കല്പറ്റ: സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നതിൽ പോലീസ് മികച്ച മാതൃകയാണെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് ചേർത്തുനിർത്തുന്ന സമീപനമാണ് പോലീസിൻ്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. സർവീസിലിരിക്കെ മരിച്ച പോലീസുകാരുടെ കുടുംബത്തെ സഹായിക്കുന്നതിനുള്ള സഹായനിധി വിതരണവും സർവീസിൽനിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവർക്കുള്ള അനുമോദനവും പോലീസ് ഉദ്യോഗസ്ഥർക്ക് വയനാട് ജില്ലാ പോലീസ് സഹകരണസംഘം നൽകുന്ന ഡയറി, കലണ്ടർ എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. കെപിഒഎ ജില്ലാ പ്രസിഡൻ്റ് എം.എ. സന്തോഷ് അധ്യക്ഷതവഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി മുഖ്യാതിഥിയായി.
സർവീസിലിരിക്കെ മരിച്ച സി.എ. അശോകൻ്റെ കുടുംബത്തിന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് സമാഹരിച്ച 9,60,750 രൂപയും കേരള പോലീസ് ഹൗസിങ് സഹകരണസംഘത്തിൻ്റെ സഹായധനമായ 5,38,351 രൂപയും മന്ത്രി കൈമാറി. സർവീസിലിരിക്കെ മരിച്ച സനീഷ് സിറിയക്കിന്റെ കുടുംബത്തിന് പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് സമാഹരിച്ച 9,70,500 രൂപയും ഹൗസിങ് സഹകരണ സംഘത്തിന്റെ 21,449 രൂപയും കൈമാറി. സനീഷിന്റെ എറണാകുളം സൊസൈറ്റിയിലുണ്ടായിരുന്ന അഞ്ചുലക്ഷം ലോൺ എഴുതിത്തള്ളിയിരുന്നു. 31-ന് സർവീസിൽനിന്ന് വിരമിക്കുന്ന ഡിഎച്ച്ക്യുവിലെ എസ്ഐ സി.കെ. രവി, എസ്സിപിഒ പി.കെ. ചന്ദ്രൻ എന്നിവർക്ക് യാത്രയയപ്പും നൽകി.
പോലീസ് സഹകരണസംഘം ജില്ലാ പ്രസിഡൻ്റ് കെ.എം. ശശിധരൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി.ജി. സതീഷ് കുമാർ, ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സി. സജീവ്, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










