തിരുവനന്തപുരം: അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ആർ.ശ്രീലേഖ. സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയ ശ്രീലേഖ, ഇരിപ്പിടമില്ലാതെ പിൻനിരയിലേക്കു മാറാൻ ശ്രമിച്ചു. ഉടൻതന്നെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥിനു സമീപം അവർക്ക് ഇരിപ്പിടം ഒരുക്കിക്കൊടുത്തു.
മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശ്രീലേഖ കൗൺസിൽ ഹാൾ വിട്ട് പുറത്തേക്കുപോയി. ഒരു പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനാണു പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന്‍റെ സമയത്ത് തിരികെയെത്തിയ ശ്രീലേഖ, അതൃപ്തി വ്യക്തമാക്കുന്ന തരത്തിലാണ് കൗൺസിൽ ഹാളിലും നേതാക്കളോടും പെരുമാറിയത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്വീകരണത്തിനു ശേഷം മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും നേരേ പോയത് ആർ.ശ്രീലേഖയുടെ വീട്ടിലേക്കാണ്. പ്രതിഷേധത്തിന്റെ മഞ്ഞുരുക്കുകയും ഒപ്പംനിർത്തുകയുമായിരുന്നു ലക്ഷ്യം. സ്ഥാനമേറ്റ ശേഷം പ്രമുഖരെ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശ്രീലേഖയെ കാണാനെത്തിയതെന്നാണ് രാജേഷ് പറഞ്ഞത്.
പദവി പരിഗണനയിൽ
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനൊപ്പം പരിഗണിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് ബിജെപി പുതിയ പദവി നൽകിയേക്കും. പാർട്ടിയുടെ ഭാരവാഹിസ്ഥാനങ്ങൾക്കുപുറത്ത് ഏതെങ്കിലും പദവിയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.
മേയർസ്ഥാനം ആർക്കുനൽകണമെന്നതിൽ നേതാക്കൾ രണ്ടുതട്ടിലായിരുന്നു. മേയർസ്ഥാനം ശ്രീലേഖയ്ക്ക് നൽകണമെന്ന് ഒരു വിഭാഗം നിലപാടെടുത്തെങ്കിലും മറ്റൊരു വിഭാഗം മുതിർന്ന നേതാക്കളും ആർഎസ്എസും വി.വി. രാജേഷിനായി നിലകൊണ്ടതോടെ ശ്രീലേഖ പുറത്തായി. ഇതോടെയാണ് അവർക്ക് മുന്തിയ പരിഗണന നൽകണമെന്ന വാദം ശക്തമായത്. പദവി ബിജെപി കേന്ദ്രഘടകം തീരുമാനിക്കും.
2024 ഒക്ടോബറിലാണ് ശ്രീലേഖ ബിജെപിയിൽ ചേർന്നത്. രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായശേഷം നടന്ന പുനഃസംഘടനയിൽ അവരെ വൈസ് പ്രസിഡന്റാക്കി. രാഷ്ട്രീയരംഗത്ത് കൂടുതൽ പ്രവർത്തനപാരമ്പര്യമുള്ളയാൾ മേയറായാൽ മതിയെന്ന് ആർഎസ്എസ് നിലപാട് കടുപ്പിച്ചതോടെയാണ് ശ്രീലേഖ പുറത്തായത്. ബിജെപിക്ക് വിജയപ്രതീക്ഷയുള്ള നിയമസഭാമണ്ഡലമായ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കുന്നതും പാർട്ടിയുടെ പരിഗണനയിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















