കൊച്ചി: എത്രയുംവേഗം പള്ളിയിലെത്തണം, കരോൾ സംഘത്തിനൊപ്പം കൂടണം, കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ക്രിസ്മസ് മനോഹരമാക്കണം. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ആ രാവിൽ കാറോടിച്ചുപോകുമ്പോൾ ഇതായിരുന്നു ഡോക്ടർ ദമ്പതിമാരായ തോമസിന്റെയും ദിദിയയുടെയും മനസ്സിൽ. പക്ഷേ, തെക്കൻ പറവൂരിലെ സെയ്ന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് എത്തുന്നതിന് കുറച്ചുമുൻപ് റോഡിൽ വാഹനക്കുരുക്കിൽപ്പെട്ടപ്പോഴാണ് അവർ ആ ദൃശ്യം കണ്ടത്. റോഡിൽ ഒരാൾ രക്തം വാർന്ന് കിടക്കുന്നു, സമീപത്ത് തകർന്ന ഒരു ബൈക്കും. അതിവേഗം കാറിൽ നിന്നിറങ്ങിയപ്പോഴാണ് റോഡിന്റെ മറുവശത്ത് മറ്റൊരാൾ അതിനെക്കാൾ ഗുരുതരമായ അവസ്ഥയിൽ രക്തംവാർന്ന് കിടക്കുന്നതു കണ്ടത്. പരിക്കേറ്റയാളുടെ കഴുത്ത് പ്രത്യേക രീതിയിൽ പിടിച്ച് ഒരാൾ പരിചരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി അയാളും ഒരു ഡോക്ടറാണെന്ന്. പിന്നെ റോഡിൽ വെച്ചുതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് സമാനമായ കാര്യങ്ങൾ ചെയ്ത് ആ ഡോക്ടർമാർ അയാളുടെ ജീവൻ രക്ഷിച്ചു.
ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിനുള്ള യാത്രയ്ക്കിടെ വിലപ്പെട്ട ഒരു ജീവന്റെ തിരുപ്പിറവി സാധ്യമാക്കുമ്പോൾ തെക്കൻ പറവൂർ കുന്നിയിൽ വീട്ടിൽ ഡോ. തോമസ് പീറ്ററും ഭാര്യ ഡോ. ദിദിയ തോമസും പറഞ്ഞത് ഒന്നുമാത്രം, “ആദ്യത്തെ ക്രിസ്മസിന് ഞങ്ങൾക്കു കിട്ടിയ അമൂല്യമായ സമ്മാനമാണ് ഈ ജീവൻ”.
എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്ററും ദിദിയ തോമസും കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. ബി. മനൂപിനൊപ്പം ചേർന്ന് രക്ഷിച്ചത് കൊല്ലം പുന്നല സ്വദേശി ലിനു ഡെന്നിസി (40) ന്റെ ജീവനാണ്. ഞായറാഴ്ച രാത്രി ഉദയംപേരൂർ കവലയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ലിനുവിനാണ് മൂന്ന് ഡോക്ടർമാരും ചേർന്ന് അദ്‌ഭുതകരമായ ശസ്ത്രക്രിയ നടത്തിയത്. തോമസും ദിദിയയും എത്തുന്നതിന് തൊട്ടുമുൻപ് അപകടം കണ്ടാണ് മനൂപും കാർ നിർത്തി ഇറങ്ങിയത്. ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ ലിനുവിന്റെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി അതിലൂടെ ജ്യൂസിന്റെ സ്‌ട്രോ തിരുകിയാണ് ഡോക്ടർമാർ അയാൾക്ക് ജീവവായു നൽകിയത്.
