കൊയിലാണ്ടി: മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി പെരുവട്ടൂർ കൊളപ്പള്ളി ബാബുവിന് ഫോക്ലോർ അക്കാദമി അവാർഡ്. കേരള ഫോക്ലോർ അക്കാദമിയുടെ 2023 വർഷത്തെ അവാർഡാണ് ബാബുവിന് നൽകുന്നത്. നൂലലങ്കാര കലയുടെ പ്രചാരണത്തിനായി ശില്പശാലകളും ക്ലാസുകളും പ്രദർശനവും നടത്തുന്ന കലാകാരനാണ് ബാബു.
ട്രിമ്മിങ്ങ്സ് എന്ന നൂലലങ്കാര കലയെ ജനകീയമാക്കുന്നതിലും ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിലും ബാബു വലിയ സംഭാവന നൽകിയിട്ടുണ്ട്. തിളങ്ങുന്ന നൂലുകൊണ്ട് വസ്ത്രങ്ങളിലെ അലങ്കാരങ്ങളും തൊങ്ങലുകളും വൈവിധ്യമാർന്ന ആഭരണങ്ങളും നിർമിക്കുന്ന കലാവിഷ്‌കാരമാണ് ട്രിമ്മിങ്ങ്സ്. രാജാക്കൻമാർ, സൈനിക മേധാവികൾ, പ്രഭുക്കൾ എന്നിവരുടെ പരമ്പരാഗത വേഷവിധാനങ്ങളെ ആകർഷകമാക്കുന്നതിൽ നൂലലങ്കാരങ്ങൾക്ക് വലിയപ്രാധാന്യമുണ്ട്. കൂടുതലും യൂറോപ്യൻ രാജ്യങ്ങളിലാണ് ഈ കലാരൂപം കൂടുതലായി കാണുന്നത്.
ചെറുപ്രായത്തിൽ തന്നെ ഇരിങ്ങൽ ശാലിയത്തെരുവിൽ തുണിനെയ്ത്ത് പരിശീലിച്ചതു മുതൽ തുടങ്ങിയതാണ് ബാബുവിന് നൂലുമായുള്ള ബന്ധം. അപ്രതീക്ഷിതമായാണ് നൂലലങ്കാരമെന്ന പുതിയമേഖലയെ പരിചയപ്പെടുന്നത്. ഇരുപത്തിനാലാം വയസ്സിൽ മുംബൈയിലെത്തിയ ബാബു തുണിമിൽ ഉടമ വിക്രം ഹൗജയെയും ഭാര്യ ജർമൻകാരി മീര ഹൗജയെയും പരിചയപ്പെട്ടു.
അവരിൽനിന്നാണ് കൈകൊണ്ട് നിർമിക്കുന്ന ട്രിമ്മിങ്ങ്സിനെ ക്കുറിച്ച് മനസ്സിലാക്കുന്നത്. തുടർന്ന് ഈ വിഷയത്തിൽ പഠനവും ഗവേഷണവുമായി നാടുചുറ്റി. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഈജിപ്‌ത്, തായ്‌ലാൻഡ്, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ മുഴുവനും സഞ്ചരിച്ച് അവിടങ്ങളിലെ പരമ്പരാഗത നൂലലങ്കാര കലയെ കൂടുതൽ അറിഞ്ഞു.
ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് ട്രിമ്മിങ്സ്, വെൻഡി കുഷിങ് പാസെന്ററി, എമേഴ്‌സൺ നെൽമാസ്, വിൻ്റ് സോർ ട്രിമ്മിങ്സ് ആൻഡ് സേവിഞ്ച് പാസ്മെൻ്ററി തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്ത് പഠനം നടത്തി. പരമ്പരാഗത നെയ്ത്തു ഗ്രാമങ്ങളിലെ കൈത്തറി തൊഴിലാളികൾക്ക് ഈ രംഗത്ത് പരിശീലനം നൽകിയാൽ ഈ മേഖലയ്ക്ക് മുന്നേറാനാവുമെന്ന് ഇദ്ദേഹം പറയുന്നു. കൈത്തറി ഗ്രാമമായ ഇരിങ്ങലിലെ നെയ്ത്‌ത് തൊഴിലാളികൾക്ക് പരിശീലനം നൽകി. അവരെ കൊണ്ടാണ് നൂലലങ്കാര ഉത്പന്നങ്ങൾ ബാബു നിർമിക്കുന്നത്. വിവിധ തരം നൂലലങ്കാര ഉത്പന്നങ്ങൾ നിർമിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ബാബു കയറ്റി അയക്കുന്നുണ്ട്.
പോണ്ടിച്ചേരി സർവകലാശാല, മലയാള സർവകലാശാല എന്നിവിടങ്ങളിൽ നൂലലങ്കാര കലയുമായി ബന്ധപ്പെട്ട് ക്ലാസുകളും, പ്രദർശനങ്ങളും ബാബു നടത്തിയിട്ടുണ്ട്. കൈത്തറി രംഗത്ത് ചെറിയ വരുമാനം മാത്രം ലഭിച്ചിരുന്ന നിരവധി തൊഴിലാളികൾക്ക് ഇദ്ദേഹം നൂലലങ്കാരകലയിൽ പരിശീലനം നൽകി.
ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാർക്ക് വിവിധങ്ങളായ കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലും ബാബു പരിശീലനം നൽകുന്നുണ്ട്. ഈ കലാരൂപത്തെപ്പറ്റി ഗവേഷണം നടത്തുന്നതിന് കാലിക്കറ്റ് സർവകലാശാലയ്ക്കുവേണ്ടി ഇദ്ദേഹം സിലബസ് തയ്യാറാക്കി നൽകിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










