിയതും 2021-ൽ കോൺഗ്രസിനെ ചാക്കിലാക്കി പുതുച്ചേരിയിൽ ബിജെപി ഭരണംപിടിച്ചതുമൊക്കെ ഉയർത്തിക്കാട്ടി, അവയുടെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നാണ് സിപിഎം പ്രചാരണം.
തദ്ദേശവോട്ടെടുപ്പിലെ കോൺഗ്രസ്-ബിജെപി കൊടുക്കൽവാങ്ങലിന്റെ ബാക്കിയാണ് മറ്റത്തൂരിൽ സംഭവിച്ചതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പരീക്ഷണമാണിതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നേമത്ത് ഒ. രാജഗോപാലിലൂടെ ബിജെപി അക്കൗണ്ടുതുറന്നത് കോൺഗ്രസിന്റെ വോട്ടുകൊണ്ടാണെന്ന ആരോപണവുമായി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി.
ആരും ബിജെപിയിൽ പോയിട്ടില്ല -വി.ഡി. സതീശൻ
മറ്റത്തൂരിൽ ജയിച്ച രണ്ടുവിമതരിൽ ഒരാളെ സിപിഎം പ്രസിഡന്റാക്കാൻ ശ്രമിച്ചപ്പോൾ രണ്ടാമത്തെയാളെ അധ്യക്ഷപദവിയിലെത്തിക്കാൻ എട്ടുപേർ പിന്തുണച്ചതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആരും ബിജെപിയിൽ ചേർന്നിട്ടില്ല -അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്തും -മുഖ്യമന്ത്രി
ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താൻ തക്കംപാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ചാട്ടമാണ് മറ്റത്തൂരിൽ കണ്ടത്. കേരളം പരിചയിച്ച രാഷ്ട്രീയക്കാഴ്ചയല്ല ഇത്. സംസ്ഥാനത്ത് പലയിടത്തും ബിജെപി-കോൺഗ്രസ് നീക്കുപോക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റത്തൂരിൽ സംഭവിച്ചതെന്ത്?
മറ്റത്തൂർ (തൃശ്ശൂർ): രാഷ്ട്രീയകേരളത്തിൽ തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ എന്ന പഞ്ചായത്താണ് രണ്ടുദിവസമായി പ്രധാന ചർച്ചാകേന്ദ്രം. മറ്റത്തൂരിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രകമ്പനം തീർന്നിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ ശക്തിപ്രാപിക്കുകയാണ്. ഇവിടെ കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കുകയായിരുന്നു. ഭരണസമിതിയുടെ ഭാവി എന്താണെന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ മറ്റത്തൂരിൽ പ്രശ്നങ്ങളായിരുന്നു. ഡിസിസിയിൽ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ മത്സരിക്കാനിറങ്ങിയ രണ്ടുപേർക്കെതിരേ നടപടിയെടുത്തു. എന്നാൽ ഇവർ രണ്ടുപേരും ജയിച്ചതോടെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു. ഇതിൽ ഒരാളായ കെ.ആർ. ഔസേഫിനെ പാർലമെന്ററി പാർട്ടി നേതാവാക്കാനായിരുന്നു ധാരണ. എന്നാൽ ബിജെപിയുമായി രഹസ്യധാരണയോടെ ഭരണം പിടിക്കാനുള്ള നീക്കത്തിൽ എതിർപ്പുമായി ഔസേഫ് ഇടതുപക്ഷത്തേക്കെത്തി.
ഏറെക്കാലമായി ഇടതുപക്ഷത്തിന്റെ പക്കലുള്ള പഞ്ചായത്തിലെ ഭരണവിരുദ്ധവികാരം മുതലെടുക്കാൻ കോൺഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിച്ചു. നാലുദിവസം മുൻപുതന്നെ ഈ വിഭാഗവും ബിജെപിയും തമ്മിൽ ചർച്ചകൾ നടന്നെന്ന് ബിജെപി പഞ്ചായത്തംഗംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
24 അംഗ പഞ്ചായത്തിൽ എൽഡിഎഫ്-10, യുഡിഎഫ്- 8, ബിജെപി- 4, യുഡിഎഫ് വിമതർ-2 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടുവിമതരെയും മുൻനിർത്തിയായിരുന്നു മത്സരം. കോൺഗ്രസിന്റെ എട്ടും ബിജെപിയുടെ മൂന്നും വോട്ടുകൾ കിട്ടിയതോടെ കോൺഗ്രസ് വിമത ടെസി ജോസ് ജേതാവായി. വൈസ് പ്രസിഡന്റായും കോൺഗ്രസ് അംഗമാണ് ജയിച്ചത്. പാർട്ടി അംഗത്വം രാജിവെക്കുന്നെന്ന് ഇവരെല്ലാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ഇവരെയും നീക്കത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കളെയും പുറത്താക്കി.
കെ.ആർ. ഔസേഫ് സ്ഥാനമോഹിയായി കോൺഗ്രസിനെ വഞ്ചിച്ച് എൽഡി എഫിനൊപ്പം ചേർന്ന് പ്രസിഡൻറാവാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് അംഗങ്ങളും പ്രാദേശിക നേതാക്കളും ആരോപിക്കുന്നു. ജില്ലാ നേതൃത്വത്തോട് മറ്റത്തൂരിലെ ബിജെപിയുമായി ധാരണ ഉണ്ടാക്കാൻ കൂടെ നിൽക്കണമെന്ന് ഒരു ജില്ലാ നേതാവ് ആവശ്യപ്പെട്ടപ്പോഴാണ് എൽഡിഎഫുമായി ധാരണയ്ക്ക് നീങ്ങിയതെന്നാണ് കെ.ആർ. ഔസേഫിന്റെമറുപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