ഒരു നിയോഗംപോലെയാകാം തങ്ങൾ അവിടെയെത്തിയതെന്ന് തോമസ് പറയുന്നു. “ഈ വർഷം മേയ് മാസത്തിലാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. ഞങ്ങൾ ഒരുമിച്ചശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിന് തെക്കൻ പറവൂരിലെ പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടം കണ്ടത്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽനിന്ന് റോഡിൽ വെച്ച് ശസ്ത്രക്രിയ പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് വലിയ റിസ്കായിരുന്നു. പക്ഷേ, ഒരു ജീവൻ രക്ഷിക്കുക എന്നതിനപ്പുറം മറ്റൊന്നും ആ നേരത്ത് ഞങ്ങൾ ചിന്തിച്ചില്ല” - അപകടം നടന്ന സ്ഥലത്തെ കപ്പേളയുടെ മുന്നിൽനിന്ന് തോമസും ദിദിയയും സംസാരിക്കുമ്പോൾ ഒരാൾ അരികിലെത്തി. അവരുടെ നേരേ കൈകൂപ്പി നിറഞ്ഞ കണ്ണുകളോടെ അയാൾ പറഞ്ഞു, “ഞാൻ ഷിജു, ലിനുവിന്റെ സഹോദരനാണ്. ആശുപത്രിയിൽനിന്നാണ് വരുന്നത്. കൂടപ്പിറപ്പിന്റെ ജീവൻരക്ഷിച്ച നിങ്ങളോട് ഞങ്ങൾ എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക...”
വിലപ്പെട്ട ഒരു ജീവന്റെ തിരുപ്പിറവി സാധ്യമാക്കുമ്പോൾ അവർ പറഞ്ഞത് ഒന്നുമാത്രം, “ആദ്യത്തെ ക്രിസ്മസിന് ഞങ്ങൾക്കു കിട്ടിയ അമൂല്യമായ സമ്മാനമാണ് ഈ ജീവൻ”. എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരാണ് തെക്കൻ പറവൂർ കുന്നിയിൽ വീട്ടിൽ ഡോ. തോമസ് പീറ്ററും ഭാര്യ ഡോ. ദിദിയാ തോമസും. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസറാണ് ഡോ. ബി. മനൂപ്.
സിനിമയിൽ കണ്ടു, ജീവിതത്തിൽ സംഭവിച്ചു
കൊച്ചി: ഒരു ജീവൻ രക്ഷിക്കാൻ മൂന്നു ഡോക്ടർമാർ ചെയ്തത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ. ഹോളിവുഡ് സിനിമയായ നോബഡി, തമിഴ് സിനിമയായ മെർസൽ, വെബ് സീരീസായ ഗുഡ് ഡോക്ടർ തുടങ്ങിയവയിലൊക്കെ കണ്ട രംഗങ്ങളാണ് ഇപ്പോൾ യഥാർഥ ജീവിതത്തിലും സംഭവിച്ചത്. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ, റോഡിൽവെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അവർ വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ചത്. ഡോക്ടർ ദമ്പതിമാരായ തോമസ് പീറ്ററും ദിദിയാ തോമസും ഡോ. ബി. മനൂപും ‘മാതൃഭൂമി’യോട് സംസാരിക്കുന്നു.
ബ്ലേഡും സ്ട്രോയും കൊണ്ടൊരു ശസ്ത്രക്രിയ
“ഗുരുതരമായ പരിക്കില്ലാത്ത ഒരാൾ റോഡിൽനിന്ന് പതുക്കെ എഴുന്നേറ്റു പോകുന്നത് കണ്ടു. മറ്റൊരാൾ റോഡിനു നടുവിൽ മലർന്ന് കിടപ്പുണ്ടായിരുന്നു. വായിൽനിന്ന് രക്തം വാർന്നു കിടക്കുമ്പോഴും അയാൾ സംസാരിക്കുന്നുണ്ടായിരുന്നു. അതോടെ അയാൾക്ക് ശ്വാസതടസ്സങ്ങളില്ലെന്ന് മനസ്സിലായി” - ഡോ. തോമസും ദിദിയയും പറഞ്ഞു.
