തിരുവനന്തപുരം/ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT), മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും വെളിപ്പെടുത്തിയ 'ഡി മണി' എന്ന വ്യക്തിയെ ചെന്നൈയിൽ കണ്ടെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. 'ദാവൂദ് മണി' എന്നും അറിയപ്പെടുന്ന ഇയാളുടെ യഥാർത്ഥ പേര് മറ്റൊന്നാണെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
രമേശ് ചെന്നിത്തല നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെയാണ് എസ്ഐടി അയച്ചത്. കുറച്ചു ദിവസങ്ങളായി അവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്താനായത്. ഡി മണി എന്നത് ഒരു വിളിപ്പേര് മാത്രമാണ്. യഥാർത്ഥ പേര് അന്വേഷണ സംഘം രഹസ്യമായി വെച്ചിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഡി മണിക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെയും വിദേശ വ്യവസായിയുടെയും ആരോപണം.
ഡി മണി ഒരു വിഗ്രഹ വ്യാപാരിയാണെന്നും ഇവർ തമ്മിലുള്ള ഇടപാടുകൾക്ക് താൻ സാക്ഷിയാണെന്നും വിദേശ വ്യവസായി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ, ഈ ഇടപാടുകൾ ശബരിമലയിലെ സ്വർണ ഉരുപ്പടികളുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.
നിലവിൽ പ്രാഥമികമായ ചോദ്യം ചെയ്യൽ മാത്രമാണ് നടന്നിട്ടുള്ളതെന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും എസ്ഐടി അറിയിച്ചു. ഈ സ്വർണക്കൊള്ളയിൽ ഡി മണിക്ക് നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഡി മണിയുടെ പങ്കാളിത്തം തെളിയിക്കപ്പെട്ടാൽ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം.
അന്വേഷണം മന്ദഗതിയിലാണെന്നും സർക്കാർ ഇടപെടലുകൾ ഉണ്ടെന്നും ആരോപിച്ച് കേസന്വേഷണത്തിന് കോടതിയുടെ മേൽനോട്ടമോ സിബിഐ അന്വേഷണമോ വേണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഡി മണിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