ആംബുലൻസ് വന്നപ്പോൾ സ്പൈനൽ ബോർഡ് കൊണ്ടുവന്ന് രണ്ടാമത്തെയാളെ നട്ടെല്ലിന് ക്ഷതമേൽക്കാതെ അതിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, റോഡിൽ കിടന്നിരുന്ന മൂന്നാമത്തെ ആൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അയാളുടെ ശ്വാസകോശത്തിൽ മണ്ണും രക്തവും കലർന്ന് ശ്വസനം തടസ്സപ്പെട്ടിരുന്നു. ഗാസ്പിങ് എന്ന് മെഡിക്കൽ ഭാഷയിൽ പറയുന്ന ഈ അവസ്ഥയിലുള്ളയാൾക്ക് എത്രയും പെട്ടെന്ന് ശ്വസിക്കാൻ അവസരമൊരുക്കലാണ് ജീവൻ രക്ഷിക്കാനുള്ള മാർഗം. കൃത്രിമമായ ഒരു ശ്വസനരീതി ഉണ്ടാക്കലാണ് അവിടെ വേണ്ടിയിരുന്നത്. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ചെയ്യേണ്ട ഈ കാര്യം റോഡിൽവെച്ചുതന്നെ ചെയ്യാൻ മൂന്നു ഡോക്ടർമാരും ചേർന്ന് തീരുമാനമെടുത്തു. കഴുത്തിൽ ആഡംസ് ആപ്പിൾ എന്ന ഭാഗത്തിന് തൊട്ടുതാഴെ ക്രിക്കോയ്ഡ് എന്ന ഭാഗത്തുകൂടി ശ്വാസം നൽകാനായിരുന്നു ഞങ്ങളുടെ ശ്രമം. അതിനായി ക്രിക്കോയ്ഡിന്റെ ഭാഗത്തെ തൊലിയിലും അതിനുതാഴെയുള്ള കാർട്ട്‌ലേജിലും അതിനും താഴെയുള്ള മെംബ്രെയ്‌നിലും ദ്വാരമുണ്ടാക്കി.
“ചുറ്റും കൂടിനിന്നവരോട് ബ്ലേഡും ഗ്ലൗസും സ്‌ട്രോയുമാണ് ഞങ്ങൾ ചോദിച്ചത്. ഗ്ലൗസ് കിട്ടിയില്ലെങ്കിലും ആരോ തന്ന ബ്ലേഡ് ഉപയോഗിച്ച് ഞങ്ങൾ കഴുത്തിൽ ദ്വാരമിട്ടു. അതിനുശേഷം സ്‌ട്രോ തിരുകിയപ്പോഴേക്കും അയാൾക്ക് തടസ്സപ്പെട്ട ശ്വാസം പതുക്കെ എടുക്കാനായി. എന്നാൽ ആ പേപ്പർ സ്‌ട്രോ രക്തത്തിൽ കുതിർന്ന് അലിയാൻ തുടങ്ങി. അതോടെ അതുമാറ്റി ജ്യൂസ് പാക്കറ്റിലെ പ്ലാസ്റ്റിക് സ്‌ട്രോ ഇട്ടു. ശ്വാസതടസ്സം നീക്കിയപ്പോഴേക്കും ആംബുലൻസ് വന്നിരുന്നു. -അവർ പറഞ്ഞു.
ആ ജീവൻ രക്ഷിച്ചത് ടീം വർക്ക് -ഡോ. മനൂപ്
കൊച്ചിയിൽനിന്ന് സൈക്ലിങ് റേസ് കഴിഞ്ഞ് കോട്ടയത്തേക്ക് കാറിൽ വരുമ്പോഴായിരുന്നു ഡോ. ബി. മനൂപ് ഈ അപകടം കാണുന്നത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും ഹൃദയശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ടി.കെ. ജയകുമാർ എപ്പോഴും പറയുന്ന ‘വെൻ ഇൻ എമർജൻസി, നെവർ ഹെസിറ്റേറ്റ്’ എന്ന വാക്കുകളാണ് അപ്പോൾ മനസ്സിലേക്കു വന്നതെന്ന് ഡോ. മനൂപ് പറയുന്നു.
“ആരോ ബ്ലേഡ് കൊണ്ടുവന്നു. പോലീസാണ് സ്‌ട്രോ കൊണ്ടുവന്നത്. ലിനുവിന്റെ കഴുത്തിൽ മൂന്നു സെന്റിമീറ്റർ മുറിവുണ്ടാക്കി. സ്‌ട്രോ ഇട്ട് ശ്വാസം നൽകി. നാലു മിനിറ്റുകൊണ്ട് പ്രക്രിയ പൂർത്തിയാക്കി. അപ്പോഴേക്കും ആംബുലൻസ് എത്തി. ടീം വർക്കാണ് ആ യുവാവിന്റെ ജീവൻ രക്ഷിച്ചത്” - ഡോ. മനൂപ് പറഞ്ഞു.
രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുംവരെ ആംബുലൻസിൽ ഡോ. മനൂപ് സ്ട്രോയിലൂടെ ശ്വാസം നൽകിക്കൊണ്ടിരുന്നു. എറണാകുളം വെൽകെയർ ആശുപത്രിയിൽ ചികിത്സയിലാണ് പരിക്കേറ്റ ലിനു ഇപ്പോൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












